മുംബൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരമേല്‍പിച്ചാണ് അജിത് പവാര്‍ രാജിവെച്ചത്. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ഇതേത്തുടര്‍ന്ന് ബി.ജെ.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വെച്ചേക്കുമെന്നാണ് സൂചന.
ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അദ്ദേഹം രാജി പ്രഖ്യാപിച്ചേക്കും.
മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്കു നിലവില്‍ ഭൂരിപക്ഷമില്ലെന്നു വെളിപ്പെടുത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നാളെ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി അതു നേടുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍.സി.പി നേതാവ് അജിത് പവാര്‍ ആവശ്യത്തിന് എം.എല്‍.എമാരെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അജിത് പവാര്‍ രാജിവെച്ചതോടെ ആ പ്രതീക്ഷയും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.
അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഇല്ലെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം 168 എം.എല്‍.എമാരെ ഇന്ന് അണിനിരത്തിയതോടെ അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഒന്നുമില്ലെന്ന കാര്യം വ്യക്തമായിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ