| Sunday, 19th May 2024, 11:03 am

എന്റെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ഞാൻ അവന് നൽകുന്നു: ഫാഫിന്റെ വാക്കുകൾ ഹൃദയം കീഴടക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ആദ്യ നാലിലേക്ക് മുന്നേറിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലസിസ് 39 പന്തില്‍ 54 റണ്‍സും വിരാട് കോഹ്‌ലി 29 പന്തില്‍ 47 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 41 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

യാഷ് ദയാലിന്റെ തകര്‍പ്പന്‍ ബൗളിങ് ആണ് ബെംഗളൂരുവിനെ ജയത്തില്‍ എത്തിച്ചത്. അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 17 റണ്‍സ് ആവശ്യമുള്ളപ്പോള്‍ യാഷ് ദയാലിന്റെ ആദ്യ പന്തില്‍ ധോണി സിക്‌സ് നേടുകയായിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ ധോണിയെ യാഷ് പുറത്താക്കുകയും പിന്നീടുള്ള പന്തുകള്‍ മികച്ച രീതിയില്‍ എറിഞ്ഞുകൊണ്ട് താരം ബെംഗളൂരുവിനെ പ്ലേ ഓഫിലേക്ക് കൈപിടിച്ചുകയറ്റുകയുമായിരുന്നു. മത്സരത്തില്‍ ധോണിയെയും ഡാറില്‍ മിച്ചലിനെയുമാണ് യാഷ് പുറത്താക്കിയത്.

എന്നാല്‍ മത്സരശേഷം ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിയുടെ വാക്കുകളാണ് ഏറെ കയ്യടി നേടിയത്. തനിക്ക് ലഭിച്ച പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് യാഷ് ദയാലിന് നല്‍കുന്നു എന്നാണ് ഫാഫ് പറഞ്ഞത്.

‘ഈ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഞാന്‍ യാഷ് ദയാലിന് സമര്‍പ്പിക്കുന്നു. ഈ പിച്ചില്‍ പേസ് ആണ് ഏറ്റവും മികച്ച ഓപ്ഷന്‍ എന്ന് ഞാന്‍ മനസ്സിലാക്കി. എന്തൊരു മനോഹരമായ രാത്രിയാണിത്, ഞങ്ങളുടെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തന്നെ മത്സരങ്ങൾ പൂര്‍ത്തിയാക്കുന്നതിൽ സന്തോഷമുണ്ട്. കളിയില്‍ മഴ ഭീഷണി ഉയര്‍ത്തിയിരുന്നു എന്നാല്‍ 40 മിനിട്ടുകള്‍ മാത്രമേ ഈ തടസ്സം നേരിടേണ്ടി വന്നിട്ടുള്ളൂ. എല്ലാ താരങ്ങളുടെയും ബാറ്റിങ് സംഭാവനകള്‍ വളരെ മികച്ചതായിരുന്നു,’ ഫാഫ് ഡുപ്ലസിസ് മത്സരശേഷം പറഞ്ഞു.

മെയ് 22നാണ് ബെംഗളൂരുവിന്റെ എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാന്‍ റോയല്‍സ് എന്നീ മത്സരഫലങ്ങള്‍ ആയിരിക്കും പ്ലേ ഓഫിലെ റോയല്‍ ചലഞ്ചേഴ്സിന്റെ എതിരാളികള്‍ ആരെന്ന് തീരുമാനിക്കുക.

Content Highlight: Faf Du Plesis give POTM Award to Yash Dayal

We use cookies to give you the best possible experience. Learn more