| Monday, 10th April 2023, 9:26 pm

വീഡിയോ: അവിടെ എന്താണ് സംഭവിച്ചതെന്ന് മാക്‌സ്‌വെല്ലിന്റെ മുഖം പറയും; 115 മീറ്ററടിച്ച് ക്യാപ്റ്റന്‍ ഫാഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 15ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചിന്നസ്വാമിയില്‍ വെച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുലിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ തെറ്റിച്ചുകൊണ്ടായിരുന്നു ആര്‍.സി.ബി തുടങ്ങിയത്. നായകനും മുന്‍ നായകനും ചേര്‍ന്ന് ലഖ്‌നൗ ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലിയൊതുക്കിയപ്പോള്‍ ആര്‍.സി.ബി സ്‌കോര്‍ പറപറന്നു.

വിരാട് കോഹ്‌ലിയായിരുന്നു വെടിക്കെട്ടിന് തുടക്കമിട്ടത്. ഒരു വശത്ത് വിരാട് ആഞ്ഞടിക്കുമ്പോള്‍ അധികമാക്രമിക്കാതെ പതിഞ്ഞായിരുന്നു ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് തുടങ്ങിയത്. എന്നാല്‍ പോകെ പോകെ ഫാഫും തന്റെ വിശ്വരൂപം പുറത്തെടുത്തു.

44 പന്തില്‍ നിന്നും നാല് ബൗണ്ടറിയും നാല് സിക്‌സറുമായി 61 റണ്‍സ് നേടി വിരാട് കോഹ്‌ലി പുറത്തായി. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പമായി ഫാഫിന്റെ വിളയാട്ടം. ഒരു വശത്ത് ക്യാപ്റ്റന്‍ അടിക്കുമ്പോള്‍ താന്‍ വെറുതെ നോക്കിയിരിക്കുന്നത് ശരിയല്ല എന്നുറപ്പിച്ച മാക്‌സിയും എല്‍.എസ്.ജി ബൗളര്‍മാരെ തെരഞ്ഞുപിടിച്ച് തല്ലി.

മത്സരത്തിലെ 15ാം ഓവറിലായിരുന്നു ചിന്നസ്വാമിയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ക്യാപ്റ്റന്‍ ഫാഫ് ഒരു പടുകൂറ്റന്‍ സിക്‌സറടിച്ചത്. രവി ബിഷ്‌ണോയ്‌യുടെ പന്തില്‍ ഫാഫ് തൊടുത്തുവിട്ട ഷോട്ട് ചെന്നുവീണത് 115 മീറ്റര്‍ ദൂരെയാണ്. ഐ.പി.എല്‍ 2023ലെ ഏറ്റവും നീളം കൂടിയ സിക്‌സറാണിത്.

തൊട്ടുമുമ്പുള്ള പന്തില്‍ ലോങ് ഓഫിലേക്ക് ഒരു സിക്‌സറടിച്ച് ഗ്യാലറിയെ ഓണ്‍ ആക്കിയ ശേഷമാണ് ഫാഫിന്റെ ബാറ്റില്‍ നിന്നും ‘ഷോട്ട് ഓഫ് ദി ടൂര്‍ണമെന്റ്’ ആകാന്‍ പോന്ന സിക്‌സര്‍ പിറവിയെടുത്തത്.

ആ ഓവറില്‍ മാത്രം മൂന്ന് സിക്‌സറാണ് ബിഷ്‌ണോയ് വഴങ്ങിയത്. തന്റെ ആദ്യ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ ബിഷ്‌ണോയ് അവസാന ഓവറില്‍ മാത്രം വഴങ്ങിയത് 20 റണ്‍സാണ്.

അതേസമയം, നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹോം ടീം അടിച്ചുകൂട്ടിയത് 212 റണ്‍സാണ്. 46 പന്തില്‍ നിന്നും 79 റണ്‍സുമായി ഫാഫും, 29 പന്തില്‍ നിന്നും 59 റണ്‍സുമായി മാക്‌സിയും തിളങ്ങി.

Content Highlight: Faf Du Plessis’ massive sixer against Lucknow Super Giants

We use cookies to give you the best possible experience. Learn more