| Saturday, 29th February 2020, 3:57 pm

താഹിര്‍ ഹുസൈന്‍ പൊലീസ് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വ്യാജമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി അക്രമത്തില്‍ കൊലപാതക ആരോപണം നേരിടുന്ന ആംആദ്മി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈന്‍ അക്രമസമയത്ത് തന്നെ പൊലീസ് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. താഹിര്‍ ഹുസൈന്‍ നിപരാധിയാണെന്നും അദ്ദേഹമാണ് കലാപത്തിനിടയില്‍ അക്രമം നേരിട്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരു ആംആദ്മി പ്രവര്‍ത്തകന്‍ ഫെബ്രുവരി 24ലെ ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോ വ്യാജമാണെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം നടന്നിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമല്ലെന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നുകാട്ടുന്ന ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് വീഡിയോക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് താഹിര്‍ ഹുസൈനെതിരെയുള്ള ആരോപണം. അങ്കിത് ശര്‍മയുടെ സഹോദരനാണ് താഹിറിനെതിരെ ആരോപണമുന്നയിച്ചത്. താഹിറിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെട്രോള്‍ ബോംബുകളും മറ്റും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു. തുടര്‍ന്ന് ആംആദ്മിയില്‍ നിന്നും താഹിറിനെ പുറത്താക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ നിരപരാധിയാണെന്നും അശ്ലീലമായ രാഷ്ട്രീയമാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് താഹിര്‍ പ്രതികരിച്ചിരുന്നു. ആക്രമണങ്ങള്‍ക്ക് ഇരയായ തന്നെ പ്രതിയാക്കരുതെന്നും താഹിര്‍ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്നതിയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ.

ആംആദ്മി വക്താവായ ദീപക് ബാജ്പായി ഈ വീഡിയോ ഫെബ്രുവരി 24ന് തന്നെ താഹിര്‍ തനിക്ക് വാട്‌സ്ആപ്പില്‍ അയച്ചിരുന്നെന്ന് അറിയിച്ചു. തെളിവായി വാട്‌സ്ആപ്പ് ചാറ്റും അദ്ദേഹം മാധ്യമങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കൂടാതെ ആരോപണങ്ങളില്‍ പറയും പോലെ വീഡിയോ ഫെബ്രുവരി 27ന് ഷൂട്ട് ചെയ്തതാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 24ന് അക്രമികള്‍ തന്റെ വീട്ടിലേക്കും കല്ലെറിഞ്ഞും മറ്റും ആക്രമിക്കുകയാണെന്ന് താഹിര്‍ പറഞ്ഞിരുന്നു. ഈ സംഭവം അതേ ദിവസം തന്നെ ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more