| Sunday, 2nd September 2018, 3:03 pm

Fact Check- പ്രളയ ദുരിതത്തില്‍ കേന്ദ്രത്തിന്റെ സഹായങ്ങള്‍; പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയദുരിതത്തില്‍ നിന്ന് കേരളം പതുക്കെ കരകയറുകയാണ്. പ്രാഥമിക വിലയിരുത്തലില്‍ 20000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ ഉണ്ടായ പ്രളയത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര സഹായമായി 2000 കോടി അനുവദിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ 100 കോടിയും പിന്നീട് 500 കോടിയുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രതിഷേധത്തിന് ഇടയാക്കിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 600 കോടിക്ക് പുറമെ നിരവധി സഹായങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെന്നും റോഡ് നിര്‍മ്മാണം ഉള്‍പ്പെടെ 20000 കോടി രൂപയ്ക്ക് അടുത്ത് സഹായം നല്‍കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ പ്രചരണങ്ങള്‍ ശക്തമായിരുന്നു.

റോഡ് നിര്‍മ്മാണവും വൈദ്യുതി വിതരണത്തിന്റെയും അടക്കം സംഘപരിവാറിന്റെ പ്രചരണങ്ങളും സത്യാവസ്ഥയും

1.റോഡ് നിര്‍മ്മാണത്തിനായി എന്‍.എച്ച്.എ.ഐയുടെ സഹായംപ്രളയത്തില്‍ നിരവധി പാലങ്ങളും റോഡുകളുമാണ് തകര്‍ന്നത്. തകര്‍ന്ന റോഡുകളും പാലങ്ങളും നന്നാക്കുന്നതിനായി 12,800 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെന്നും റോഡുകളും പാലങ്ങളും അറ്റകുറ്റപണി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് പ്രചരണം, എന്നാല്‍ സത്യാവസ്ഥ ഇതല്ല.

എന്‍.എച്ച്.എ.ഐയുടെ കീഴില്‍ വരുന്ന ദേശീയ പാതകള്‍ക്ക് അറ്റകുറ്റ പണികള്‍ നടത്താനുള്ള സഹായ വാഗ്ദാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ദേശീയ പാതകളേക്കാള്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് പി.ഡബ്ല്യു.ഡി റോഡുകള്‍ക്കാണ്. നിലവില്‍ പാതകള്‍ നന്നാക്കാനായി 12,800 കോടി രൂപയുടെ സഹായത്തെ കുറിച്ച് ഒരു ഉത്തരവും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാല്‍ വിവിധ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതും പ്രചരണത്തിന് ശക്തികൂട്ടി.

ലിങ്കുകള്‍
http://www.pmindia.gov.in/en/news_updates/pm-visits-kerala-reviews-relief-and-rescue-operations/?comment=disable

https://www.thehindu.com/news/national/kerala/kerala-floods-pm-announces-500-crore-interim-relief-against-state-demand-of-2000-crore/article24723888.ece

2. വൈദ്യുത പുനസ്ഥാപനത്തിനായി എന്‍.ടി.പി.സിയുടെ സംഭാവന

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ വൈദ്യുതി പുനസ്ഥാപനത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍.ടി.പി.സി 3,712 കോടി രൂപ സംഭാവന ചെയ്തു എന്നാണ് പ്രചരണം. എന്നാല്‍  ഇതുവരെ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശമോ പ്രഖ്യാപനമോ നടന്നിട്ടില്ല.

വൈദ്യതി പുനസ്ഥാപനത്തിനായി എന്‍.ടി.പി.സിയും പി.ജി.സി.ഐ.എലും കഴിയുന്ന സഹായങ്ങള്‍ ചെയ്യും എന്നാണ് പ്രധാനമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. എന്നാല്‍ സാമ്പത്തിക സഹായത്തിന്റെ ഒരു വിവരങ്ങളും ഈ കുറിപ്പില്‍ പറയുകയോ കേന്ദ്ര ഗവണ്‍മെന്റ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.

കെ.എസ്.ഇ.ബി സ്വന്തം നിലയില്‍ 24 ലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. എന്‍.ടി.പി.സിയുടെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബിയും വ്യക്തമാക്കുന്നുണ്ട്.

ലിങ്കുകള്‍
https://www.facebook.com/mmmani.mundackal/posts/1832787423507932?__tn__=K-R

http://www.pmindia.gov.in/en/news_updates/pm-visits-kerala-reviews-relief-and-rescue-operations/?comment=disable

3.എം.പി ഫണ്ടില്‍ നിന്ന് കേരളത്തിന് 790 കോടി രൂപ

കേരളത്തിനായി 790 കോടി രൂപ എം.പി ഫണ്ടില്‍ നിന്ന് നല്‍കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ സത്യാവസ്ഥയിതല്ല. കേരളത്തിലെ പ്രളയത്തിന് ദുരിതാശ്വാസമായി എം.പിമാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കാനാണ് ഉപരാഷ്ട്രപതിയും സ്പീക്കറും നിര്‍ദ്ദേശിച്ചത്.

ഇതിന് പുറമേ കേരളത്തിലെ പ്രളയം അതിവ ഗുരുതര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ പരമാവധി ഒരു കോടി രൂപ വരെ എം.പി ഫണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് നല്‍കാം.

എന്നാല്‍ എല്ലാ എം.പിമാരും ഈ തുക നല്‍കണമെന്ന് ഉത്തരവിടാനോ നടപ്പിലാക്കാനോ കഴിയില്ല. മാത്രവുമല്ല എം.പി ഫണ്ടുകളെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായമായി പരിഗണിക്കാനും കഴിയില്ല.

ലിങ്കുകള്‍

https://www.thehindu.com/news/national/mps-urged-to-donate-mplads-fundsto-kerala-flood-relief/article24739214.ece

4. എസ്.ഡി.ആര്‍.എഫ് വഴി കേരളത്തിന് 560 കോടിയുടെ സഹായം നല്‍കി

എസ്.ഡി.ആര്‍.എഫ് എന്ന ഫണ്ട് യഥാര്‍ത്തില്‍ കേന്ദ്രസഹായം അല്ല. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് മാറ്റി വെയ്ക്കുന്ന ഒരു താല്‍ക്കാലിക കരുതല്‍ ധനം മാത്രമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിയുക.

എഴുപത്തിയഞ്ചു ശതമാനം കേന്ദ്രവും ഇരുപത്തിയഞ്ചു ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ഈ ഫണ്ടിലേക്ക് മാറ്റി വെയ്ക്കുന്നത്. അതായത് ഇത് പ്രളയം സംഭവിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ചതല്ലെന്ന് അര്‍ത്ഥം. കേരളത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ ഈ സാമ്പത്തിക വര്‍ഷം 348.45 കോടി രൂപയുണ്ട്. അധികമായി 214 കോടി രൂപ കൂടി ഈ സാമ്പത്തിക വര്‍ഷം ഫണ്ടിലേക്ക് വകമാറ്റി.

അതായത്. ആകെയുള്ള 562.45 കോടിയില്‍ 421.83 കോടിരൂപ കേന്ദ്രത്തിന്‍റെയും 140.62 കോടി സംസ്ഥാന സര്‍ക്കാരിന്റെയും ഷെയര്‍ ആണ്. ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ ഉള്ള ഈ തുക കേന്ദ്രസര്‍ക്കാര്‍ പ്രളയമുണ്ടായപ്പോള്‍ പ്രഖ്യാപിച്ചതല്ല. മാത്രവുമല്ല എന്‍.ഡി.ആര്‍.എഫ് എന്ന ഫണ്ട് ഇതില്‍ നിന്ന് വിഭിന്നമായി കേന്ദ്രസര്‍ക്കാര്‍ പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ സംസ്ഥാനത്തിന് നല്‍കേണ്ടതാണ്. ഇതില്‍ നിന്നാണ് ആദ്യം അടിയന്തര സഹായമായി 100 കോടി കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്.

യഥാര്‍ത്ഥത്തില്‍ കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 500 (അഞ്ഞൂറ് )കോടിയുടെ ഇടക്കാല ആശ്വാസവും (മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവിന് 2 ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും) ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ 100 കോടിയുമാണ് നല്‍കിയിരിക്കുന്നത്.

കൂടാതെ ദുരിതബാധിതര്‍ക്ക് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സമയപരിധി നിശ്ചയിക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ സ്ഥാപിക്കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലിങ്കുകള്‍
http://www.arthapedia.in/index.php?title=State_Disaster_Response_Fund_(SDRF)

http://www.ndmindia.nic.in/response-fund

https://www.hindustantimes.com/india-news/centre-releases-rs-320-cr-to-kerala-as-disaster-relief-fund-in-2018-19/story-UfUOYwBIi1Y8IW3E5SvMFM.html

വിവരങ്ങള്‍ക്ക് കടപ്പാട് : pmindia.gov.in, Fake News Finders Kerala – FNFK, The Hindu, Hundusthan times, M.M Mani Facebook Page etc

We use cookies to give you the best possible experience. Learn more