| Friday, 23rd November 2018, 4:12 pm

Fact Check: ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ആദിവാസി വിദ്യാര്‍ത്ഥിയുടെ പേരിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം; കേന്ദ്രസര്‍ക്കാരിനെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമെന്ന് വിദ്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനത്തിനായി സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ആദിവാസി ആയതുകൊണ്ട് നിഷേധിച്ചെന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തിനെതിരെ ബിനേഷ് ബാലന്‍.

താന്‍ ഒരു ഇടതുപക്ഷ സഹയാത്രികള്‍ ആണെന്നും അത് തന്റെ നിലപാടാണെന്നും അനാവശ്യമായ നുണകള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിനേഷ് ബാലന്‍ പറഞ്ഞു.

നേരത്തെയും സംഘപരിവാര്‍ ഈ പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ ശബരിമല യുവതീപ്രവേശന പശ്ചാത്തലത്തിലാണ് വീണ്ടും വ്യാജ പ്രചരണവുമായി സംഘപരിവാര്‍ രംഗത്തെത്തിയത്.

അടിസ്ഥാന വര്‍ഗം രക്ഷപ്പെട്ടാല്‍ കമ്യൂണിസത്തിന് എന്ത് പ്രസക്തി എന്ന തലക്കെട്ടിലായിരുന്നു ബിനേഷ് ബാലന്റെ ചിത്രമുള്‍പ്പെടെ നല്‍കി സംഘപരിവാറിന്റെ വ്യാജ പ്രചരണം. “”ആദിവാസി ആയതുകൊണ്ട് അവരെനിക്ക് ധനസഹായം നിഷേധിച്ചു. ഒടുവില്‍ തുണയായത് കേന്ദ്രസര്‍ക്കാര്‍ ആണെന്നായിരുന്നു പ്രചരണം. ഇതിനെതിരെയാണ് ബിനേഷ് രംഗത്തെത്തിയത്.

ചിലര്‍ ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നും അടിസ്ഥാന വര്‍ഗമില്ലെങ്കില്‍ കമ്യൂണിസം ഇല്ല എന്നൊക്കെ പറഞ്ഞാണ് അവര്‍ ഇത് പ്രചരിപ്പിക്കുന്നതെന്നും ബിനേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”2016 ലും സമാനമായ രീതിയില്‍ പ്രചരണമുണ്ടായിരുന്നു. അന്നൊന്നും കാര്യമായി പ്രതികരിക്കാന്‍ പോയിരുന്നില്ല. കേന്ദ്രസര്‍ക്കാരിനെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതൊരു സ്‌കോളര്‍ഷിപ്പാണ് സാമ്പത്തിക സഹായമല്ല. മെറിറ്റാണ് ഇതിന് അടിസ്ഥാനം. അതില്‍ യാതൊരു രാഷ്ട്രീയവും കാണേണ്ടതില്ല. മാത്രമല്ല അവര്‍ എന്റെ ഐഡന്റിറ്റിയെ വരെ ദുരുപയോഗം ചെയ്യുകയാണ്.


ശബരിമലയില്‍ രണ്ടുദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്; യുവതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍


ഞാന്‍ ആദിവാസിയാണെന്നോ അല്ലെന്നോ പൊതുസമൂഹത്തിന് മുന്നില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നിലപാടിന് വിരുദ്ധമായി അവര്‍ ഇത് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം വിഷമമുള്ള കാര്യമാണ്. ഏറെ പ്രയാസപ്പെട്ടാണ് ഇവിടെ എത്തിയത്. ഇവിടേയും മുന്നോട്ടുപോകുന്നത് ഏറെ പ്രയത്നിച്ച് തന്നെയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇത്തരക്കാര്‍ക്ക് ആദിവാസികളോട് പുച്ഛമാണ്. നമ്മളുടെ നിലപാടുകള്‍ അവര്‍ ജഡ്ജ് ചെയ്യുകയാണ്. വ്യക്തിപരമായ സ്വാതന്ത്ര്യന്‍മേലുള്ള കടന്നുകയറ്റമാണ് ഇത്. മാത്രമല്ല അവര്‍ ഈ ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. എന്റെ അനുമതിയില്ലാതെ എന്റെ ഫോട്ടോ അതില്‍ ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 42 ലക്ഷം രൂപ തന്നു എന്ന് പറയുന്നു. ഇതൊന്നും വസ്തുതയ്ക്ക് നിരക്കുന്ന കാര്യങ്ങളല്ല. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകണമെന്ന് തന്നെയാണ് കരുതുന്നത്””- ബിനേഷ് ബാലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനത്തിനു തനിക്കു ലഭിച്ച സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പുമായി എത്തിയ സംഘപരിവാറിന് നേരത്തെയും മറുപടിയുമായി ബിനേഷ് രംഗത്തെത്തിയിരുന്നു.

തനിക്കു ലഭിച്ച സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കാര്യങ്ങള്‍ വളച്ചൊടിച്ചു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കരുതെന്നായിരുന്നു അന്ന് ബിനേഷ് പറഞ്ഞത്

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച കോളിച്ചാലിലെ ആദിവാസി വിദ്യാര്‍ത്ഥി ബിനീഷിനു കേരള സര്‍ക്കാരില്‍ നിന്നും അവഗണനകളാണ് നേരിട്ടതെന്നാരോപിച്ച് സംഘപരിവാര്‍ സഹയാത്രികനായ രഞ്ചിത്ത് വിശ്വനാഥ് മെച്ചേരിയായിരുന്നു അന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കേന്ദ്രസര്‍ക്കാര്‍ 45 ലക്ഷം ധനസഹായം നല്‍കിയപ്പോള്‍ സി.പി.ഐ.എം സര്‍ക്കാര്‍ അതു തങ്ങളുടെ പേരിലാക്കുകയായിരുന്നുവെന്നും രഞ്ചിത്ത് തന്റെ പോസ്റ്റില്‍ ആരോപിച്ചിരുന്നു. അതിനു മറുപടിയായാണ് ബിനേഷ് ബാലന്‍ അന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.

തന്റെ കാര്യങ്ങളെ വളച്ചൊടിച്ച് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുവാനും സംഘപരിവാര്‍ ദലിതര്‍ക്കൊപ്പമാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്നും ബിനേഷ് പറഞ്ഞിരുന്നു.

സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ അന്ത്രോപ്പോളജിയില്‍ പഠനം നടത്തുന്ന ബിനീഷിനെ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സന്ദര്‍ശിച്ച സമയത്ത് സംസ്ഥാന മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചിരുന്നു. അന്നു ബാലനൊപ്പമുള്ള ചിത്രവും ബിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിന്ന് ഡവലപ്പ്മെന്റ് ഇക്കോണമിക്സില്‍ ബിരുദം നേടിയ ബിനീഷ് കേരള സര്‍വകലാശാലയില്‍ നിന്നായിരുന്നു എം.ബി.എ ബിരുദം നേടിയത്.

കാസര്‍ഗോഡ് കൊള്ളിച്ചാല്‍ സ്വദേശിയായ ബിനേഷ് വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്ണോമിക്സില്‍  അഡ്മിഷന്‍ നേടിയത്. 45 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു പ്രവേശനം ലഭിച്ചത്.

വിദേശ പഠനത്തിന് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2015 ലെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ബിനീഷിന് ലഭിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ച 20 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഏക മലയാളിയാണ് ബിനേഷ്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിക്ക് പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്സില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത്.

We use cookies to give you the best possible experience. Learn more