| Wednesday, 8th May 2024, 2:48 pm

രംഗയും ഷമ്മിയും തമ്മില്‍ സാമ്യമുണ്ടെന്ന് അവര്‍ പറഞ്ഞതിന്റെ കാരണം ഇതായിരിക്കാം: ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഫഹദ് ഫാസില്‍ നായകനായ ആവേശം. രംഗയെന്ന കഥാപാത്രമായി ജീവിക്കുകയാണ് ചിത്രത്തില്‍ ഫഹദ്.

ചെയ്യുന്ന കഥാപാത്രങ്ങളെ ഇനിയങ്ങോട്ട് മികച്ചതാക്കാന്‍ കഴിയില്ലെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പെര്‍ഫോമന്‍സുകളാണ് പൊതുവെ ഫഹദ് സിനിമകളില്‍ കാണാറ്. ആവേശം ഇറങ്ങിയതിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെന്ന കഥാപാത്രവുമായി ചിലര്‍ രംഗനെ താരതമ്യപ്പെടുത്തിയിരുന്നു. ചില റിവ്യൂകളില്‍ കണ്ട ഇത്തരം താരതമ്യപ്പെടുത്തലുകളെ കുറിച്ച് സംസാരിക്കുകയാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ്.

രംഗ ഷമ്മിയെ ഓര്‍മിപ്പിച്ചെന്ന് ഏതോ ഒരു റിവ്യൂവില്‍ പറയുന്നത് താന്‍ കണ്ടെന്നും ഷമ്മിയുടെ എന്ത് സ്വാധീനമാണ് രംഗയില്‍ വന്നതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.

‘രംഗ ഷമ്മിയെ ഓര്‍മിപ്പിച്ചെന്ന് ഏതോ ഒരു റിവ്യൂവില്‍ പറയുന്നത് ഞാന്‍ കണ്ടു. ഷമ്മിയുടെ എന്ത് സ്വാധീനമാണ് രംഗയില്‍ വന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്റെ നോട്ടമായിരിക്കാം.

അല്ലെങ്കില്‍ രംഗയും ഷമ്മിയും സംസാരിക്കുന്നതും പെരുമാറുന്നതും ഒരേ രീതിയിലാണെന്ന് എനിക്ക് തോന്നുന്നില്ല. ഷമ്മി ഭയങ്കര പവര്‍ ഫുള്ളായിട്ടുള്ള കഥാപാത്രമാണ്. ഇതൊന്നും മനപൂര്‍വം ചെയ്യുന്നതല്ല.

ഒരു കഥാപാത്രത്തിന്റെ അതേ മാനറിസങ്ങള്‍ മറ്റൊരു കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ കേട്ടിട്ടുണ്ട്, ഒരു സൈക്കോ കഥാപാത്രം ചെയ്ത് അതില്‍ നിന്ന് പുറത്തുവരാന്‍ വര്‍ഷങ്ങളെടുത്ത ഒരു നടനെ കുറിച്ച് വായിച്ചിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് മറ്റൊരു സിനിമ അദ്ദേഹം ചെയ്തത്.

രംഗ എന്ന കഥാപാത്രം വളരെ തീവ്രതയോടെ അവതരിപ്പിക്കേണ്ട കഥാപാത്രമാണ്. എനിക്ക് തോന്നുന്നില്ല ഷമ്മി എന്ന കഥാപാത്രത്തെ മറ്റൊരു ലെന്‍സിലൂടെയാണ് കാണിച്ചിരുന്നതെങ്കില്‍, ഇത്ര ഇംപാക്ട് ഉണ്ടാക്കുമോയെന്ന്. എന്റെ ഭാര്യയും അവരുടെ സഹോദരിയുമായി അഭിനയിച്ചിരുന്നവര്‍ ആ രീതിയില്‍ റിയാക്ട് ചെയ്തിരുന്നില്ല എങ്കില്‍ ആ രംഗങ്ങള്‍ അത്ര മികച്ചതാവുമെന്ന് ഞാന്‍ കരുതുന്നില്ല.

സുഷിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അവിടെ ഇല്ലായിരുന്നെങ്കില്‍ ഇത്ര ഇംപാക്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ വളരെ അളന്നു തിട്ടപ്പെടുത്തിയാണ് ഷമ്മി സംസാരിക്കുന്നത്. അത് ശ്യാമിന്റെ എഴുത്താണ്. അത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്‍വോള്‍വ് ചെയ്യുമ്പോള്‍ മാത്രമേ ഒരു കഥാപാത്രം നന്നാവുകയുള്ളൂ.

ഷമ്മിയുടെ സീനൊക്കെ ചെയ്ത് കഴിഞ്ഞ ശേഷം ഞാന്‍ അത് നോക്കില്ല. എഡിറ്റിങ് ടേബിളില്‍ കാണാറില്ല. ഫൈനല്‍ ആയ ശേഷം മാത്രമേ എനിക്ക് ഒരു സിനിമ എങ്ങനെ വരുമെന്ന് പ്രെഡിക്ട് ചെയ്യാന്‍ സാധിക്കുള്ളൂ.

ഷമ്മിയുടെ ചില ഷോട്ട് കണ്ടപ്പോള്‍ എല്ലാവരും എക്‌സൈറ്റഡായിയിരുന്നു. രംഗ ഷമ്മിയെ ഓര്‍മിപ്പിച്ചെന്ന് പറഞ്ഞപ്പോള്‍ എനിക്കത് മനസിലായില്ല. നോട്ടത്തിലോ മറ്റോ ആയിരിക്കില്ല. ഒരേ തരത്തിലല്ല രണ്ട് പേരും പെരുമാറുന്നതും സംസാരിക്കുന്നതും. ഷമ്മിയുടെ സ്വാധീനം എന്റെ ചില കഥാപാത്രങ്ങളില്‍ ഉണ്ടെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് മനപൂര്‍വമല്ല,’ ഫഹദ് പറഞ്ഞു.

Content Highlight: Fahad Faasil about Rangan and Shammy Character resemblence

We use cookies to give you the best possible experience. Learn more