|

ആക്റ്റിങ്ങൊന്നും വീട്ടില്‍ വേണ്ടെന്ന് നസ്രിയ പറയും, അവള്‍ ഇടക്കിടക്ക് ഷമ്മിയെ കാണാറുണ്ട്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ബാഗ്ലൂര്‍ ഡേയ്‌സ്, ട്രാന്‍സ് മുതലായ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. വീട്ടിലും സെറ്റിലുമുള്ള നസ്രിയയെ പറ്റി സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. രണ്ട് സ്ഥലങ്ങളിലും നസ്രിയ ഒരാള്‍ തന്നെയാണെന്നും വീട്ടിലും അഭിനയിക്കുന്നത് താനാണെന്നും ദി ക്വിന്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

‘നസ്രിയക്കൊപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടിയത് ഭാഗ്യമാണ്. എനിക്ക് കൂടുതല്‍ എക്‌സ്പ്‌ളോര്‍ ചെയ്യാനുള്ള സ്‌പേസ് നസ്രിയ തരുന്നുണ്ട്. സെറ്റിലും വീട്ടിലും അവള്‍ ഒരാള്‍ തന്നെയാണ്,’ ഫഹദ് പറഞ്ഞു.

‘വീട്ടില്‍ ആക്റ്റ് ചെയ്യരുതെന്ന് നസ്രിയ പറയാറുണ്ട്. അവള്‍ വീട്ടില്‍ ആക്റ്റ് ചെയ്യില്ല. എന്നോടാണ് അങ്ങനെ പറയാറുള്ളത്. ഷമ്മിയെ ഇടക്കിടക്ക് വീട്ടില്‍ കാണാറുണ്ടെന്ന് അവള്‍ പറയാറുണ്ട്. സ്റ്റോപ്പ് ആക്റ്റിങ്ങെന്ന് പറയും. അത് നല്ലതാണോ മോശമാണോ എന്നെനിക്ക് അറിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയന്‍കുഞ്ഞാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ഫഹദിന്റെ ചിത്രം. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് മഹേഷ് നാരായണനായിരുന്നു. മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ച് തന്ന ചിത്രത്തിന് സംഗീതം നല്‍കിയത് എ.ആര്‍. റഹ്മാനായിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് മലയന്‍കുഞ്ഞിലൂടെ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തിയത്.

നാനി നായകനായ അണ്ടേ സുന്ദരാനികിയാണ് നസ്രിയയുടെ ഒടുവില്‍ പുറത്ത് വന്ന ചിത്രം. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് എത്തിയത്.

Content Highlight: Fahad faasil said that Nazriya is the same person in set and home and he is the one who acts at home as well