എന്താണ് ഈ ഫ്രീബ്ലീഡിംഗ്? ആര്‍ത്തവവും ഫ്രീബ്ലീഡിംഗും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഇതാ...
Health
എന്താണ് ഈ ഫ്രീബ്ലീഡിംഗ്? ആര്‍ത്തവവും ഫ്രീബ്ലീഡിംഗും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഇതാ...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 12:58 pm

 

ആര്‍ത്തവവും ആ സമയത്തുണ്ടാകുന്ന ബ്ലീഡിംഗിനെപ്പറ്റിയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അടുത്തിടയായി കേള്‍ക്കുന്ന ഒരു പ്രധാന സംഗതിയാണ് ഫ്രീബ്ലിഡിംഗ്.

ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ സാനിറ്ററി നാപ്കിന്‍ അടക്കമുള്ളവ ഉപയോഗിക്കാതെയിരിക്കുന്ന അവസ്ഥയാണ് ഫ്രീബ്ലീഡിംഗ് എന്നുപറയുന്നത്. മെന്‍സ്ട്രല്‍ കപ്പുകള്‍, ടാമ്പൂണുകള്‍ എന്നിവയൊന്നും ഉപയോഗിക്കാതെ രക്തപ്രവാഹത്തെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുന്ന സ്ഥിതിയാണിത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഫ്രീബ്ലീഡിംഗും സ്ത്രീകളുടെ ആര്‍ത്തവവൃത്തിയും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ഫ്രീബ്ലീഡിംഗ് എന്നത് ഒരു പുതിയ കാഴ്ചപ്പാടല്ല. ചരിത്രാതീതകാലം മുതല്‍ നിലനിന്നിരുന്നെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫ്രീബ്ലീഡിംഗിന്റെ പ്രധാന സവിശേഷതകള്‍

ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഫ്രീബ്ലീഡിംഗ് എന്ന രീതി പിന്തുടര്‍ന്നിരുന്നവരാണ് നമ്മുടെ ചരിത്രത്തിലെ സ്ത്രീകളെല്ലാവരും എ്ന്നാണ്. ആര്‍ത്തവ സമയത്തെ രക്തത്തിന്റെ സ്വഭാവിക ഒഴുക്കിനെ തടഞ്ഞുനിര്‍ത്താന്‍ ഇവരില്‍ പലരും ആഗ്രഹിച്ചിരുന്നില്ല. ഫ്രീബ്ലീഡിംഗ് എന്നതിനെ പ്രകൃതിയുടെ പ്രത്യേകതയായി കണ്ടിരുന്നവരാണ് ചരിത്ത്രതിലെ സ്ത്രീകള്‍.

ഫ്രീബ്ലീഡിംഗ് സ്ത്രീകളെ കൂടുതല്‍ സ്വതന്ത്രമാക്കുന്നു

യാത്രകള്‍ പോകുമ്പോഴും, മറ്റ് അവസരങ്ങളില്‍ പുറത്തേക്ക് പോകുമ്പോഴും ആര്‍ത്തവ പ്രശ്‌നങ്ങള്‍ സ്ത്രീകളെ വലയ്ക്കാറുണ്ട്. പാഡുകള്‍ മാറ്റാനുള്ള ബുദ്ധിമുട്ട്, തുടങ്ങിയവ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ശരീരത്തിലുണ്ടാകുന്ന ആര്‍ത്തവരക്തത്തെ തടഞ്ഞുനിര്‍ത്തുന്നത് അത് സ്വതന്ത്രമായി ഒഴുകാനുള്ളതാണെന്ന വാദമാണ് ഫ്രീബ്ലീഡിംഗ് അനുഭവസ്ഥരുടെ വാദം.

ആര്‍ത്തവത്തെ മാറ്റിനിര്‍ത്തുന്ന സമൂഹത്തിനുള്ള മറുപടിയാണ് ഫ്രീബ്ലീഡിംഗ്

സമൂഹത്തില്‍ ആര്‍ത്തവത്തെയും സ്ത്രീകളെയും മാറ്റി നിര്‍ത്തുന്ന പ്രവണത വളരെ കൂടുതലാണ്. അത് ഒഴിവാക്കി, ബ്ലീഡിംഗ് എന്നത് പ്രകൃത്യായുള്ള രീതിയാണെന്ന് പറയുന്നവരാണ് ഫ്രീബ്ലീഡിംഗിനെ അനുകൂലിക്കുന്നവരില്‍ പലരും. വൃത്തിവല്‍ക്കരണം ആര്‍ത്തവത്തെ അശുദ്ധമാക്കിയതിനെ എതിര്‍ക്കുകയാണ് ഫ്രീബ്ലീഡിംഗ് ശീലമാക്കുന്നതിലൂടെ ചെയ്യുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

 

 

ആര്‍ത്തവ സംരക്ഷണം ചിലവേറിയതാണെന്ന വാദത്തെ പൊളിച്ചെഴുതാന്‍ ഫ്രീബ്ലീഡിംഗ്

നഗരത്തിലും ഗ്രാമത്തിലും ഒരുവിഭാഗം സ്ത്രീകള്‍ക്ക് പലപ്പോഴും ആര്‍ത്തവ സമയങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകാറില്ല. രക്തപ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ പലരും കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ എന്തിനാണ് ആര്‍ത്തവരക്തത്തെ മറച്ചുവെയ്ക്കുന്നതെന്ന് ഫ്രീബ്ലീഡിംഗ് വക്താക്കള്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തിലെ 12 ശതമാനം സ്ത്രീകള്‍ക്കും ആര്‍ത്തവ സംരക്ഷണത്തിനുള്ള സാഹചര്യങ്ങല്‍ നിലനില്‍ക്കുന്നില്ല. ഉപയോഗ ശൂന്യവും വൃത്തിയില്ലാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ച് രോഗങ്ങള്‍ വരുത്തി വയ്ക്കുന്നതിനെക്കാള്‍ ഭേദം അത്തരം വസ്തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നുമാണ് ഫ്രീബ്ലീഡിംഗ് വിദഗ്ദര്‍ പറയുന്നത്.