| Tuesday, 9th May 2023, 9:45 pm

അഞ്ഞൂറടിച്ച് ഫാഫ്; വെടിക്കെട്ടുമായി മാക്‌സി; മികച്ച സ്‌കോറുമായി ബെംഗളൂരു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 54ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മികച്ച സ്‌കോറുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈയുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് അടിച്ചെടുത്തത്.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിന്റെയും ബാറ്റിങ് മികവാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാക്‌സി 33 പന്തില്‍ നിന്നും 68 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസിസ് 41 പന്തില്‍ നിന്നും 65 റണ്‍സ് നേടി.

ഏട്ട് ബൗണ്ടറിയും നാല് സിക്‌സറുമായാണ് മാക്‌സ്‌വെല്‍ 68 റണ്‍സ് നേടിയത്. മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയുമാണ് ഫാഫിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി 1000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനും ഫാഫിന് സാധിച്ചു. ഈ മത്സരത്തിന് മുമ്പ് 979 റണ്‍സായിരുന്നു ഫാഫിന്റെ പേരിലുണ്ടായിരുന്നത്. ഈ നേട്ടത്തിന് 21 റണ്‍സ് മതിയെന്നിരിക്കെയാണ് താരം 65 റണ്‍സ് നേടി കരുത്ത് കാട്ടിയത്.

ഇതിന് പുറമെ മറ്റൊരു റെക്കോഡ് കൂടി ഫാഫ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ 500 റണ്‍സ് മാര്‍ക് എന്ന നേട്ടമായിരുന്നു ഫാഫിന് മുമ്പിലുണ്ടായിരുന്നത്.

വാംഖഡെയിലേക്കിറങ്ങും മുമ്പ് 436 റണ്‍സായിരുന്നു ഫാഫ് ഇതിനോടകം തന്നെ ദൈവത്തിന്റെ പോരാളികള്‍ക്കെതിരെ അടിച്ചെടുത്തത്.

ഈ മത്സരത്തില്‍ 64 റണ്‍സ് നേടിയാല്‍ റെക്കോഡ് സ്വന്തമാക്കാമെന്നിരിക്കെ ഈ റെക്കോഡും തന്റെ പേരിലാക്കിയാണ് ആര്‍.സി.ബി നായകന്‍ പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് ആദ്യ ഓവറില്‍ തന്നെ വിരാടിനെ നഷ്ടമായിരുന്നു. നാല് പന്തില്‍ നിന്നും ഒറ്റ റണ്‍സ് നേടിയാണ് താരം ആരാധകരെ നിരാശരാക്കിയത്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

18 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിന്റെ ചെറുത്തുനില്‍പും സ്‌കോറിങ്ങിലേക്ക് കാര്യമായി സംഭാവനകള്‍ നല്‍കി.

മുംബൈ ഇന്ത്യന്‍സിനായി ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

ബെഹ്രന്‍ഡോര്‍ഫിന് പുറമെ കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Faf du Plessis and Glen Maxwell leads RCB to good total

We use cookies to give you the best possible experience. Learn more