|

മോഹിത് ശര്‍മയുടെ ഒരു റണ്‍ ആ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസത്തെ ഓര്‍മിപ്പിച്ചു, അയാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട റണ്‍: ഫാഫ് ഡു പ്ലെസിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിനാണ് കഴിഞ്ഞദിവസം വിശാഖപട്ടണത്തെ വി.സി.ഡി.എ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 18ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ദല്‍ഹി ക്യാപ്പിറ്റല്‍സും ലക്‌നൗ സൂപ്പര്‍ജയന്റ്‌സും കഴിഞ്ഞദിവസം ഇറങ്ങിയത്. വന്‍ ടോട്ടലിലേക്ക് കുതിച്ച ലക്‌നൗവിനെ 208ല്‍ തളച്ച ദല്‍ഹി പരാജയത്തിന്റെ വക്കില്‍ നിന്നാണ് വിജയത്തിലേക്കെത്തിയത്.

മത്സരത്തിന്റെ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ആറ് റണ്‍സായിരുന്നു ദല്‍ഹിക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. ക്രീസില്‍ നിന്നതാകട്ടെ 11ാമനായെത്തിയ മോഹിത് ശര്‍മയും. ആദ്യ പന്തില്‍ മോഹിത്തിനെതിരെ ലക്‌നൗ എല്‍.ബി.ഡബ്ല്യൂവിന് അപ്പീല്‍ നല്‍കിയെങ്കിലും അമ്പയര്‍മാരും ഡി.ആര്‍.എസ്സും മോഹിതിന് അനുകൂലമായി വിധിയെഴുതി.

ജീവന്‍ തിരിച്ചുകിട്ടിയ മോഹിത് തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടുകയും അടുത്ത പന്തില്‍ അശുതോഷ് സിക്‌സറിലൂടെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. മോഹിത് ശര്‍മയുടെ സിംഗിളിനെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ്.

സൗത്ത് ആഫ്രിക്ക 438 റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിച്ച മത്സരവുമായാണ് ഡു പ്ലെസി മോഹിത്തിന്റെ ഒരു റണ്ണിനെ താരതമ്യം ചെയ്തത്. അന്നത്തെ മത്സരത്തില്‍ അവസാന ഓവറില്‍ 11ാമനായി ഇറങ്ങിയ മഖായ് എന്‍ടിനിയുടെ സിംഗിളിനെ മോഹിത്തിന്റെ ഒരു റണ്‍ ഓര്‍മപ്പെടുത്തുന്നുവെന്നാണ് ഡു പ്ലെസിസ് പറഞ്ഞത്.

‘മോഹിത് ശര്‍മയുടെ ആ ഒരു റണ്‍ സൗത്ത് ആഫ്രിക്ക 438 റണ്‍സെടുത്ത മത്സരത്തില്‍ മഖായ് എന്‍ടിനി അവസാന ഓവറില്‍ നേടിയ സിംഗിളിനെ ഓര്‍മിപ്പിച്ചു. മോഹിത് ശര്‍മയുടെ ജീവിതത്തിലെ ഏറ്റവും മികച്ച മൊമന്റുകളിലൊന്നാകും ആ സിംഗിളെന്ന് എനിക്ക് ഉറപ്പാണ്,’ ഡു പ്ലെസിസ് പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു ഫാഫ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ നിക്കോളാസ് പൂരന്റെയും മിച്ചല്‍ മാര്‍ഷിന്റെയും വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് 208 എന്ന സ്‌കോറിലെത്തിയത്. ദല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റും കുല്‍ദീപ് യാദവ് നാല് ഓവറില്‍ വെറും 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിയുടെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരത്തെക്കാള്‍ വേഗത്തില്‍ തകര്‍ന്നു. 55 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ദല്‍ഹിക്ക് നഷ്ടമായി. ഏഴാം നമ്പറിലെത്തിയ അശുതോഷ് ശര്‍മ വിട്ടുകൊടുക്കാതെ പോരാടുകയായിരുന്നു. 30 പന്തില്‍ പുറത്താകാതെ 66 റണ്‍സാണ് അശുതോഷ് നേടിയത്. ഓള്‍ റൗണ്ടര്‍ വിപ്രജ് നിഗം 15 പന്തില്‍ 39 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചു.

Content Highlight: Faf Du Plessis saying Mohith Sharma’s single remind him Makhaya Ntini in world record match