| Tuesday, 9th July 2024, 5:10 pm

അമേരിക്കയില്‍ ആഞ്ഞടിച്ച് ഫാഫ് കൊടുങ്കാറ്റ്; 36ന്റെ വീര്യത്തില്‍ പിറന്നത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടെക്സാസ് സൂപ്പര്‍ കിങ്സും വാഷിങ്ടണ്‍ ഫ്രീഡവും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ ടോസ് നേടിയ വാഷിങ്ടണ്‍ ഫ്രീഡം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടെക്സാസ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാഷിങ്ങ്ടണ്‍ ഇന്നിങ്സ് നാല് ഓവറില്‍ 62 റണ്‍സ് എത്തിനില്‍ക്കേ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

സൂപ്പര്‍ കിങ്‌സിനായി ക്യാപ്റ്റന്‍ ഫാഫ് പ്ലസ് സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 58 പന്തില്‍ 100 റണ്‍സാണ് ഫാഫ് നേടിയത്. 172.41 സ്‌ട്രൈക്ക് റേറ്റില്‍ 12 ഫോറുകളും അഞ്ച് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഫാഫ് സ്വന്തമാക്കിയത്. ടി-20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. തന്റെ 36ാം വയസിലാണ് ഡുപ്ലെസിസ് പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം നടത്തുന്നത്.

ടി-20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍, സെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍

ഫാഫ് ഡുപ്ലെസിസ്-5

ആദം ഗില്‍ക്രിസ്റ്റ്-2

മൈക്കല്‍ ക്ലിങ്കര്‍-2

ഫഹീം നസീര്‍-2

ഫാഫിന് പുറമെ ഡെവോണ്‍ കോണ്‍വേ 26 പന്തില്‍ 39 റണ്‍സും മാര്‍ക്കസ് സ്റ്റോണിസ് 18 പന്തല്‍ 29 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

വാഷിങ്ടണ്‍ ബൗളിങ്ങില്‍ സൗരഭ് നേത്രാവല്‍ക്കര്‍ രണ്ട് വിക്കറ്റും മാര്‍ക്കോ ജാന്‍സന്‍, അകീല്‍ ഹുസൈന്‍, ജസ്റ്റിന്‍ ഡില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാഷിങ്ടണിനായി ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മികച്ച തുടക്കമാണ് നല്‍കിയത്. ഹെഡ് 12 പന്തില്‍ 32 റണ്‍സും സ്മിത്ത് 13 പന്തില്‍ 26 റണ്‍സും നേടി നില്‍ക്കെ മഴ വില്ലനായി എത്തുകയായിരുന്നു.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റുകള്‍ വീതം പങ്കുവെക്കുകയായിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി വാഷിങ്ടണ്‍ ഒന്നാം സ്ഥാനത്തും ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും ഒരു പോയിന്റുമായി സൂപ്പര്‍ കിങ്സ് അഞ്ചാം സ്ഥാനത്തുമാണ്.

ജൂലൈ 11ന് സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെതിരെയാണ് ഫാഫിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ജൂലൈ 12ന് നടക്കുന്ന മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കാസാണ് വാഷിങ്ടണിന്റെ എതിരാളികള്‍.

Content Highlight: Faf Duplasis create a new Record in T20

We use cookies to give you the best possible experience. Learn more