| Wednesday, 11th March 2020, 9:39 pm

ദല്‍ഹി കലാപത്തിനിടെ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജവാര്‍ത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപസമയത്ത് ആം ആദ്മി മുന്‍ കൗണ്‍സിലറായ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജവാര്‍ത്ത. ആള്‍ട്ട് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്ന പേരില്‍ സുദര്‍ശന്‍ ന്യൂസാണ് ഫെബ്രുവരി 27 ന് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പേര് വെളിപ്പെടുത്താത്ത ഒരാളെ സാക്ഷി എന്ന പേരില്‍ ഈ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അവതരിപ്പിച്ചിരുന്നു.

‘പെണ്‍കുട്ടിയെ താഹിര്‍ ഹുസൈന്റെ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നുവെന്നും കൊലപ്പെടുത്തിയശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും സാക്ഷി വീഡിയോയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ബാഗും ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. ഫെബ്രുവരി 27 ന് പൊലീസ് കണ്ടെത്തിയ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടേതാണ് ഇതെല്ലാം എന്നാണ് റിപ്പോര്‍ട്ടറും സാക്ഷിയും പറയുന്നത്.

സുദര്‍ശന്‍ ന്യൂസിന്റെ വാര്‍ത്തയ്ക്ക് 9500 ലധികം ഷെയറാണ് ലഭിച്ചത്. 4 ലക്ഷത്തിലധികം പേര്‍ ഈ വാര്‍ത്ത കണ്ടു. മാത്രമല്ല ബി.ജെ.പി നേതാക്കളായ അമിത് മാളവ്യ, കപില്‍ മിശ്ര, അഭിജിത് മിശ്ര തുടങ്ങി നിരവധി പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നത്.

ഇന്നുവരെ ഒരു ദേശീയമാധ്യമങ്ങളും താഹിര്‍ ഹുസൈന്റെ വീടിന് സമീപം ദല്‍ഹി കലാപത്തിനിടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുദര്‍ശന്‍ ന്യൂസിന്റെ വാര്‍ത്തയോട് ചേര്‍ത്ത് വെച്ച് പങ്കുവെക്കുന്ന ചിത്രം മധ്യപ്രദേശിലെ പെണ്‍കുട്ടിയുടേതാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളുടെ മൃതദേഹങ്ങളൊന്നും ഫെബ്രുവരി 27 ന് കണ്ടെത്തിയിട്ടിടല്ലെന്ന് ദല്‍ഹി ജോയന്റ് കമ്മീഷണര്‍ അലോക് കുമാറും സമ്മതിക്കുന്നുണ്ട്. ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട 50 പേരില്‍ മാര്‍ച്ച് രണ്ടിലെ കണക്കുപ്രകാരം ഒരു സ്ത്രീയുടെ മൃതദേഹം മാത്രമാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ പോളിസ് പ്രൊജക്ടും വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി 23 നും 29 നുമിടയില്‍ 87 കാരിയായ അക്ബരി എന്ന സ്ത്രീയുടെ മൃതദേഹം മാത്രമാണ് കിട്ടിയതെന്ന് സ്‌കോളും ക്വിന്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more