| Thursday, 5th July 2018, 10:04 am

പതിനൊന്നംഗ കുടുംബത്തിന്റെ ആത്മഹത്യ മോക്ഷപ്രാപ്തിക്ക് വേണ്ടി; കൊലപാതക സാധ്യത തള്ളി പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുറാഡിയില്‍ പതിനൊന്നംഗ കുടുംബത്തിന്റെ കൂട്ടമരണം ആത്മഹത്യയെന്ന് ശരിവെച്ച് പൊലീസ്. മോക്ഷ പ്രാപ്തിക്ക് വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്ന് സൂചിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മരണത്തില്‍ പുറത്തുനിന്നാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

മരണത്തിന് കുടുംബാംഗങ്ങള്‍ സന്നദ്ധരാണെന്ന് സൂചിപ്പിക്കുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങളെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.


റെയില്‍വേ മന്ത്രി ചതിച്ചു; അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പില്ല


വീട്ടില്‍നിന്ന് ഒരാളുടെ ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ പുലര്‍ത്തിപ്പോന്ന വിശ്വാസത്തിന്റെ ഭാഗമായാണ് മരണമെന്ന് 11 വര്‍ഷമായി എഴുതിവരുന്ന ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നു.

മരണത്തില്‍ പിതാവ് രക്ഷകനായി എത്തുമെന്നും അതിലൂടെ അതീന്ദ്രിയ ശക്തി കൈവരിക്കാമെന്നുമായിരുന്നു നാരായണദേവിയുടെ മകന്‍ ലളിതിന്റെ ഡയറിക്കുറിപ്പിലുള്ളത്.

ശനിയാഴ്ച രാത്രി പത്തിന് നാരായണദേവിയുടെ മൂത്ത മരുമകള്‍ അഞ്ച് സ്റ്റൂളുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സ്റ്റൂളുകളാണ് തൂങ്ങാനായി ഉപയോഗിച്ചിരിക്കുന്നത്. കൈകള്‍ കെട്ടിവരിഞ്ഞിരിക്കുന്ന കമ്പിവയറുകള്‍ വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്ന് വീട്ടിലെത്തിച്ചത് ധ്രുവ്, ശിവം എന്നീ ആണ്‍കുട്ടികളാണ്.


സുപ്രീം കോടതി വിധിച്ചിട്ടും കെജ്‌രിവാളിന് തിരിച്ചടി: സര്‍വ്വീസസ് സെക്രട്ടറിക്കയച്ച ഫയല്‍ തീര്‍പ്പാക്കാതെ മടങ്ങി


പത്തേകാലിനാണ് കുട്ടികള്‍ വയറുകളുമായി വീട്ടിനുള്ളില്‍ കയറിയത്. പത്തേമുക്കാലിന് 20 റൊട്ടികള്‍ ധാബയിലെ ജീവനക്കാരന്‍ വീട്ടിലെത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

10.57-ന് നാരായണദേവിയുടെ മകന്‍ ഭവനേഷ് വളര്‍ത്തുനായയുമായി പുറത്തിറങ്ങി. 11.04-ന് ഇദ്ദേഹം തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. രാവിലെ അഞ്ചേമുക്കാലിനാണ് പാലുകൊണ്ടുവരുന്നയാളും അയല്‍ക്കാരും മൃതദേഹങ്ങള്‍ കണ്ടത്. പാല്‍ക്കാരന്‍ പാലുമായി വരുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ആചാരത്തിന് മേല്‍നോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.

ലളിതിന്റെ ഡയറിയില്‍ നടക്കേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി എഴുതിവെച്ചിട്ടുണ്ട്. ജൂണ്‍ 30-ന് എഴുതിയ അവസാന ഡയറിക്കുറിപ്പില്‍ ദൈവത്തിലേക്കുള്ള വഴിയെന്ന തലക്കെട്ടോടെയാണ് ഇക്കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.


പാഠപുസ്തകത്തില്‍ ഗോധ്ര കലാപത്തെക്കുറിച്ചും ഹിന്ദുത്വ അജണ്ടയെക്കുറിച്ചും പരാമര്‍ശം: തിരുത്തണമെന്ന് എം.എച്ച്.ആര്‍.ഡിയോട് മധ്യപ്രദേശ് സര്‍ക്കാര്‍


പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയ പിതാവാണ് തനിക്കിതെല്ലാം പറഞ്ഞുതരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. ലളിതിന്റെ അനന്തരവള്‍ പ്രിയങ്കയും ഡയറിയെഴുതിയിട്ടുണ്ട്. ഫെയ്സ്ബുക്കിലും പ്രിയങ്ക ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു.

കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. ആരും മരിക്കില്ലെന്ന്
ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഡയറിയിലെ വിവരങ്ങള്‍ പറയുന്നു. ” ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക. അതിന്റെ നിറം മാറുമ്പോള്‍ ഞാന്‍ നിങ്ങളെ രക്ഷിക്കാനെത്തും” എന്ന് പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളില്‍ ലളിത് എഴുതിയിട്ടുണ്ട്. അവസാന കര്‍മവും പൂര്‍ത്തിയായ ശേഷം ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനും ധാരണയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more