ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചുകയറിയിരുന്നു. ബൗളിങ്ങില്‍ രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റ്‌നറും ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെയും മിന്നിയതോടെയാണ് സി.എസ്.കെ ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ധോണി മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് മുംബൈ നേടിയത്. 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍.
മുംബൈ ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈ അനായാസം മറികടക്കുകയായിരുന്നു. 27 പന്തില്‍ നിന്നും 61 റണ്ണടിച്ച അജിന്‍ക്യ രഹാനെയായിരുന്നു ചെന്നൈയുടെ വിജയം അനായാസമാക്കിയത്.
മികച്ച തുടക്കമായിരുന്നില്ല മുംബൈക്ക് ലഭിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ നിന്നും വിഭിന്നമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 13 പന്തില്‍ നിന്നും 21 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ പുറത്തായത്.
തുഷാര്‍ ദേശ്പാണ്ഡേയായിരുന്നു രോഹിത്തിനെ പുറത്താക്കിയത്. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കവെ നാലാം ഓവറിലെ അവസാന പന്തില്‍ ദേശ്പാണ്ഡേ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രോഹിത്തിന് പുറമെ ടിം ഡേവിഡിനെയും താരം മടക്കിയിരുന്നു.
മത്സരശേഷം രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തിയതിനെ കുറിച്ച് ദേശ്പാണ്ഡേയുടെതെന്ന പേരില്‍ പ്രചരിക്കുന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
‘രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തുന്നത് എളുപ്പമാണ്, അദ്ദേഹം വിരാട് കോഹ്‌ലിയോ എ.ബി ഡി വില്ലിയേഴ്‌സോ ഒന്നുമല്ലല്ലോ’ എന്ന് താരം പറഞ്ഞു എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ തോതിലുള്ള വാക് തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ റൈവല്‍ ഫാന്‍സ് പലരും ദേശ്പാണ്ഡേയുടെ വാക്കുകള്‍ ആഘോഷമാക്കിയപ്പോള്‍ പലരും ഇതിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
വിവിധ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുക പോലും ചെയ്തിരുന്നു.
എന്നാല്‍ താരത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണെന്നാണ് മനസിലാകുന്നത്. ദേശ്പാണ്ഡേയുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുമാണ് ഇത്തരത്തിലൊരു ട്വീറ്റ് വന്നതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ തലമുറയില്‍ പെട്ട ഒരു ക്രിക്കറ്റ് താരത്തിന്റെ പേരില്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ അവന്റെ ക്രിക്കറ്റ് ഭാവി തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.
Content highlight: Fact checking Tushar Deshpandey’s comment on Rohit Sharma