| Friday, 5th March 2021, 1:26 pm

പെട്രോള്‍ വിലവര്‍ധനവില്‍ മോദി പറയുന്ന വ്യാജ കണക്കുകളുടെ യാഥാര്‍ത്ഥ്യം ഇതാണ്

ഷഫീഖ് താമരശ്ശേരി

ഒരു രാജ്യത്തെ ജനത ഒന്നടങ്കം ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധികളിലകപ്പെട്ടിരിക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയെങ്കിലും എന്തെങ്കിലും വിധത്തിലുള്ള ക്ഷേമ ആശ്വാസ പദ്ധതികളുമായി രംഗത്ത് വരുന്നവരാണ് പൊതുവെ ഭരണകൂടങ്ങള്‍. പക്ഷേ നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ അല്‍പം വ്യത്യസ്തരാണ്. വരുമാനം മുഴുവന്‍ നിലച്ച് ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ അര്‍ദ്ധ പട്ടിണിയില്‍ ആത്മഹത്യയുടെ വക്കില്‍ കഴിയുന്ന ജനങ്ങളെ മുഴുപട്ടിണിയിലേക്കും ആത്മഹത്യയിലേക്കും അങ്ങ് നേരിട്ട് തള്ളിവിടുന്നതാണിപ്പോള്‍ ഇന്ത്യയിലെ കേന്ദ്രഭരണകൂടത്തിന്റെ ഒരു സ്റ്റൈല്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ പത്ര ദൃശ്യ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത എല്ലാ ദിവസവും ബ്രേക്കിംഗാണ്. മറ്റൊന്നുമല്ല, രാജ്യത്ത് വീണ്ടും എണ്ണ വില വര്‍ദ്ധിച്ചു. അല്ലെങ്കില്‍ രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്. ഇതാണാ വാര്‍ത്ത.

കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണമുണ്ടായ കടുത്ത സാമ്പത്തിക തകര്‍ച്ച മൂലം തൊഴിലും വരുമാനവുമൊന്നുമില്ലാതെ ജനങ്ങള്‍ പരക്കം പായുമ്പോഴാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ സര്‍ക്കാറിന്റെ സര്‍വ സാമ്പത്തിക ഭാരവും എരിതീയില്‍ നിന്ന് വറചട്ടിയിലേക്കെടുത്തെറിയപ്പെട്ട സാധാരണക്കാരായ ഈ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത്.

‘സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി’ അഥവാ സി.എം.ഐ.ഇ നടത്തിയ പഠനങ്ങള്‍ പ്രകാരം കൊവിഡിന് മുമ്പ് 2019 ല്‍ തന്നെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നമ്മുടെ രാജ്യം കടന്നുചെന്നിട്ടുണ്ട്. രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ജോലി ചെയ്യുന്നവരുടെ വരുമാനം വലിയ രീതിയില്‍ ഇടിഞ്ഞിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് കൊവിഡിനെത്തുടര്‍ന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ കേന്ദ്രം ലോക്ഡൗണ്‍ കൂടി പ്രഖ്യാപിക്കുന്നത്. അതോടെ സ്ഥിതി രൂക്ഷമായി. കമ്പനികള്‍ അടച്ചു പൂട്ടി, തൊഴിലാളികള്‍ പെരുവഴിയിലായി, അസംഘടിത മേഖല ചലനമറ്റു, സമ്പദ് വ്യവസ്ഥ നിലം പതിച്ചു. ആ തകര്‍ച്ചയില്‍നിന്ന് ഇനിയും നമ്മുടെ രാജ്യം കര കയറിയിട്ടില്ല. അതിനിടെയാണ് സര്‍ക്കാര്‍ ഇങ്ങനെ ഓരോ ദിവസവും ജനങ്ങളുടെ പോക്കറ്റടിക്കുന്നത്. സാധാരണക്കാരായ മനുഷ്യര്‍ ഏതെങ്കിലും വിധത്തില്‍ ജീവിച്ചുപോകരുത് എന്ന ഒരു വാശി സര്‍ക്കാറിനുള്ളത് പോലെ.

രാജ്യത്തിന്റെ സാമ്പത്തിക വ്യവഹാരങ്ങളെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ ജനങ്ങളുടെ ജീവിതത്തെയും അടിമുടി ബാധിക്കുന്ന തരത്തില്‍ പെട്രോല്‍ ഡീസല്‍ പാചകവാതക വിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രം വളരെ തന്ത്രപൂര്‍വം അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു എന്നതാണ് കൂടുതല്‍ ഭീകരം.

തമിഴ്നാട്ടിലെ ഓയില്‍ – ഗ്യാസ് പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ച ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ്: ”ആരെയും കുറ്റപ്പെടുത്താനല്ല; പക്ഷേ, എണ്ണയും വാതകവും ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം മുമ്പേ ഒഴിവാക്കിയിരുന്നെങ്കില്‍ നമ്മുടെ മധ്യവര്‍ഗം ഇങ്ങനെ വിഷമിക്കില്ലായിരുന്നു”. അതായത് ആഭ്യന്തരമായ എണ്ണ ഉത്പാദനത്തിന് മുന്‍കൈ എടുക്കാത്ത മുന്‍ സര്‍ക്കാറുകളാണ് വിഷയത്തില്‍ കുറ്റക്കാരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവായി.

ഇന്ധനവില പ്രശ്നം ‘മഹാഭയങ്കര ധര്‍മസങ്കട’മാണെന്നും പെട്ടെന്നൊന്നും പരിഹാരമില്ലെന്നും പറഞ്ഞ് ധനമന്ത്രി നിര്‍മലാ സീതീരാമനും കൈമലര്‍ത്തി. പെട്രോള്‍ വില വര്‍ധനവുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കേവലം വാഹനങ്ങളുടെ ഇന്ധനവിലയില്‍ മാത്രം തീരില്ലെന്നും രാജ്യത്തെ മൊത്തം ഉത്പന്നങ്ങളുടെ വില പെട്രോള്‍ ഡീസല്‍ വിലയെ ആശ്രയിച്ചിരിക്കുകയാണെന്നതും ആര്‍ക്കുമറിയാത്തതല്ലല്ലോ.

ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ കൈമലര്‍ത്തല്‍. രാജ്യത്തെ ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി നിലപാടെടുക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായിരിക്കണം.

എണ്ണവില നിയന്ത്രണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വളരെ കൃത്യമായും എണ്ണവില നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളായിരുന്നു അത്. ഒടുവില്‍ കഴിഞ്ഞ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നപ്പോള്‍ രാജ്യത്ത് എണ്ണ വില ഉയരാതെ നോക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതായത് സര്‍ക്കാര്‍ വിചാരിച്ചാല്‍ വിലനിയന്ത്രണം സാധ്യമാണ് എന്നര്‍ത്ഥം.

ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ ഈ രീതിയില്‍ അനുദിനം പെട്രോള്‍ ഡീസല്‍ പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകുന്നതില്‍ ഒരു വിരോധാഭാസമുണ്ട്. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുമ്പോള്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം എണ്ണയുടെ വിലവര്‍ധനവായിരുന്നു എന്നതാണത്. അന്ന് ബി.ജെ.പി നേതാക്കള്‍ നടത്തിയ സമരങ്ങളും പ്രസംഗങ്ങളുമെല്ലാം നമുക്കെല്ലാവര്‍ക്കും ഓര്‍മയുണ്ട്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ധന വില വര്‍ധനവെന്നായിരുന്നു അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നത്. അതേ നരേന്ദ്രമോദി ഭരണത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ഭരണ കാലത്തെ ഇന്ധനവില വര്‍ധനവൊന്നും കണക്കില്‍ പെടുത്താന്‍ പോലും ഇല്ലാതായി പോയി എന്നതാണ് വസ്തുത.

മോദി സര്‍ക്കാറിന്റെ കാലത്തെ ഈ രീതിയിലുള്ള എണ്ണ വില വര്‍ധനവിന് കാരണമായി കേന്ദ്രം പറയുന്നത് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ അഥവാ ക്രൂഡ് ഓയിലിന്റെ വിലവര്‍ധവനാണ്. എന്നാല്‍ മോദി സര്‍ക്കാറിന്റെ ഈ കണക്കുകളും വിശദീകരണങ്ങളും അവകാശ വാദങ്ങളും തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടും.

വസ്തുതകള്‍ പരിശോധിക്കാം. 2014ല്‍ മോദി അധികാരമേല്‍ക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിനടുത്തായിരുന്നു. അന്നാകട്ടെ പെട്രോളിന്റെ ശരാശരി വില 72 രൂപയും. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഇതുവരെയുള്ള വര്‍ഷങ്ങളിലെല്ലാം ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവായിരുന്നു സംഭവിച്ചത്. ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് വെറും 48 ഡോളറിനടുത്താണ്. അതായത് ബി.ജെ.പി അധികാരത്തില്‍ വരുന്ന സമയത്തെ ക്രൂഡ് ഓയില്‍ വിലയായ 100 ഡോളറിന്റെ പകുതിയില്‍ താഴെ മാത്രം.

ക്രൂഡ് ഓയിലിന്റെ വിലയിലുള്ള കുത്തനെയുള്ള ഈ ഇടിവ് സ്വാഭിവകമായും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയരീതിയില്‍ കുറയ്ക്കുകയാണ് വേണ്ടത്. പക്ഷെ, വിരോധാഭാസമെന്ന് പറയാം ഒരിക്കല്‍ പോലും മോദി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ ഇന്ധനവില ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായി കുറഞ്ഞില്ല എന്ന് മാത്രമല്ല പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ വര്‍ധനവുണ്ടാക്കുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ പെട്രോളിന്റെ നിലവിലെ വില 95 രൂപയ്ക്ക് മുകളിലാണ് മിക്കയിടങ്ങളിലും.

മോദി സര്‍ക്കാര്‍ പറയുന്നത് പോലെ ക്രൂഡ് ഓയിലിന്റെ വില മാത്രമാണ് പെട്രോള്‍ ഡീസല്‍ വിലയെ നിശ്ചയിക്കുന്നതെങ്കില്‍ കണക്കുകള്‍ പ്രകാരം ഇന്ന് ഏതാണ്ട് 35 രൂപയ്ക്ക് ഇന്ത്യയില്‍ പെട്രോള്‍ കിട്ടണം.

അനുദിനം കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് നമ്മളെ അത്ഭുതപ്പെടുത്താതായിട്ട് കാലങ്ങളായി. എങ്കിലും രാജ്യത്ത് ഈ വില വര്‍ധനവ് വരുന്ന സമയത്തെല്ലാം എല്ലാവരുടെയും മനസ്സില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില ആരാണ് നിശ്ചയിക്കുന്നത്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോഴെല്ലാം അതിനനുസരിച്ച് കൂടുന്ന എണ്ണ വില ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ അതിനനുസരിച്ച് കുറയാത്തതെന്തുകൊണ്ടാണ്. ഈ വിശദാശംങ്ങള്‍ കൂടി പരിശോധിക്കാം.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം. പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.

അതിനാല്‍ രാജ്യത്തെ ഇന്ധനവില ഒരു വണ്‍ വേ റോഡ് പോലെയാണ്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തെല്ലാം പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും. പക്ഷെ നേരെ തിരിച്ച് ക്രൂഡ് ഓയില്‍ വില കുറയുന്ന സമയത്തൊന്നും പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയില്‍ യാതൊരു മാറ്റവുമുണ്ടാകാറില്ല.

അതിന്റെ കാരണം ആ സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് തീരുവ അടക്കമുള്ള നികുതികള്‍ ഉയര്‍ത്തുന്നതാണ്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ഈ നികുതിയിനത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാരുകള്‍ ഒരു കാലത്തും ശ്രമിക്കാറില്ല. അതിനാല്‍ തികച്ചും ന്യായമായി ലഭിക്കേണ്ട വിലക്കുറവ് ഉപഭോക്താവിന് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും കൂടുതല്‍ പണം നല്‍കേണ്ടിയും വരുന്നു.

പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം 2011ലാണ് സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് നല്‍കുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ ഗുണം എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകും എന്നു പറഞ്ഞുകൊണ്ടായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നത്. പക്ഷെ ഈ വാഗ്ദാനത്തിന്റെ ഗുണം ജനങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചില്ലെന്ന് മാത്രം.

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ എങ്ങിനെയായിരുന്നെന്നും ആ സമയത്ത് ഇന്ത്യയിലെ ഇന്ധനവില എത്തരത്തിലായിരുന്നെന്നും പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ കുറെ കൂടെ വ്യക്തമാകും.

2020 ഫെബ്രുവരിയില്‍ ബാരലിന് 55 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വിലയെങ്കില്‍ മാര്‍ച്ചില്‍ ഇത് 20 ഡോളറിലേക്ക് വരെ ഇടിഞ്ഞിരുന്നു. അന്ന് ഏതാണ്ട് മൂന്നിലൊന്നിടുത്തേക്ക് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും ഇന്ത്യയിലെ റീട്ടെയില്‍ വിലയില്‍ പെട്രോളിനും ഡീസലിനും വിലക്കുറവുണ്ടായിട്ടില്ല. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സമയത്തെല്ലാം എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയെ അങ്ങിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. 2014 മെയില്‍ അധികാരത്തിലെത്തിയ ശേഷം പെട്രോളിന് 258 ശതമാനവും ഡീസലിന് 819 ശതമാനവുമാണ് എക്‌സൈസ് തീരുവയില്‍ മോദി സര്‍ക്കാര്‍ വര്‍ധനവുണ്ടാക്കിയത്.

ഇത്തരത്തില്‍ നഗ്‌നമായ പകല്‍ക്കൊള്ള നടത്തി രാജ്യത്തെ ജനതയെ ഒന്നടങ്കം പിഴിയുന്ന സര്‍ക്കാറാണ് തങ്ങളൊന്നുമറിയില്ല. തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന മട്ടില്‍ നിസ്സഹായത അവതരിപ്പിച്ചും വ്യാജ കണക്കുകള്‍ നിരത്തിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

Content Highlight: Facts behind fuel price increase in india

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more