ഇക്ക, ഇത്ത കഥയിലെ വസ്തുതകള്‍
News of the day
ഇക്ക, ഇത്ത കഥയിലെ വസ്തുതകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th August 2016, 10:07 am

ഉസ്താദിനു പരിക്കേറ്റു എന്ന് ആ ഉമ്മയ്ക്ക് മനസ്സിലായിരുന്നില്ല. താന്‍ നില്‍ക്കുന്ന തുരുത്തിനും തീരത്തിനും ഇടയ്ക്ക്(ആദ്യം പറഞ്ഞ രണ്ടുമീറ്റര്‍ വീതി വരുന്ന ഭാഗത്ത്) ഏതാണ്ട് ആറടി താഴ്ചയില്‍ വെള്ളമുണ്ടെന്നും ഉമ്മയ്ക്ക് മനസ്സിലായിരുന്നില്ല.”സാരമില്ല, ഇക്ക വന്നു പിടിച്ചോളും” എന്ന് ഉമ്മ പറയുന്നു.ഇതുകേട്ട് രാഹുല്‍ “സാരമില്ല, എനിക്ക് ഉമ്മയുടെ മകന്റെ പ്രായമല്ലേയുള്ളു, എന്റെ കയ്യില്‍ പിടിക്കൂ” എന്നുപറഞ്ഞ് കൈ പിടിച്ച് ഉമ്മയെ തീരത്തെത്തിച്ചു.


fbn-1


| എഫ്.ബി നോട്ടിഫിക്കേഷന്‍: പോള്‍ മാത്യു |


ഞാന്‍, പോള്‍ മാത്യു, കോതമംഗലം എം.എ. കോളജില്‍ ഇംഗ്ലിഷ് അധ്യാപകന്‍. എന്റെ കൂടെയുള്ളത് ബി.എ. ഇംഗ്ലിഷ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി ജോയല്‍.

വസ്തുതകള്‍

അപകടം നടന്നു എന്നത് ശരി. പക്ഷേ പുഴയില്‍ കുത്തൊഴുക്കുള്ള വെള്ളം ഉണ്ടായിരുന്നു എന്നത് അര്‍ത്ഥസത്യം. വീണിടത്ത് നിലയുണ്ടായിരുന്നില്ല. 10 അടി താഴെ പുഴയില്‍ ചെറിയ ഒരു തുരുത്തുണ്ടായിരുന്നു. ഇവിടെ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ വീണ മധ്യവയ്‌സ്‌കയായ ഭാര്യ ഒഴുക്കില്‍പ്പെട്ട് ഇവിടെ എത്തിയപ്പോള്‍ അവര്‍ക്ക് മണ്ണില്‍ കാല്‍കുത്തി നില്‍ക്കാന്‍ കഴിഞ്ഞു.

പൂനെയില്‍ ആര്‍മ്മി സിഗ്‌നല്‍സില്‍ കമ്മാന്‍ഡോ ആയ രാഹുല്‍ രാമചന്ദ്രന്‍ തൊട്ടുപിറകെ ബൈക്കിലെത്തി. റോഡില്‍ പാലത്തിന്റെ പടിഞ്ഞാററ്റത്ത് ഏഴടി താഴ്ച്ചയുള്ള പുഴത്തീരത്തേക്ക് (മണ്ണിലേക്ക്) ചാടി. അവിടെ നിന്ന് സ്ത്രീ നിന്നിരുന്ന തുരുത്തിലേക്ക് ഏതാണ്ട് രണ്ടുമീറ്റര്‍ അകലമുണ്ടായിരുന്നു. രാഹുല്‍ വെള്ളത്തില്‍ ചാടി തുരുത്തിലെത്തി. കുട്ടികളാരെങ്കിലും കൂടി വെള്ളത്തില്‍ വീണിട്ടുണ്ടാവുമെന്നാണു രാഹുല്‍ ഭയന്നത്.

തുരുത്തിലെത്തി രാഹുല്‍ മറ്റാരും അപകടത്തിലായില്ല എന്നുറപ്പിച്ചപ്പോള്‍ ഏതാണ്ട് മുട്ടിനുപൊക്കം വെള്ളത്തില്‍ തുരുത്തില്‍ നില്‍ക്കുന്ന സ്ത്രീയോട് വരൂ എന്നു പറഞ്ഞ് കൈ നീട്ടി. മുകളില്‍ നില്‍ക്കുന്ന ഭര്‍ത്താവ് (അടിമാലിയില്‍ നിന്നു വന്ന് നെയ്‌ശ്ശേരി മാരാമറ്റം എന്ന സ്ഥലത്ത് താമസിക്കുകയും നാട്ടുകാര്‍ “അടിമാലി ഉസ്താദ്” എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സാത്വികനായ ഒരു മനുഷ്യന്‍) ഈ സമയം തനിക്കേറ്റ പരിക്കുകള്‍ വകവയ്ക്കാതെ താഴേയ്ക്കിറങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു.

thomman-kumj

ഉസ്താദിനു പരിക്കേറ്റു എന്ന് ആ ഉമ്മയ്ക്ക് മനസ്സിലായിരുന്നില്ല. താന്‍ നില്‍ക്കുന്ന തുരുത്തിനും തീരത്തിനും ഇടയ്ക്ക്(ആദ്യം പറഞ്ഞ രണ്ടുമീറ്റര്‍ വീതി വരുന്ന ഭാഗത്ത്) ഏതാണ്ട് ആറടി താഴ്ചയില്‍ വെള്ളമുണ്ടെന്നും ഉമ്മയ്ക്ക് മനസ്സിലായിരുന്നില്ല.”സാരമില്ല, ഇക്ക വന്നു പിടിച്ചോളും” എന്ന് ഉമ്മ പറയുന്നു.ഇതുകേട്ട് രാഹുല്‍ “സാരമില്ല, എനിക്ക് ഉമ്മയുടെ മകന്റെ പ്രായമല്ലേയുള്ളു, എന്റെ കയ്യില്‍ പിടിക്കൂ” എന്നുപറഞ്ഞ് കൈ പിടിച്ച് ഉമ്മയെ തീരത്തെത്തിച്ചു.

“ഞങ്ങള്‍ ബൈക്കില്‍ത്തന്നെ ആശുപത്രിയില്‍ പൊയ്‌ക്കോളാം” എന്ന് ഉസ്താദ് പറഞ്ഞെങ്കിലും സമീപവാസികള്‍ “അതു വേണ്ട” എന്നു പറഞ്ഞ് അടുത്തുള്ള ഒരു ഓട്ടോറിക്ഷ വിളിച്ച് അവരെ കരിമണ്ണൂര്‍ ആശുപത്രിയിലേക്കു വിട്ടു ഉസ്താദിന്റെ കാല്‍പാദത്തിനു പരിക്കുണ്ട്. ഉമ്മയുടെ ചുണ്ടിനും അല്‍പ്പം മുറിവേറ്റിട്ടിണ്ട്.

രാഹുല്‍ ജൂലായ് ആദ്യം നാല്‍പ്പതു ദിവസത്തെ അവധിക്ക് പൂനെയില്‍ നിന്ന് നാട്ടിലെത്തിയതാണു. ഓഗസ്റ്റ് 10നു പൂനെയില്‍ ഡ്യൂട്ടിക്ക് ചേരണം. (ഇന്ന് ചേര്‍ന്നു കാണണം). 7 ഓഗസ്റ്റ് ഞായറാഴ്ച്ച രാത്രി 11.30നു എറണാകുളത്തുനിന്ന് പൂനെയിലേക്ക് പുറപ്പെടുന്ന ട്രെയിനിനു തിരിച്ചുപോകാന്‍ എടുത്ത ടിക്കറ്റ് പോക്കറ്റില്‍ കിടന്ന് നനഞ്ഞുപോയി. അത് ക്യാന്‍സല്‍ ചെയ്ത് ഒരു ദിവസത്തേക്ക് യാത്ര മാറ്റിവച്ച് വീണ്ടും ബുക്ക് ചെയ്താണു തിങ്കളാഴ്ച്ച രാത്രി 11.30ന്റെ ട്രെയിനിനു രാഹുല്‍ പോയത്.

രാഹുലിന്റെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍. ഇലക്ട്രിഷ്യനായും പ്ലംമ്പറായും ജോലി ചെയ്യുന്നു. അമ്മ അംബിക.രാഹുലിനു വയസ്സ് 24. കോരുത്തോട് സ്‌കൂളിലെ കായികാധ്യാപകന്‍ തോമസ് മാഷിന്റെ വല്‍സല ശിഷ്യനായിരുന്നു. സഹോദരങ്ങള്‍ അഞ്ചിത, അംഗിത. ട്വിന്‍സ്. രണ്ടു മിടുക്കി സുന്ദരിക്കുട്ടികള്‍. ഒരാള്‍ തൊടുപുഴ എച്.ആര്‍ ഡിയിലും മറ്റൊരാള്‍ തൊടുപുഴ കൊ ഓപറേറ്റിവ് കോളജിലും പഠിക്കുന്നു. മക്കള്‍ക്ക് ജാതിവാല്‍ ചേര്‍ക്കുന്നത് ഇന്നത്തെ കാലത്ത് അനാവശ്യമാണെന്ന് മാതാപിതാക്കള്‍ക്ക് തോന്നുന്നതുകൊണ്ട് പേരുകള്‍ രാഹുല്‍ രാമചന്ദ്രന്‍, അഞ്ചിത രാമചന്ദ്രന്‍, അംഗിത രാമചന്ദ്രന്‍ എന്നുമാത്രം.

രാഹുലിന്റെ വീട്ടില്‍ ബന്ധപ്പെട്ട പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും കൊടുക്കരുത് എന്നു രാഹുല്‍ കര്‍ശ്ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അടിമാലി ഉസ്താദിന്റെ വീട്ടില്‍ ഞങ്ങള്‍ക്കു ലഭിച്ചത് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടുക്കുന്ന സ്വീകരണം. പരിക്കേറ്റ കാല്‍പ്പാദം ഡ്രെസ് ചെയ്തിട്ടുണ്ട്. വാതിലിനു പുറകില്‍ നിന്ന് “ഉമ്മ കട്ടന്‍ ചായയില്‍ പഞ്ചസാര ആകാമോ?” എന്നുചോദിക്കുന്നു. ഉസ്താദിനേയും പല മാധ്യമങ്ങളും സമീപിച്ച് “നമുക്കു നിഷേധിച്ച് പ്രസ്താവന ഇറക്കണം” എന്നു നിര്‍ബന്ധിക്കുന്നു.

ഉസ്താദ് എന്തെങ്കിലും വിധത്തിലുള്ള പ്രസ്താവന കൊടുക്കാന്‍ വിസമ്മതിക്കുന്നു. “എന്റ് കാല്‍ സുഖപ്പെടുന്നതിനു മുന്‍പ് ആ കുട്ടി പോയല്ലോ, എനിക്ക് അവനെക്കണ്ട് ഒന്നു നന്ദി പറയാനായില്ലല്ലോ” എന്ന് ഉസ്താദ് സങ്കടപ്പെടുന്നു. “ദൈവം എല്ലാ മനുഷ്യന്റേയും മനസ്സിനുള്ളിലല്ലേ, അവനെ ദൈവം അനുഗ്രഹിക്കട്ടെ” എന്നു പ്രാര്‍ത്ഥിക്കുന്നു. (ഞങ്ങള്‍ രാഹുലിന്റെ വീടിന്റെ മുന്‍ വാതിലിനു മുകളിലുള്ള ശിവ പാര്‍വ്വതിമാരുടെ ചിത്രം മനസ്സിലോര്‍ക്കുന്നു.)