ന്യൂദല്‍ഹി: കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍.
പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം എന്ന വ്യാജേന കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേന്ദ്രം അഴിച്ചുവിട്ട അതിക്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കര്‍ഷകരോട് സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് ബോധ്യപ്പെടുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമറിനും അയച്ച കത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സമാധാനപരമായി നടക്കുന്ന കര്‍ഷക പ്രതിഷേധത്തെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു തുറന്ന കത്തെഴുതുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
പ്രതിഷേധിക്കുന്ന കര്‍ഷകരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ നിയമങ്ങള്‍ വിവിധ കമ്മിറ്റികള്‍ വളരെക്കാലമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മധ്യപ്രദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ കര്‍ഷകര്‍ തള്ളിപ്പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഉണ്ടാക്കിയ തെറ്റായ അനുമാനം മാത്രമാണ് അതെന്നും കര്‍ഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ മാസത്തില്‍ തന്നെ തങ്ങളുടെ പ്രക്ഷോഭം ആരംഭിച്ചതായും പ്രതിഷേധം കാരണം പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിലപാട് മാറ്റേണ്ടിവന്നതായും ശിരോമണി അകാലി ദളിന്റെ പ്രവൃത്തി ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പറഞ്ഞു.
എന്‍.ഡി.എയുടെ ഭാഗമായിരുന്ന അകാലിദള്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു സഖ്യമൊഴിഞ്ഞത്.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തോട് അനുകൂല നിലപാട് കാണിക്കാത്ത പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്നീട് പ്രതിഷേധം വ്യാപിച്ചപ്പോള്‍ തീരുമാനം മാറ്റിയെന്നും കത്തില്‍ പറയുന്നു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതുവരെ പിന്മാറില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
‘അടുത്ത നടപടി
ആലോചിക്കുന്നതിനായി ഞങ്ങളുടെ യോഗങ്ങള്‍ നടക്കുന്നുണ്ട്. കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഞങ്ങള്‍ ഒരു കമ്മിറ്റിയുടെ ഭാഗമാകണോ എന്നതിനെക്കുറിച്ച് അടുത്ത രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍, ഞങ്ങള്‍ക്ക് വ്യക്തത ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കര്‍ഷക നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു.
അതേസമയം,നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നോട്ട് വരില്ലെന്നാണ് കേന്ദ്രം വാദിച്ചത്.
ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അംഗീകരിക്കുന്നതായി കോടതി പറഞ്ഞു, അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയോ ബാധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രതിഷേധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ യൂണിയനോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക