| Tuesday, 18th July 2023, 12:16 pm

പരുന്തിനെക്കൊണ്ട് പറ്റുമോ ഇങ്ങനെ റാഞ്ചിയെടുക്കാന്‍; ക്യാച്ച് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇദാണ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് രാവിലെ ആറ് മണിക്ക് മേജര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയില്‍ എം.ഐ ന്യൂയോര്‍ക്കിനെ 17 റണ്‍സിന് പരാജയപ്പെടുത്തി ടെക്‌സസ് സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. സീസണിലെ ആദ്യ ബ്രാവോ – പൊള്ളാര്‍ഡ് ഫെയ്‌സ് ഓഫില്‍ ബ്രാവോയും സംഘവും വെന്നിക്കൊടി പാറിക്കുകയായിരുന്നു.

ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിയുടെ പ്രകടനമാണ് ചര്‍ച്ചയാകുന്നത്. ബാറ്റിങ്ങില്‍ മങ്ങിയെങ്കിലും ഫീല്‍ഡിങ്ങില്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചാണ് ഫാഫ് തരംഗമായത്.

ബാറ്റിങ്ങില്‍ ഒമ്പത് പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമാണ് ഫാഫിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ഫീല്‍ഡറുടെ റോളില്‍ താരം അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. സൂപ്പര്‍ താരം ടിം ഡേവിഡിന്റെയടക്കം മൂന്ന് തകര്‍പ്പന്‍ ക്യാച്ചാണ് ഫാഫ് കൈപ്പിടിയിലൊതുക്കിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അഹമ്മദ് അസമിന് പവലിയനിലേക്കുള്ള വഴികാണിച്ചുകൊടുത്താണ് ഫാഫ് തുടങ്ങിയത്. ബ്രാവോയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ അസമിനെ പുറത്താക്കിയപ്പോള്‍ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയമൊന്നാകെ ആവേശത്തില്‍ ആര്‍ത്തിരമ്പിയിരുന്നു.

അവസാന ഓവറിലാണ് ഫാഫ് തന്റെ ഫീല്‍ഡിങ് പാടവം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. ഡാനിയല്‍ സാംസിന്റെ പന്തില്‍ ടിം ഡേവിഡിന്റെ ക്യാച്ച് പൂര്‍ത്തിയാക്കിയപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം കയ്യടിച്ചിരുന്നു. ഓടിയെത്തി തകര്‍പ്പന്‍ ഡൈവിലൂടെ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയപ്പോള്‍ സൂപ്പര്‍ കിങ്‌സിന്റെ വിജയം കൂടിയായിരുന്നു ഫാഫ് ഉറപ്പിച്ചത്.

തൊട്ടടുത്ത പന്തില്‍ സിംപിള്‍ ക്യാച്ചിലൂടെ റബാദയെയും മടക്കി ഫാഫ് തിളങ്ങി.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനും ടെക്‌സസിനായി. ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് സൂപ്പര്‍ കിങ്‌സിന് വിജയം സമ്മാനിച്ചത്.

55 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് കോണ്‍വേ സൂപ്പര്‍ കിങ്സ് ഇന്നിങ്സിന് അടിത്തറയിട്ടത്. കോണ്‍വേയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് സൂപ്പര്‍ കിങ്സ് നേടിയത്.

155 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ എം.ഐ ന്യൂയോര്‍ക്കിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സൂപ്പര്‍ കിങ്‌സ് 17 റണ്‍സിന് വിജയം ആഘോഷിക്കുകയായിരുന്നു.

സിയാറ്റില്‍ ഓര്‍ക്കാസിനെതിരെയാണ് സൂപ്പര്‍ കിങ്സിന്റെ അടുത്ത മത്സരം. സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ഓര്‍ക്കാസിനെതിരെ വിജയിക്കാന്‍ ടെക്‌സസിന് പാടുപെടേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂലൈ 22ന് ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കാണ് സിയാറ്റില്‍ – ടെക്സസ് പോരാട്ടത്തിന് വേദിയാകുന്നത്.

Content Highlight: Faf Du Plessis’ brilliant catch in MLC

We use cookies to give you the best possible experience. Learn more