| Saturday, 20th July 2024, 3:56 pm

ഫാഫ്, ലബുഷാന്‍, ലിസ്റ്റ് അവസാനിച്ചു! അന്താരാഷ്ട്ര ക്രിക്കറ്റിന്റെയല്ല, ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ തന്നെ ഈ രണ്ട് ബൗളര്‍മാര്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്റെ ബൗളിങ് പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ സോമര്‍സെറ്റിനെതിരെയായിരുന്നു ഗ്ലാമോര്‍ഗണ്‍ താരമായ ലബുഷാന്റെ പ്രകടനം.

വെറ്റാലിറ്റി ബ്ലാസ്റ്റ് സൗത്ത് ഗ്രൂപ്പില്‍ നടന്ന മത്സരത്തിലാണ് ലബുഷാന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. ട്രിപ്പിള്‍ വിക്കറ്റ് മെയ്ഡന്‍ അടക്കം 2.3 ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം തിളങ്ങിയത്. ലബുഷാന്റെ ടി-20 കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടമാണിത്.

സോമര്‍സെറ്റ് നായകന്‍ ലൂയീസ് ഗ്രിഗറി, സൂപ്പര്‍ താരങ്ങളായ ബെന്‍ ഗ്രീന്‍, റിലി മെറെഡിത്, ജാക്ക് ലീച്ച്, ജേക്ക് ബെല്‍ എന്നിവരെയാണ് ലബുഷാന്‍ മടക്കിയത്.

ഈ പ്രകടനത്തോടെ ടി-20 ഫോര്‍മാറ്റില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും താരത്തിനായി. ഇതിഹാസ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്, മുത്തയ്യ മുരളീധരന്‍, പാറ്റ് കമ്മിന്‍സ്, കഗീസോ റബാദ, ആര്‍. അശ്വിന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ് തുടങ്ങി എണ്ണമറ്റ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒരു ടി-20 ഇന്നിങ്‌സില്‍ നാല് ബൗള്‍ഡ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത് മാത്രം ലെഗ് സ്പിന്നര്‍ എന്ന നേട്ടമാണ് ഇത്. 2012ല്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം ഫാഫ് ഡു പ്ലെസിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കന്‍ ഡൊമസ്റ്റിക് സര്‍ക്യൂട്ടിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, സോമര്‍സെറ്റിനെ കീഴടക്കി ഗ്ലാമോര്‍ഗണ്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. 120 റണ്‍സിനാണ് ഗ്ലാമോര്‍ഗണ്‍ വിജയിച്ചുകയറിയത്.

സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗ്ലാമോര്‍ഗണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കിരണ്‍ കാള്‍സണിന്റെ സെഞ്ച്വറിയുടെയും വില്‍ സ്മേലിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് ടീം നേടിയത്.

കാള്‍സണ്‍ 64 പന്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ 34 പന്തില്‍ 59 റണ്‍സാണ് സ്മേല്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സോമര്‍സെറ്റ് 13.3 ഓവറില്‍ 123ന് പുറത്തായി. ലബുഷാന്റെ ബൗളിങ് മികവ് തന്നെയാണ് സോമര്‍സെറ്റിനെ വരിഞ്ഞുമുറുക്കിയത്.

ഓസീസ് താരത്തിന് പുറമെ ടിം വാന്‍ ഡെര്‍ ഗഗ്ടണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ കാല്ലവേ, ആന്‍ഡി ഗോര്‍വിന്‍, മേസണ്‍ ക്രെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content highlight: Faf du Plessis and Marnus Labschagne are the only leg spinners who bowled 4 players in an innings

We use cookies to give you the best possible experience. Learn more