| Wednesday, 17th May 2023, 5:32 pm

എനിക്കൊരിക്കലും ധോണിയെ പോലെയോ വിരാടിനെ പോലെയോ ആകാന്‍ സാധിക്കില്ല; തുറന്നടിച്ച് ആര്‍.സി.ബി നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ നായകന്‍ എം.എസ്. ധോണിയെ വാനോളം പുകഴ്ത്തി ആര്‍.സി.ബി നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ധോണിയുടെ സഹതാരവുമായിരുന്ന ഫാഫ് ഡു പ്ലെസി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്നും ഐ.പി.എല്‍ കരിയറില്‍ വിലപ്പെട്ടെ സമയം ചെലവഴിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നുവെന്നും ഫാഫ് പറഞ്ഞു.

”മികച്ച താരങ്ങളോടൊപ്പമുള്ള മാച്ചുകള്‍ ഒരു ഭാഗ്യം പോലെയാണ് ഞാന്‍ കരുതുന്നത്. സൗത്ത് ആഫ്രിക്കു വേണ്ടി കളിക്കുമ്പോള്‍ ഗ്രെയം സ്മിത്തായിരുന്നു ക്യാപ്റ്റന്‍. പിന്നീടാണ് ചെന്നൈയിലേക്ക് എത്തുന്നത് ആ വര്‍ഷം ഞാന്‍ കളിച്ചില്ല, എങ്കിലും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായിട്ടായിരുന്നു ഞാന്‍ ആ വര്‍ഷം വിനിയോഗിച്ചത്.

സ്റ്റീഫന്‍ ഫ്ളെമിങ്ങിനോട് ചോദ്യങ്ങള്‍ ചോദിച്ചും അറിഞ്ഞും മനസിലാക്കിയും ഒരു നല്ല പ്ലേയറാകാന്‍ എനിക്ക് സാധിച്ചു,” എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാഫ് പറഞ്ഞു.

ക്യാപ്റ്റന്‍മാരായ ധോണിയെയും വിരാട് കോഹ്ലിയെയും പോലെ മികച്ച ക്യാപ്റ്റനാകാന്‍ എനിക്ക് സാധിക്കില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

‘ക്രിക്കറ്റ് ചരിത്രത്തില്‍ ക്യാപ്റ്റന്മാരില്‍ മികച്ച ക്യാപ്റ്റന്‍ ധോണിയെന്നതില്‍ തര്‍ക്കമില്ല. ഐ.പി.എല്ലില്‍ ഇനിയുള്ള സീസണുകളില്‍ ചെന്നൈയോടൊപ്പം കളിക്കുകയാണെങ്കില്‍ അത് എം.എസ്സിനുള്ള ട്രിബ്യൂട്ട് ആയിരിക്കും. ഐ.പി.എല്‍ കരിയറില്‍ എന്റെ വിലപ്പെട്ട സമയം ഞാന്‍ ചെലവഴിച്ചത് ചെന്നൈയോടൊപ്പമാണ്.

ഗ്രേയം സ്മിത്,സറ്റീഫന്‍ ഫ്ളെമിങ്, എം.എസ്.ധോണി, വിരാട് കോഹ്‌ലി ഇവരില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എനിക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഞാന്‍ ഒരിക്കലും അവരെ പോലെ മികച്ച ഒരു ക്യാപ്റ്റനാകില്ല.

ഞാന്‍ ധോണിയെ നിരീക്ഷിക്കാറുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ക്യാപ്റ്റന്‍ എങ്ങനെയാകണമെന്നതിന് ഉത്തമ ഉദാഹരണത്തെ നിങ്ങള്‍ക്കവിടെ കാണാം. സ്വഭാവത്തിലും സഹതാരങ്ങളോടുള്ള പെരുമാറ്റത്തിലും അദ്ദേഹം മുമ്പിലാണ്. ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനും എ.എസ്. തന്നെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 12 മത്സരത്തില്‍ നിന്നും 12 പോയിന്റാണ് ഫാഫിന്റെ ആര്‍.സി.ബിക്കുള്ളത്. പ്ലേ ഓഫ് ഇനിയും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ശേഷിക്കുന്ന മത്സരത്തില്‍ ഗംഭീര വിജയം നേടാന്‍ സാധിച്ചാല്‍ ആര്‍.സി.ബിക്ക് മുമ്പില്‍ മറ്റൊരു പ്ലേ ഓഫ് വാതില്‍ കൂടി തുറക്കപ്പെടും.

Content highlight: Faf Du Plessis about MS Dhoni and Virat Kohli

We use cookies to give you the best possible experience. Learn more