| Sunday, 22nd January 2023, 9:31 am

ഹര്‍ദിക്കിന്റെ മാത്രമല്ല, ക്രിക്കറ്റിനെ ഞെട്ടിച്ച മറ്റൊരു ക്യാച്ചും ഇന്നലെ പിറന്നിരുന്നു; ക്യാച്ചെന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ക്യാച്ച്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തില്‍ കിവീസ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയെ പുറത്താക്കിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബൗള്‍ ചെയ്തതിന് ശേഷമുള്ള ഓട്ടത്തിലായിരുന്നുവെങ്കിലും പന്തിലേക്കുള്ള വിഷനാണ് ആ വണ്‍ ഹാന്‍ഡഡ് ക്യാച്ചിന് വഴിയൊരുക്കിയത്. മുട്ടിന് താഴേക്ക് വന്ന ഷോട്ട് അനായാസം പാണ്ഡ്യ കൈപ്പിടിയിലൊതുക്കുകയും ശേഷം ഡൈവ് ചെയ്ത് ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയുംമായിരുന്നു.

ഹര്‍ദിക്കിന്റെ വണ്‍ ഹാന്‍ഡഡ് സ്റ്റണ്ണര്‍ പോലെ മറ്റൊരു ക്യാച്ചും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എസ്.എ 20ക്കിടെ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ ഫാഫ് ഡു പ്ലെസിസ് എടുത്ത തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

എസ്.എ 20യിലെ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് – സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് മത്സരത്തിലായിരുന്നു സംഭവം. വാന്‍ ഡെര്‍ മെര്‍വ്യൂവിനെ പുറത്താക്കാനായിരുന്നു ഡു പ്ലെസിസ് ആ ഫ്‌ളയിങ് ക്യാച്ച് എടുത്തത്.

സെന്റ് ജോര്‍ജ്‌സ് ഓവലില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ ജോബെര്‍ഗ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റേണ്‍ കേപ് 18.4 ഓവറില്‍ 127ന് പുറത്തായി.

31 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ ആദം റോസിങ്ടണാണ് സണ്‍റൈസേഴ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. 27 റണ്‍സ് നേടിയ ജെയിംസ് ഫുള്ളറും 22 റണ്‍സ് നേടിയ ജെ.ജെ. സ്മട്‌സും മാത്രമാണ് ഓറഞ്ച് ആര്‍മിയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൂപ്പര്‍ കിങ്‌സിന് സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് തികയവെ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായിരുന്നു. എന്നാല്‍ വണ്‍ ഡൗണ്‍ ബാറ്ററായ നീല്‍ ബ്രാന്‍ഡിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ഡു പ്ലെസിസ് സ്‌കോര്‍ ഉയര്‍ത്തി. ജോബെര്‍ഗ് സ്‌കോര്‍ 59ല്‍ നില്‍ക്കവെ നീലും പുറത്തായി.

37 റണ്‍സുമായി ഡു പ്ലെസിസും പുറത്തായെങ്കിലും നാലാമനായി ഇറങ്ങിയ ലെസ് ഡു പൂളി ജോബെര്‍ഗിനെ വിജയത്തിലേക്കെത്തിച്ചു. രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കവെയായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ വിജയം.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനും ജോബെര്‍ഗിനായി. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും മൂന്ന് തോല്‍വിയുമാണ് സൂപ്പര്‍ കിങ്‌സിനുള്ളത്.

ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനോടാണ് ജോബെര്‍ഗിന്റെ അടുത്ത മാച്ച്. ജനുവരി 24ന് വാണ്ടറേര്‍സ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

Content Highlight: Faf Du Plessis’ stunning catch in SA 20

We use cookies to give you the best possible experience. Learn more