|

'ദേവേന്ദ്രഫഡ്‌നാവിസ് അധോലാക കുറ്റവാളികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു'; ഇന്ദിരാഗാന്ധി-കരീം ലാല വിവാദത്തില്‍ ബാലാസാഹേബ് തോറോത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധോലോക കുറ്റവാളി കരീം ലാലയുമായി കൂടികാഴ്ച്ച നടത്തിയെന്ന ശിവസേന നേതാവ് സജ്ഞയ് റാവത്തിന്റെ വിവാദ പ്രസ്താവന പുതിയ തലത്തിലേക്ക്. വിഷയത്തില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്രഫഡ്‌നാവിസ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ബാലാസാഹേബ് തോറോത്ത് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി നേതാവ് ദേവേന്ദ്രഫഡ്‌നാവിസ് അധോലാക കുറ്റവാളികളുമായി കൂടികാഴ്ച്ച നടത്താറുണ്ടെന്നായിരുന്നു തോറോത്തിന്റെ ആരോപണം. ദേവേന്ദ്രഫഡ്‌നാവിസ് അധോലോക കുറ്റവാളിയായ മുന്ന യാദവിന് അഭയം നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

‘ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം വാര്‍ഷയില്‍ വെച്ച് അധോലോക കുറ്റവാളികളുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. അദ്ദേഹം മുന്ന യാദവിനെ സംരക്ഷിച്ചുവെന്ന് മാത്രമല്ല, അദ്ദേഹത്തെ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആ വിഷയത്തില്‍ സംസാരിക്കാന്‍ ദേവേന്ദ്രഫഡ്‌നാവിസിന് യാതൊരു അര്‍ഹതയുമില്ല.’ ബാലാസാഹേബ് തോറോത്ത് പറഞ്ഞു.

സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്ക് പിന്നാലെ കോണ്‍ഗ്രസിന് മുംബൈയിലെ അധോലോകമാണ് ഫണ്ട് നല്‍കിയിരുന്നത് എന്നായിരുന്നു ദേവേന്ദ്രഫഡ്‌നാവിസിന്റെ പരാമര്‍ശം. എന്നാല്‍ സജ്ഞയ് റാവത്ത് ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചതോടെ വിഷയം അവിടെ അവസാനിച്ചെന്നും ഭാവിയില്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ റാവത്ത് ശ്രദ്ധിക്കണമെന്നും തോറോത്ത് പറഞ്ഞു.

1960-70 കാലഘട്ടത്തില്‍ മുംബൈയിലെ അധോലോക കുറ്റവാളി കരിം ലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് മാധ്യമസ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് റാവത്ത് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories