Fact - Checking: 'കുംഭമേള എതിര്‍ത്ത മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടോ?'; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത് ?
Fact Check
Fact - Checking: 'കുംഭമേള എതിര്‍ത്ത മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടോ?'; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത് ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th April 2021, 12:40 pm

‘ലവ് ജിഹാദിന് സമ്മതിച്ചില്ല, അതുകൊണ്ട് ഹിന്ദു പെണ്‍കുട്ടിയെ നടുറോഡില്‍ ഇട്ട് പിച്ചാത്തി കൊണ്ട് കുത്തി കൊന്നു’. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വീഡിയോയും അതിനുള്ള വിശദീകരണവുമാണിത്.

സംഭവം തടയാന്‍ ആരും വന്നില്ലെന്നും ഇതാണ് മുസ്‌ലീം ഭൂരിപക്ഷം ആയാല്‍ കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാന്‍ പോകുന്ന അവസ്ഥയെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇതിന് പിന്നാലെ കൊല്ലപ്പെട്ടത് പ്രഗ്യാ മിശ്ര എന്ന മാധ്യമപ്രവര്‍ത്തകയാണെന്ന തരത്തിലും പ്രചാരണങ്ങള്‍ ഉണ്ടായി. ഇതിനിടെ പ്രഗ്യ കൊല്ലപ്പെട്ടെന്നും എന്നാല്‍ ലവ് ജിഹാദിനെ കൊണ്ടല്ല കുംഭ മേളയെ തന്റെ മാധ്യമത്തിലൂടെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഈ രണ്ടും പ്രചാരണങ്ങളും തെറ്റാണെന്നാണ് ഡൂള്‍ന്യൂസ് ഫാക്ട് ചെക്ക് ടീം കണ്ടെത്തിയത്. പ്രഗ്യാ മിശ്രയുടെതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഏപ്രില്‍ 11ാം തിയ്യതി ദല്‍ഹിയില്‍ നടന്ന ഒരു കൊലപാതകമാണ്.

എന്നാല്‍ ഇത് ലവ് ജിഹാദ് എതിര്‍ത്തത് കൊണ്ടോ കുംഭ മേളയെ വിമര്‍ശിച്ചത് കൊണ്ടോ ആയിരുന്നില്ല.


മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് നാല്‍പ്പതുകാരനായ ഹരീഷ് മേത്ത എന്ന ഗുജറാത്ത് സ്വദേശി തന്റെ ഭാര്യയായ നീലുവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വാട്‌സാപ്പിലൂടെ ഇത്തരത്തില്‍ പ്രചരിച്ചത്.

വിവാഹ ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന പ്രതിയായ ഹരീഷ് മേത്ത ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയാണ്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നീലുവിനെ കണ്ടുമുട്ടിയ ഹരീഷ് അവരെ അടുത്തിടെയാണ് വിവാഹം ചെയ്തത്.

നീലു ജോലി ഉപേക്ഷിച്ച് വീട് നോക്കണമെന്നായിരുന്നു കല്ല്യാണം കഴിഞ്ഞതോടെ ഹരീഷ് പറഞ്ഞത്. എന്നാല്‍ ഇത് എതിര്‍ത്ത നീലു വീണ്ടും ജോലിക്ക് പോകുകയായിരുന്നു. എന്നാല്‍ ഇത് മറ്റാരോടോ ഉള്ള ബന്ധം മൂലമാണെന്ന് ഹരീഷ് ആരോപിക്കുകയും റോഡിലിട്ട് നീലുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന്റെ വാര്‍ത്തകള്‍ ദ ക്വിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fact – Checking: ‘Did a Hindu girl get killed for resisting love jihad?’; What is the truth behind the circulating video?