| Tuesday, 31st August 2021, 7:00 pm

'അട്ടപ്പാടിയിലെ പൊലീസ് അതിക്രമത്തിന് പിന്നില്‍ ഭൂമാഫിയ പൊലീസ് ബന്ധം'; വസ്തുതാന്വേഷണ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗസ്റ്റ് 8ന് പുലര്‍ച്ചെ അട്ടപ്പാടിയിലെ വട്ടുലക്കി ആദിവാസി ഊരില്‍ അതിക്രമിച്ച് കയറി ഊര് മൂപ്പന്‍ ചൊറിയ മൂപ്പനെയും മകന്‍ അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.എസ്. മുരുകനെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി ആദിവാസി ഭൂമി തര്‍ക്കങ്ങളില്‍ പൊലിസ് ഭൂമാഫിയയെ സഹായിക്കുന്നതിന്റെ തെളിവാണ്. 1.3.1994 മുതല്‍ 15.6.1996 വരെ കേരള ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ. ആര്‍.രാമചന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം വിദ്യാധിരാജ വിദ്യാസമാജം എന്ന ട്രസ്റ്റ് കൈവശപ്പെടുത്തിയ 55 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത് എതിര്‍ത്ത അതിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസി നേതാക്കളെ ഒതുക്കാന്‍ നടത്തിയ നീക്കമാണ് പൊലീസ് അതിക്രമത്തിന് കാരണമായത്. അട്ടപ്പാടിയില്‍ വ്യാപകമാകുന്ന ആദിവാസിഭൂമി തിരിമറിക്കെതിരേ ഉയരുന്ന ചെറുത്ത് നില്‍പ്പ് തകര്‍ക്കാനുള്ള ആസൂത്രിത നീക്കവും ഇതിന് പിന്നിലുണ്ട് എന്ന് ജനനീതി അന്വേഷണത്തില്‍ വ്യക്തമായി.

ആഗസ്റ്റ് മൂന്നിന് മുരുകനും ബന്ധുക്കളായ കുറുന്താചലവും തമ്മിലുണ്ടായ വഴക്കാണ് മുരുകനെയും മൂപ്പനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് പറയുന്ന കാരണം. ഉച്ചക്ക് മാട് മേയ്ക്കാന്‍ പോയ മുരുകന്റ ഭാര്യ രാജാമണിയെ അതുവഴി സ്വന്തം ടാക്‌സി കാര്‍ ഓടിച്ച് വന്ന കുറുന്താചലം ചീത്ത വിളിച്ചു. തൊട്ടടുത്തുള്ള തന്റെ വീട്ടില്‍ വണ്ടി നിര്‍ത്തി വന്ന ഇയാള്‍ സഹോദരിയെ കല്ലെടുത്ത് എറിഞ്ഞു. വിവരമറിഞ്ഞെത്തിയ മുരുകന്‍ ഇത് ചോദ്യം ചെയ്തു. ഇതാണ് വഴക്കിന് കാരണം.

രാജാമണിയുടെ അമ്മാവന്റെ മകനാണ് കുറുന്താചലം. കുറുന്താചലത്തെ അവിടെ ഉണ്ടായിരുന്ന അളിയന്‍ ചന്ദ്രന്‍ വിലക്കാന്‍ ശ്രമിച്ചു. മദ്യപിച്ച നിലയിലായിരുന്ന കുറുന്താചലത്തിന് നിലത്ത് വീണ് പരിക്ക് പറ്റി. ഈ സംഭവമാണ് അഞ്ച് ദിവസം കഴിഞ്ഞ് ഐ.പി.സി 34, 294, 326, 341, എന്നീ വകുപ്പുകള്‍ ചുമത്തി പുലര്‍ച്ചെ ആറ് മണിക്ക് ഊര് വളഞ്ഞ് പിടികിട്ടാപ്പുള്ളികളായ കൊടുംകുറ്റവാളികളെ പിടികൂടുന്ന രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഷോളയൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ.വിനോദ് കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ആദിവാസികള്‍ക്ക് നേരെ ഇത്തരം നടപടി അട്ടപ്പാടിയില്‍ ആദ്യമാണ്.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നുള്ള ഇന്റിമേഷന്‍ പ്രകാരം കേസ് എടുത്താണ് പൊലിസ് മുരുകനെയും മുപ്പനെയും അറസ്റ്റ് ചെയ്യുന്നത്. ആഗസ്റ്റ് മൂന്നിന് വൈകീട്ട് ആശുപത്രിയില്‍ എത്തിയ കുറുന്താചലത്തെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. അതേസമയം, ഏറില്‍ പരിക്കേറ്റ രാജാമണിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ആഗസ്റ്റ് മൂന്നിന് വഴക്ക് നടക്കുന്നിടത്ത് വെച്ച് മുരുകന്‍ ഷോളയൂര്‍ സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഈ പരാതി തന്നെ എഫ്.ഐ.ആര്‍ ആണ്.

വൈകുന്നേരത്തോടെ സ്ഥലത്ത് എത്താം എന്നാണ് അവര്‍ പറഞ്ഞത്. ഏറ് കൊണ്ട പരിക്കിന് രാജാമണി ചികിത്സ തേടിയ വട്ടുലക്കി സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഇന്റിമേഷന്‍ അയച്ചില്ലെങ്കിലും സി.ഐ.യെ സംഭവം ഫോണില്‍ അറിയിച്ചിരുന്നു. എന്നിട്ടും ഈ സംഭവത്തില്‍ കേസ് എടുക്കാതെയാണ് കുറുന്താചലത്തെ പിടിച്ച് വെച്ച് മാരാകയുധം കൊണ്ട് ആക്രമിച്ചു എന്ന കുറ്റം ചുമത്തി മുരുകനെയും മറ്റും വീട് കയറി അറസ്റ്റ് ചെയ്തത്. സി.ഐ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അമിതാവേശവും ഭൂമാഫിയ വിധേയത്വവുമാണ് ഇതില്‍ കാണിച്ചത്.

അറസ്റ്റിലായവര്‍ അടക്കമുള്ള ഒരു പറ്റം ആദിവാസികളുടേതായിരുന്ന വട്ടുലക്കിയിലെ 55 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരേ അവരുടെ ചെറുത്തുനില്‍പ്പാണ് ഈ അറസ്റ്റിലേക്ക് വഴി വെച്ചത്. 2021 ജൂണ്‍ 23ന് ഹൈറേഞ്ച് ഡവലപ്‌മെന്റ്റ് സൊസൈറ്റി (എഛ്.ആര്‍.ഡി.എസ്) എന്ന സംഘടന ഈ ഭൂമിയില്‍ ഭുമി പൂജക്ക് ചെന്നപ്പോള്‍ ആദിവാസികള്‍ എതിര്‍ത്തു. മണ്ണ് മാന്തി യന്ത്രവും മറ്റുമായ എത്തിയ എഛ്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനും സംഘവും അവിടെ ആദിവസികള്‍ കെട്ടിയിരുന്ന കുടില്‍ പൊളിച്ച് തീ വെച്ചു. സംഭവസമയത്ത് സി.ഐ. വിനോദ് കൃഷ്ണന്‍ അവിടെ ഉണ്ടായിരുന്നു. ഇത് മുന്‍ ചീഫ് സെക്രട്ടറിയുടെ സ്ഥലമാണെന്നും അവിടെ കളിച്ചാല്‍ പ്രത്യഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ആദിവാസികളെ വിളിച്ച് താക്കീത് നല്‍കി. അങ്ങനെയെങ്കില്‍ അദ്ദേഹം ഞങ്ങളെ വിളിക്കട്ടെ എന്ന് ആദിവാസികള്‍ പറഞ്ഞു. തുടര്‍ന്നാണ് തീ വെപ്പ് നടന്നത്. മറ്റൊരിടത്ത് ഭൂമി പുജ നടത്തി അവര്‍ മടങ്ങി.

വട്ടുലക്കിയിലെ തർക്ക ഭൂമി

ആദിവാസികള്‍ക്കെതിരേ അജി കൃഷ്ണന്‍ പൊലിസില്‍ പരാതി നല്‍കി. ആ പരാതിയും പൊലീസ് നടപടിക്ക് കാരണമാണ്. എന്നാല്‍ തങ്ങളുടെ ഭൂമി കൈയ്യേറി എന്ന ആദിവാസികളുടെ പരാതിയില്‍ പൊലീസിന് അനക്കമില്ല. പിന്നീട് ട്രസ്റ്റ് മണ്ണാര്‍ക്കാട് കോടതിയിന്‍ നിന്ന് ആദിവാസികള്‍ക്കെതിരേ ഇഞ്ചങ്ഷന്‍ വാങ്ങി. അതിന് ശേഷമാണ് അറസ്റ്റ്. അട്ടപ്പാടിയില്‍ ഒരു സര്‍വ്വവകലാശാല സ്ഥാപിക്കാനാണ് ഭൂമി എന്നാണ് പരാതിയില്‍ പറയുന്നത്. ഇവിടെ പച്ചമരുന്ന് കൃഷി ചെയ്യാനാണ് പദ്ധതി എന്നാണ് എഛ്.ആര്‍.ഡി.എസ് പറയുന്നത്.

ഈ ഭുമിയുടെ അടിയാധാരം ആദിവാസികളുടെ പേരിലാണ്. 1982-83 കാലത്ത് ഈ ഭൂമി തങ്ങള്‍ വാങ്ങി എന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്. 1975ലെ ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമ പ്രകാരം ആദിവാസി ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിലക്കുള്ള കാലമാണിത്. ഈ നിയമം 99ല്‍ ഭേദഗതി ചെയ്തപ്പോള്‍ ഉണ്ടായ പഴുതുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ എല്ലാ ഭൂമി ഇടപാടുകളും നടക്കുന്നത്. സുസ്ലോണ്‍ കാറ്റാടിയന്ത്രം സ്ഥാപിച്ച ഭൂമി ഇടപാടുകള്‍ അങ്ങനെ നടന്നതാണ്. ആധാരമെഴുത്തുകാരും ഭൂമി ദല്ലാള്‍മാരും രജിസ്‌ട്രേഷന്‍, പൊലിസ്, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു മാഫിയ ആണ് ഇതിന് പിന്നില്‍. ഇത് സംബന്ധിച്ച തെളിവുകളും രേഖകളും ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

’99ലെ ആദിവാസി ഭൂമി ഭേദഗതി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ ചമച്ച് കോടതി വിധി സമ്പാദിച്ച് ആ വിധി നടപ്പാക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ആദിവാസികളെ ഭയപ്പെടുത്തിയാണ് ഭുമി തട്ടിയെടുക്കുന്നത്. സര്‍ക്കാറിന്റെയും ജുഡീഷ്യറിയുടെയും പൊതുസമൂഹത്തിന്റെയും ഇടപെടല്‍ ഈ വിഷയത്തില്‍ അനിവാര്യമാണ്. അട്ടപ്പാടിയിലെ ഭുമി ഇടപാടുകളിലെ തട്ടിപ്പുകളും നിയമലംഘനങ്ങളും പുറത്ത് കൊണ്ടുവരാനും അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കാനും സമഗ്രമായ അന്വേഷണം ആവശ്യമാണ്. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജനനീതി ആവശ്യപ്പെടുന്നു.

അതിനാല്‍ വട്ടുലക്കി അതിക്രമത്തിന് നേതൃത്വം കൊടുത്ത ഷോളയൂര്‍ സി.ഐ. വിനോദ് കൃഷ്ണനെ സസ്‌പെന്റ്റ് ചെയ്ത് എഛ്.ആര്‍.ഡി.എസ് ഉള്‍പ്പടെയുള്ള ഭൂമാഫിയയുമായുള്ള ബന്ധത്തെകുറിച്ച് അന്വേഷണം നടത്തുക, കഴിഞ്ഞ 25 വര്‍ഷമായി അട്ടപ്പാടിയില്‍ നടന്ന മുഴുവന്‍ ഭൂമി ഇടപാടുകളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തുക, അട്ടപ്പാടിയില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആധാരമെഴുത്ത്, രജിസ്‌ട്രേഷന്‍, റവന്യൂ, കോടതി തലങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തുക, അട്ടപ്പാടിയിലെ ആദിവാസി കുടുംബ ഭൂമികള്‍ സെറ്റില്‍മെന്റ് ആധാരം നടത്തി നല്‍കാനും ഭൂമി തര്‍ക്കം സംബന്ധിച്ച് ഒറ്റപ്പാലം ആര്‍.ഡി.ഒ അടക്കമുള്ള അധികാരികളുടെ മുമ്പാകെ കഴിഞ്ഞ പത്ത് വര്‍ഷമായി ആദിവാസികള്‍ നല്‍കിയ പരാതികള്‍ പരിഹരിക്കാനുമുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുക, അട്ടപ്പാടി ആദിവാസി സഹകരണ സംഘം (A C F S) വക രണ്ടായിരത്തോളം ഏക്കര്‍ സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പേരില്‍ നടപടി എടുക്കുക എന്നീ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

അതിദാരുണമാണ് അട്ടപ്പാടിയിലെ സ്ഥിതി. ഭൂമിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അട്ടപ്പാടിയില്‍ നടക്കുന്നത്. ഈ നിലയില്‍ പോയാല്‍ ആദിവാസി വംശഹത്യയാവും ഇവിടെ നടക്കുക. സര്‍ക്കാരിനും ജുഡീഷ്യറിക്കുമൊപ്പം പൊതുസമൂഹത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും അടിയന്തര ഇടപെടല്‍ അട്ടപ്പാടിയില്‍ ആവശ്യമായിരിക്കുന്നു.

അഡ്വ. ജോര്‍ജ് പുലികുത്തിയേല്‍,
സെക്രട്ടറി, ജനനീതി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fact finding note on Attappadi police atrocity

We use cookies to give you the best possible experience. Learn more