| Tuesday, 26th November 2024, 10:21 pm

167 വര്‍ഷം പഴക്കമുള്ള മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റികള്‍ക്ക് ക്ഷാമം: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 167 വര്‍ഷം പഴക്കമുള്ള മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ജീവനക്കാരുടെ കുറവ് രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രൊഫസര്‍മാര്‍ക്ക് പ്രൊമോഷനുകളൊന്നും നല്‍കാത്തതാണ് ജീവനക്കാരുടെ കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ സ്ഥിരം പ്രൊഫസര്‍മാരുടെ 60 ശതമാനത്തിലധികം സീറ്റുകളില്‍ ക്ഷാമമുണ്ടെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളും ഏതാനും ഗവേഷണ കേന്ദ്രങ്ങളും ഫാക്കല്‍റ്റികളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതേസമയം 12 ഓളം ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഏഴിലധികം സ്റ്റാഫുകളെ നിയമനം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു സ്റ്റാഫിലാണ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം സര്‍വകലാശാലകളുടെ ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എല്‍.രവിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ് നിയമനം വൈകുന്നതിന്റെ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, 2023 ഓഗസ്റ്റ് മുതല്‍ സര്‍വകലാശാലയക്ക് മുഴുവന്‍ സമയ വൈസ് ചാന്‍സിലര്‍ ഇല്ലാത്തതും സര്‍വകലാശാലയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാലയില്‍ അവതരിപ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം കുറയുകയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്കില്‍ 2022ല്‍ 41ാം സ്ഥാനത്തുണ്ടായിരുന്നത് 2024ല്‍ 64ാം സ്ഥാനത്തായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

540 പ്രൊഫസര്‍മാരുടെ തസ്തികകളില്‍ 356 എണ്ണവും ഒഴിഞ്ഞുകിടക്കുന്നതായും 184 സ്ഥിരം അധ്യാപകര്‍ മാത്രമേ സര്‍വകലാശാലയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പല വകുപ്പുകളും കൈകാര്യം ചെയ്യുന്നത് ഗസ്റ്റ് ലക്ച്ചറര്‍മാരാണ്. അതിനാല്‍ തന്നെ പി.എച്ച്.ഡി മാര്‍ഗനിര്‍ദേശത്തിനും അഡ്മിഷനും ഇത് പ്രയാസകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്.

Content Highlight: Faculty shortage at 167-year-old Madras University: report

We use cookies to give you the best possible experience. Learn more