അഭിനയത്തിന് പുറമെ സിനിമാ നിർമാണവും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ. പ്രൊഡ്യൂസ് ചെയ്യാൻ സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഇപ്പോൾ.
മലയൻകുഞ്ഞ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയിക്കുമെന്നുറപ്പായ ഒരു പടം ഞാൻ പ്രൊഡ്യൂസ് ചെയ്യുന്നതിൽ യാതൊരുകാര്യവുമില്ലെന്നും, എനിക്ക് ആർക്കും ഉത്തരങ്ങൾ നൽകാൻ താല്പര്യമില്ലെന്നും ആ തീരുമാനം കൊണ്ടാണ് ഞാൻ പ്രൊഡക്ഷനിലേക്ക് വന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സിനിമ വിജയിക്കുമെന്ന് ഉറപ്പും വിശ്വാസവുമുള്ളപ്പോഴല്ലേ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിക്കുക എന്ന ചോദ്യത്തിന് ഞാൻ അങ്ങനെയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘വിജയിക്കുമെന്നുറപ്പായ ഒരു പടം ഞാൻ പ്രൊഡ്യൂസ് ചെയ്യുന്നതിൽ യാതൊരുകാര്യവുമില്ല. കാരണം എനിക്ക് ആരോടും മറുപടി പറയണ്ടല്ലോ. എനിക്ക് യാതൊരു വിധ കടപ്പാടുമുണ്ടാകില്ല. ഞാൻ ചെയ്യാറുള്ള സിനിമകളിൽ ധാരാളം റിസ്ക് ഉണ്ടാകാറുണ്ട്. ഇത് വർക്ക് ആകുമോ എന്ന ടെൻഷൻ ഉണ്ടാകാറുണ്ട്. മറ്റൊരാളോട് ഉത്തരം പറയേണ്ടി വരിക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്നം.
എനിക്ക് ആർക്കും ഉത്തരങ്ങൾ നൽകാൻ താല്പര്യമില്ല. ആ തീരുമാനം കൊണ്ടാണ് ഞാൻ പ്രൊഡക്ഷനിലേക്ക് വന്നത്. ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്യുമ്പോൾ കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നതുപോലെ തോന്നാറുണ്ട്. രസകരമാണത്.
ഞാൻ പ്രൊഡക്ഷൻ വർക്കുകളൊന്നും ഹാൻഡിൽ ചെയ്യാറില്ല. അതിനൊക്കെ വേറെ ആളുകളുണ്ട്. അതെങ്ങനെയാണ് നടക്കുന്നതെന്ന് പോലും എനിക്കറിയില്ല,’ ഫഹദ് പറഞ്ഞു.
നവാഗതനായ സജിമോനാണ് മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.
ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.
രജിഷ വിജയൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം റിലീസാവാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Content Highlight: Fahad Faasil reveals that he is not interested in answering anyone that’s why he is doing cinema production