ദിലീഷ് പോത്തന്റെ സംവിധാന മികവില്‍ ഒരുങ്ങിയ പുതിയ ചിത്രം ജോജിയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍- ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഷേക്‌സ്പിയര്‍ നോവല്‍ മാക്‌ബെത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ്.
മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷമുള്ള ദിലീഷ് പോത്തന്റെ ജോജി ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും ചിത്രം നേടിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തിന് കാരണമായ ഹിറ്റ് കോമ്പോ ആയ ഫഹദ്- ദീലീഷ്-ശ്യാം പുഷ്‌കരന്‍ ടീമിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.
ഞങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മൂന്നുപേര്‍ക്കും പരസ്പരം കൃത്യമായി അറിയാം എന്നാണ് ഫഹദ് പറയുന്നത്. ഇത് തങ്ങളില്‍ മാത്രമുള്ള കോമ്പിനേഷന്‍ അല്ലെന്നും മറ്റുള്ളവരും ഈ ടീമിന്റെ ഭാഗമാണെന്നും ഫഹദ് പറയുന്നു.
‘പ്രധാനമായും ദിലീഷിന് കൃത്യമായി അറിയാം എനിക്കെന്താണ് ചെയ്യാന്‍ കഴിയുക എന്ന്. എനിക്കറിയാം എന്താണ് ദിലീഷ് ഉദ്ദേശിക്കുന്നതെന്ന്. ഞങ്ങളെക്കൊണ്ട് എന്താണ് ചെയ്യിക്കേണ്ടതെന്ന് ശ്യാമിനും കൃത്യമായി അറിയാം. ഇത് ഇങ്ങനെയൊരു കോമ്പിനേഷന്‍ ആണ്. അത് ഞങ്ങളില്‍ മാത്രം ഉണ്ടാവുന്നതല്ല. ഇങ്ങനെ ഒരു കെമിസ്ട്രി അവരും ഷൈജു (ഷൈജു ഖാലിദ്) വുമായിട്ടുമുണ്ട്. അവരും കിരണുമായിട്ടുമുണ്ട്. ഇവരെല്ലാവരും സുഹൃത്തുക്കളാണ്. ഞങ്ങള്‍ മൂന്ന് പേരും ഇങ്ങനെ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് മൂന്ന് പേരുടെ പേര് പറയുന്നുവെന്നേ ഉള്ളു,’ ഫഹദ് പറഞ്ഞു.
ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, ഉണ്ണിമായ, ജോജി മുണ്ടക്കയം, സണ്ണി പി.എന്‍, ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് ജോജിയെന്നും മാക്ബത്ത് വായിക്കുമ്പോഴും കാണുമ്പോഴും ഉണ്ടാകുന്ന അനുഭവത്തെയാണ് ജോജി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു. തന്റെ മുന്‍ സിനിമകളുടെ പാറ്റേണല്ല, ജോജിയില്‍ പിന്തുടര്‍ന്നിട്ടുള്ളതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക