| Tuesday, 2nd June 2020, 7:28 pm

പഞ്ചമുഖി രാഗം കണ്ടെത്തിയ, മൂന്ന് സ്വരങ്ങള്‍ കൊണ്ട് ഗാനങ്ങള്‍ സൃഷ്ടിച്ച ഇളയരാജ; ഇസൈജ്ഞാനിയെക്കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

അരുണ്‍ ദിവാകരന്‍

രാജ സാറിന് ജന്മദിനാശംസകള്‍ അതോടൊപ്പം നിങ്ങള്‍ക്ക് ഇളയരാജയെക്കുറിച്ചു അറിയാവുന്നതും അറിയാത്തതുമായ ചില കാര്യങ്ങള്‍ –

ഇളയരാജ, 1943 ജൂണ്‍ 2നു തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ പന്നായ്പുരം (കമ്പം) എന്ന സ്ഥലത്തു ജനിച്ചു. അച്ഛന്‍ ‘ഡാനിയേല്‍ രാമസാമി’ , ‘അമ്മ ചിന്നത്തായ്. ദളപതിയിലെ ‘ചിന്നത്തായവള്‍’ എന്ന ഗാനം ഇളയരാജയുടെ അമ്മയുടെ പരാമര്‍ശം ആണെന്ന് പറയപ്പെടുന്നു.

ഇളയരാജയുടെ യഥാര്‍ത്ഥപേര് ‘ജ്ഞാനദേശികന്‍’ എന്നാണ്. അതായത് ജനിച്ചപ്പോള്‍ ഇട്ടപേര്.

കുട്ടിക്കാലത്തു ഇളയരാജയെ ഗ്രാമവാസികള്‍ സ്‌നേഹത്തോടെ ‘രാസയ്യ’ എന്ന് വിളിച്ചിരുന്നു. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അച്ഛന്‍ ‘ഡാനിയേല്‍ രാജയ്യ’ എന്ന് പേരിട്ടു.

ഇളയരാജക്കു അഞ്ച് സഹോദരങ്ങള്‍ ഉണ്ട്. ജ്യേഷ്ഠന്‍ ആണ് പാവലര്‍ വരദരാജന്‍, പിന്നെ അനുജന്മാര്‍ ഡാനിയേല്‍ അമര്‍ സിംഗ്, ഡാനിയേല്‍ ഭാസ്‌കര്‍. പെങ്ങന്മാര്‍, പത്മാവതി രാജയ്യ (Writer – Life of Music), കമലമ്മാള്‍ രാജയ്യ. ഇതില്‍ ‘ ഡാനിയേല്‍ അമര്‍ സിംഗ് ‘ ആണ് സംഗീത സംവിധായകനും ലിറിസിസ്റ്റുമായ ‘ഗംഗൈ അമരന്‍’. തമിഴ് സിനിമ സംവിധായകന്‍ ‘വെങ്കട് പ്രഭുവും’ നടന്‍ ‘പ്രേംജി അമരനും’ ഗംഗൈ അമരന്റെ മക്കളാണ്.

സ്വന്തം പെങ്ങളുടെ മകള്‍ ‘ജീവ’ യെയാണ് ഇളയരാജ വിവാഹം ചെയ്തിരിക്കുന്നത്. മൂന്നു മക്കള്‍ കാര്‍ത്തികേയന്‍ (കാര്‍ത്തിക് രാജ ), യുവന്‍ ശങ്കര്‍, ഭവതാരിണി. ഭാര്യ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

1968 ല്‍ 25 വയസ്സുള്ളപ്പോള്‍ രാജയ്യ മദ്രാസിലേക്ക് പോയി. ധന്‍രാജ് മാസ്റ്ററുടെ കീഴില്‍ പിയാനോയും ഗിറ്റാറും പഠിക്കാന്‍ ചെന്നതിനു ശേഷം ധന്‍രാജ് മാസ്റ്റര്‍ ആണ് രാജയ്യയെ ‘രാജ’ എന്ന് വിളിച്ചു തുടങ്ങിയത്.

ആദ്യ ചിത്രം അന്നക്കിളിയുടെ പ്രൊഡ്യൂസര്‍ ‘പഞ്ചു അരുണാചലം’ ആണ് രാജയുടെ മുന്‍പില്‍ ‘ഇളയ’ എന്നുകൂടി ചേര്‍ത്തത്. അക്കാലത്തു ‘പെരിയരാജ’ എന്ന് പേരുള്ള ഒരു സംഗീത സംവിധായകന്‍ ഉണ്ടായിരുന്നത്രെ. അങ്ങനെ തമ്മില്‍ മാറിപ്പോകാതിരിക്കാന്‍ യൗവ്വനം തുളുമ്പുന്ന രാജക്കുമുമ്പില്‍ ‘ഇളയ (Young)’ എന്ന പേരുകൂടി വന്നു.

ഇളയരാജക്ക് ഇസൈജ്ഞാനി (The Musical Genius) എന്ന് പേരിട്ടത് കലൈജ്ഞര്‍ കരുണാനിധിയാണ്. Maestro എന്ന് പേരു നല്‍കിയത് ലണ്ടന്‍ റോയല്‍ ഫിലര്‍മോണിക് ഓര്‍ക്കസ്ട്രയാണ് (Royal Philharmonic Orchestra, London) ആണ്.

ഇളയരാജയും ബാലു മഹേന്ദ്രയും ഏകദേശം ഒരേ കാലഘട്ടത്തിലാണ് കരിയര്‍ തുടങ്ങിയത്. മൂടുപണി (1980) ബാലുമഹേന്ദ്രയുടെ മൂന്നാമത്തെ ചിത്രവും ഇളയരാജയുടെ 100ാമത്തെ ചിത്രവും ആയിരുന്നു. നായകന്‍ (1987) 400ാമത്തെ സിനിമയും അഞ്ജലി (1991) 500ാമത്തെ സിനിമയും ‘താരൈ തപ്പട്ടൈ’ 1000ാമത്തെ സിനിമയുമാണ് .

ഒഫീഷ്യല്‍ കണക്കുകള്‍ പ്രകാരം ഇളയരാജ 1000ത്തിലേറെ സിനിമകള്‍ക്ക് മ്യൂസിക് കമ്പോസ് ചെയ്തു. 1300ലധികം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. മുടങ്ങിപ്പോയതും റിലീസ് ആവാത്ത ചിത്രങ്ങളും ഉള്‍പ്പടെ ആണിത്.

ഇളയരാജയുടെ ആദ്യചിത്രം അന്നക്കിളി (1976)യുടെ സോങ് റെക്കോര്‍ഡിങ് സമയം. അക്കാലത്തെ മോസ്റ്റ് പോപുലര്‍ സിങ്ങര്‍ ആയ എല്‍ ആര്‍ ഈശ്വരിയെക്കൊണ്ട് ഈ സിനിമയിലെ ഒരു പാട്ട് പാടിക്കണമെന്നു ഇളയരാജക്ക് മോഹം. അവരുടെ അടുക്കല്‍ ഒരു പാട്ട് പാടാന്‍ അഭ്യര്‍ത്ഥിച്ചു. പുതിയ പിള്ളേരുടെ പടത്തില്‍ ഒന്നും ഞാന്‍ പാടില്ല എന്ന് പറഞ്ഞു രാജയെ അവര്‍ അപമാനിച്ചയച്ചു. പാടാനുള്ള ആ അവസരം ജാനകിയമ്മ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പിന്നീട് ഉണ്ടായത് ചരിത്രം. പിന്നീട് എല്‍ ആര്‍ ഈശ്വരി ഇളയരാജയുടെ ഒരു പാട്ടും പാടിയിട്ടില്ല! അതും ചരിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരകാട്ടക്കാരന്‍ (1989) എന്ന സിനിമയുടെ കഥ കേള്‍ക്കാതെ സോങ് സിറ്റുവേഷന്‍ മാത്രം കേട്ടു ഇളയരാജ കമ്പോസ് ചെയ്തതായിരുന്നു അതിലെ ഗാനങ്ങള്‍. ഈ സിനിമയിലെ മാങ്കുയിലെ പൂങ്കുയിലേ ഗാനത്തിന്റെ ട്യൂണ്‍ ചിത്രത്തിന്റെ സംവിധായകനും രാജയുടെ അനുജനുമായ ഗംഗൈ അമരന്‍ നിരസിച്ച ട്യൂണ്‍ ആയിരുന്നു. പിന്നെ നിര്‍ബന്ധപൂര്‍വം ചിത്രത്തില്‍ ഉപയോഗിച്ചതാണ്. പിന്നീട് സൗത്ത് ഇന്ത്യ ആകെ ഒരു വിപ്ലവമുണ്ടാക്കി ഈ ഗാനം.

പ്രശസ്ത കര്‍ണ്ണാട്ടിക് വയലിനിസ്‌റ് എല്‍ സുബ്രമണ്യം ആയിരുന്നു ഹേ റാം (2000) സിനിമയുടെ ആദ്യ കമ്പോസര്‍. അദ്ദേഹം ഒരുക്കിയ പാട്ടുകള്‍ക്കാണ് ചിത്രത്തിലെ ഗാനരംഗങ്ങള്‍ കമലഹാസന്‍ ഷൂട്ട് ചെയ്തത്. പ്രതിഫലത്തെ ചൊല്ലിയുണ്ടായ ചിലതര്‍ക്കങ്ങള്‍ കാരണം എല്‍ സുബ്രമണ്യം പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറി. അതിനു ശേഷമാണു കമല്‍ ഇളയരാജയെ സമീപിക്കുന്നതത്. എല്‍ സുബ്രമണ്യം ചെയ്ത ഗാനങ്ങള്‍ വെച്ച് ഷൂട്ട് ചെയ്ത ഗാനരംഗങ്ങളുടെ Lip Sync വെച്ച് ഇളയരാജ കമ്പോസ് ചെയ്ത ഗാനങ്ങള്‍ ആണ് ഇന്ന് നമ്മള്‍ ഹേ റാമില്‍ കേള്‍ക്കുന്നത്. അങ്ങനെ ഒരു വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കമലിനെ ഇളയരാജ രക്ഷിച്ചിരുന്നു.

തമ്പിക്ക് എന്ത ഊരു (1984) എന്ന ചിത്രത്തിലെ ‘കാതലിന്‍ ദീപം ഒന്‍ഡ്രു’ എന്ന ഗാനം ഇളയരാജ ഹെര്‍ണിയ സര്‍ജറി കഴിഞ്ഞു ഹോസ്പിറ്റല്‍ ബെഡില്‍ കിടന്നു വിസില്‍ ചെയ്തു കമ്പോസ് ചെയ്തതാണ്. അത്രമാത്രം ഡെഡിക്കേഷന്‍ ആണ് അദ്ദേഹത്തിന് സിനിമയോടും സഗീതത്തിനോടുമുള്ളത്.

‘പഞ്ചമുഖി’ എന്നൊരു രാഗം ഇളയരാജ കണ്ടെത്തി ചെന്നൈ മ്യൂസിക് അക്കാദമി ഇത് certify ചെയ്തിരുന്നു. അതിനാല്‍ 1994ഇല്‍ ചെന്നൈ മ്യൂസിക് അക്കാദമി ഇളയരാജയെ ആദരിച്ചിരുന്നു. സിന്ധു ഭൈരവി എന്ന ചിത്രത്തില്‍ കല്യാണി രാഗത്തിന്റെ ആരോഹണത്തില്‍ മാത്രം ഒരു ഗാനം ചിട്ടപ്പെടുത്തി. കൂടാതെ ‘സ രി ഗ’ എന്ന 3 സ്വരങ്ങള്‍ കൊണ്ട് മാത്രം ഒരു ഗാനം കമ്പോസ് ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വിവാദി രാഗങ്ങള്‍ സിനിമ സംഗീതത്തില്‍ ഉപയോഗിച്ചത് ഇളയരാജയാണ് മാത്രമല്ല ‘രീതിഗൗള’ എന്ന രാഗം ആദ്യമായി സിനിമ സംഗീതത്തില്‍ ഉപയോഗിച്ചതും രാജയാണ്. ഹിന്ദുസ്ഥാനി സംഗീതവും വെസ്റ്റേണ്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കും കൊണ്ടെല്ലാം സമ്പന്നമാണ് ഇളയരാജ സംഗീതം. 1984 ഇല്‍ 54 സിനിമകള്‍ക്ക് സംഗീതവും റീ-റിക്കോര്‍ഡിംഗും ചെയ്തിട്ടുണ്ട്.

എസ് ജാനകി, കെ ജെ യേശുദാസ്, എസ് പി ബാലസുബ്രമണ്യം, കെ എസ് ചിത്ര എന്നിവര്‍ ലെജന്ററി സിംഗേഴ്‌സ് ആയതിനു പിറകില്‍ ഇളയരാജക്കു ഉള്ള പങ്ക് വളരെ വലുതാണ്.

കൂടാതെ – Acapella, Acoustic Guitar Propelled Western folk, Afro Tribal, Blue Grass, Disco, Flamenco, Funk, Funk Rock, Heavy Metal, March, Latino, Bossa Nova, Samba, Lounge, Polka, Polo Polka, Rock, Techno, Psychedelia Rock, Funk Rock, Jazz Music, Symphonic Rock, Hard Rock, Blues, Country Music, Rock n Roll ( Blues Sub-Genre), Rhythm & Blues ( R&B – Blues Sub-Genre ), Soft Metal, Opera, Broadway Music, Jazz Waltz / Swing Waltz (Rhythmic Genres), ഈ പറയുന്ന ഇന്റര്‍നാഷണല്‍ മ്യൂസിക് ഴോണേഴ്സ് എല്ലാം ഇളയരാജ ഇന്ത്യന്‍ സംഗീതത്തില്‍ വിവിധ ഭാഷകളിലെ ഗാനങ്ങളില്‍ പറിച്ചു നട്ടിട്ടുണ്ട്.

മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം 5 തവണ ഇളയരാജക്ക് ലഭിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം സാഗര സംഗമത്തിന് (1983 ) ഇളയരാജക്കു ആദ്യത്തെ ദേശീയ പുരസ്‌കാരം. രണ്ടാമത്തെ ദേശീയ പുരസ്‌കാരം സിന്ധു ഭൈരവി(1985) എന്ന തമിഴ് ചിത്രത്തിനായിരുന്നു. മൂന്നാമത്തെ ദേശീയ പുരസ്‌കാരം രുദ്രവീണ (1988) എന്ന തെലുങ്ക് ചിത്രത്തിനായിരുന്നു. പഴശ്ശിരാജ(2010)ക്കും, താരയ് തപ്പൈ (2016)ക്കും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. താരയ് തപ്പട്ടൈ ക്കു കിട്ടിയ പുരസ്‌കാരം ഇളയരാജ നിരസിച്ചിരുന്നു.

സമ്മോഹനം (1994) കല്ല് കൊണ്ടൊരു പെണ്ണ് (1998) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരവും, കാലാപാനി (1995)ക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2010 ല്‍ പദ്മഭൂഷണും, 2018 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ഇളയരാജയെ ആദരിച്ചു. ഇന്ന് 77ാം പിറന്നാള്‍ ആഘോഷിക്കുന്ന രാജാ സാറിനു എല്ലാ ആശംസകളും അതോടൊപ്പം ഇനിയും അദ്ദേഹം സംഗീതം കൊണ്ട് അദ്ഭുതങ്ങള്‍ കാണിച്ചു നമ്മെ വിസ്മയിപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അരുണ്‍ ദിവാകരന്‍

We use cookies to give you the best possible experience. Learn more