| Thursday, 21st July 2022, 10:53 am

അഭിമുഖങ്ങളില്‍ അതേയതേ എന്ന് പറയുന്നതെന്തിന്; മറുപടിയുമായി ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഫഹദ് ഫാസിലിന്റെ മലയാള ചിത്രം മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ സജി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ഫാസിലാണ്.

റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ഫഹദ്. പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളില്‍ അതേയതേ എന്ന് ആവര്‍ത്തിച്ച് ഫഹദ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ച് അതേ എന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ്.

‘ചോദ്യം നിര്‍ത്താന്‍ വേണ്ടിയാണ് അതേയതേ എന്ന് പറയുന്നത്. നിങ്ങളിങ്ങനെയാണല്ലോ എന്ന ചോദ്യത്തിന് അതേയതേ എന്ന് പറയുമ്പോള്‍ എന്റെ പ്രതീക്ഷ അതോടെ ആ ചോദ്യം ഇല്ലാതാവുമെന്നാണ്. ഞാന്‍ അത്രയും നേരം അതേയതേ എന്ന് പറഞ്ഞുകഴിഞ്ഞ് ഇനി പറയൂ എന്ന് ചോദിക്കുമ്പോള്‍ ഇത്രയും നേരം ഞാന്‍ അതേയതേ എന്ന് പറഞ്ഞത് എന്തിനാണെന്ന് വിചാരിക്കും,’ ഫഹദ് പറഞ്ഞു.

മലയന്‍കുഞ്ഞിന്റെ ഷൂട്ടിനിടക്ക് നേരിട്ട വെല്ലുവിളികളെ കുറിച്ചും താരം മനസ് തുറന്നു. ‘മലയന്‍കുഞ്ഞിന്റെ ഷൂട്ടിനിടക്ക് നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. എന്നാല്‍ വിട്ടുകളയില്ല. വീണ്ടും അതിലേക്ക് തന്നെ വരും. ഇതെടുത്ത് തലയില്‍ വെച്ചല്ലോ എന്നൊക്കെ ഇടക്ക് തോന്നി. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും. പത്ത് നാല്‍പത് ദിവസം കഴിഞ്ഞപ്പോള്‍ ഓരോരുത്തര്‍ക്കും വയ്യാതായി. മഹേഷും സജിയുമൊക്കെ സഹായിച്ചതുകൊണ്ടാണ് പെട്ടെന്ന് തീര്‍ക്കാന്‍ പറ്റിയത്,’ ഫഹദ് പറഞ്ഞു.

30 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

Content Highlight: Fahad faasil explains why he repeatedly saysatheyathe in interviews

We use cookies to give you the best possible experience. Learn more