| Wednesday, 18th December 2019, 3:05 pm

അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടേതെന്ന പേരില്‍ വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് ഫഡ്‌നാവിസ്; യാഥാര്‍ത്ഥ വീഡിയോയില്‍ പറയുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്‌ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന വ്യാജ പ്രചരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

ഹിന്ദുവിന്റെയും ബ്രാഹ്മണ്യത്തിന്റേയും ശവക്കുഴി എ.എം.യു(അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റി) വിന്റെ നെഞ്ചില്‍ കുഴിക്കുമെന്നും സവര്‍ക്കറുടെയും ബി.ജെ.പിയുടെയും ശവക്കുഴിയും എ.എം.യുവിന്റെ നെഞ്ചില്‍ കുഴിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്നതായുള്ള വ്യാജ വീഡിയോയായിരുന്നു ഫഡ്‌നാവിസ് ഷെയര്‍ ചെയ്തത്.

ബി.ജെ.പിയുടെ യുവമോര്‍ച്ച നേതാവ് സന്തോഷ് രഞ്ജന്‍ റായ് ആയിരുന്നു വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വയ്ക്കും ബി.ജെ.പിക്കും സവര്‍ക്കര്‍ക്കും ജാതീയതയ്ക്കുമെതിരായിരുന്നു വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട ഒരു വാക്കുപോലും അവര്‍ പറയുന്നില്ലെന്നും ഹിന്ദുത്വ എന്ന വാക്ക് വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നുവെന്നതിന്റ തെളിവ് ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടിരുന്നു.

ഒറിജിനല്‍ വീഡിയോയുമായി താരത്യമപ്പെടുത്തുമ്പോള്‍ വൈറലായ പതിപ്പില്‍ വീഡിയോ സൂം ഇന്‍ ചെയ്തതായി കാണാം. മാത്രമല്ല ഓഡിയോയുടെ ക്വാളിറ്റിയും കുറഞ്ഞിരുന്നു. ഒറിജിനല്‍ വീഡിയോയില്‍ ഗെയ്റ്റിന്റ ഭാഗം കൃത്യമായി കാണുന്നുണ്ടെങ്കില്‍ ഇതേ വീഡിയോ എഡിറ്റ് ചെയ്ത് സൂം ചെയ്തപ്പോള്‍ ആ ഭാഗം കാണാനില്ലായിരുന്നു.

വ്യാജ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബി.ജെ.പിയുടെ യു.പി വക്താവും രംഗത്തെത്തിയിരുന്നു. ഹിന്ദുക്കള്‍ക്ക് എതിരെയാണ് ഇവരുടെ മുദ്രാവാക്യമെന്നും ഇത്തരം നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ചികിത്സ ആവശ്യമാണ് എന്നും പറഞ്ഞായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. 900 റീട്വീറ്റുകളായിരുന്നു വീഡിയോയ്ക്ക് ലഭിച്ചത്.

ബി.ജെ.പി അംഗം റിച്ചാ പാണ്ഡെയും ഈ വീഡിയോ ഷെയര്‍ ചെയ്തു. വ്യജ വാദത്തോടെ ശിവസേനയുടെ മുന്‍നേതാവ് രമേഷ് സോളങ്കിയും ബി.ജെ.പി ദല്‍ഹി വക്താവ് തജീന്ദര്‍ ബഗയും ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യയും ഇതേ വീഡിയോ തന്നെ ഷെയര്‍ ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ ഫഡ്‌നാവിസ് ഇത്തരം വ്യാജ വീഡിയോകള്‍ ചെയ്ത് ജനങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെ വിത്തുകള്‍ പാകാനാണ് ശ്രമിച്ചതെന്നായിരുന്നു പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചത്. ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ ടാഗ് ചെയ്തായിരുന്നു ഫഡ്‌നാവിസിനെതിരെ ചവാന്‍ രംഗത്തെത്തിയത്.

മറ്റുനിവൃത്തികളൊന്നും ഇല്ലാത്തതുകൊണ്ടാവും ഫഡ്‌നാവിസ് ഇത്തരമൊരു വ്യാജ വീഡിയോ ഷെയര്‍ ചെയ്‌തെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും ചവാന്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയിലും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കേണ്ടിയിരുന്നെന്നും ചവാന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more