| Saturday, 6th July 2024, 6:42 pm

ആ മണിരത്‌നം സിനിമ പോലൊരു റൊമാന്റിക് ചിത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ ആരും എന്നെ അതിന് വിളിക്കുന്നില്ല: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമയിലെ അഭിനയത്തിന് ഒരുപാട് പഴികേട്ട നടനാണ് ഫഹദ് ഫാസില്‍. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറുകയായിരുന്നു. തിരിച്ചുവരവില്‍ രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം തെണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ദേശീയ അവാര്‍ഡും നേടി.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും, തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചു. അല്ലു അര്‍ജുന്‍- സുകുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന പുഷ്പ, കമല്‍ ഹാസന്‍- ലോകേഷ് കനകരാജ് ഒന്നിച്ച വിക്രം എന്നീ സിനിമയിലും താരം മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആവേശത്തിലൂടെ തന്റെ ബോക്‌സ് ഓഫീസ് പവറും വ്യക്തമാക്കി.

റൊമാന്റിക് സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് ഇപ്പോഴും താത്പര്യമുണ്ടെന്ന് പറയുകയാണ് താരം. മണിരത്‌നം സംവിധാനം ചെയ്ത ക്ലാസിക് റൊമാന്റിക് ചിത്രം മൗനരാഗത്തിന്റെ മോഡേണ്‍ വെര്‍ഷന്‍ തനിക്ക് ചെയ്താല്‍ കൊള്ളാമെന്ന് ഫഹദ് പറഞ്ഞു. ലോകം മാറിയതുകൊണ്ട് അതുപോലൊരു സിനിമ ചെയ്യുന്നത് ഇപ്പോള്‍ സാധ്യമല്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

‘റൊമാന്റിക് സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഇപ്പോഴും താത്പര്യമുണ്ട്. സാധാരണ ലവ് സ്‌റ്റോറി പോലെയൊന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത മൗനരാഗത്തിന്റെ മോഡേണ്‍ വെര്‍ഷന്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അതില്‍ ഒരുപാട് കോംപ്ലിക്കേഷന്‍സ് ഉണ്ട്. ഒന്നാമത്തെ പ്രശ്‌നം സൊസൈറ്റി അന്നത്തെ കാലത്തില്‍ നിന്ന് ഒരുപാട് മാറി.

ആ സിനിമയില്‍ കാണിക്കുന്നത് പോലെ ഒരു കല്യാണം ഇപ്പോള്‍ വര്‍ക്കാകില്ല. അതെല്ലാം ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യിക്കുക എന്നത് ഇപ്പോള്‍ വലിയ ടാസ്‌കാണ്. അതുപോലെ റെവല്യൂഷണറിയായിട്ടുള്ള എന്തെങ്കിലും വേഷം ചെയ്യണമെന്നും എനിക്ക് വലിയൊരു ആഗ്രഹമുണ്ട്. ഇതിലെ പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വെച്ചാല്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എന്നെ ആരും വിളിക്കാറില്ല എന്നതാണ്,’ ഫഹദ് ഫാസില്‍ പറഞ്ഞു.

Content Highlight: Fahad Faasil saying that he wish to do the modern version of Mouna Ragam movie

Latest Stories

We use cookies to give you the best possible experience. Learn more