| Monday, 29th October 2018, 6:39 pm

Fact Check : സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കിയെന്ന് സംഘപരിവാര്‍ പ്രചരണം; സ്വമേധയ പുറത്തുപോയതാണെന്ന് ചിന്മയ മിഷന്റെ പരസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംഘപരിവാര്‍ വാദം പൊളിയുന്നു. സ്വാമി ചിന്മയ മിഷനില്‍ നിന്ന് സ്വമേധയാ പുറത്തു പോയതാണെന്നും പ്രാഗത്ഭ്യവും പ്രതിഭയുമുള്ള വ്യക്തിയുമാണെന്നും ചിന്മയ മിഷന്‍ തന്നെ വ്യക്തമാക്കിയ പത്ര പരസ്യം പുറത്തു വന്നു.

സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ വ്യാപകമായി വ്യാജ പ്രചരങ്ങളുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ മറ്റൊരു പ്രചരണമായിരുന്നു സന്ദീപാനന്ദ ഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കി എന്നത്. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

2006 ജൂലൈ 6നാണ് ചിന്മയാ മിഷന് വേണ്ടി സ്വാമി തേജോമയാനന്ദ പത്ര കുറിപ്പ് ഇറക്കിയത്. ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷന്‍ വിടാന്‍ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നെന്നും മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണെന്നും പരസ്യത്തില്‍ പറയുന്നു.

Also Read  ഗുജറാത്ത് കലാപകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന നേതാവും മോദിയെ തേളിനോട് ഉപമിച്ചു; വെളിപ്പെടുത്തലുമായി കാരവന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്

നേരത്തെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തെ കുറിച്ച് ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സംഘ പരിവാറിന്റെ വ്യാജ പ്രചരണം നടന്നിരുന്നു. ആക്രമണം സംഭവിക്കുന്നതിന് മുമ്പ് ദേശാഭിമാനി വാര്‍ത്ത നല്‍കി എന്ന തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച വാര്‍ത്ത മുന്‍ പേജില്‍ നല്‍കിയ ദേശാഭിമാനി പത്രം കാണിച്ചായിരുന്നു സംഘപരിവാറിന്റെ വ്യാജ പ്രചരണം. 27 ന് പുലര്‍ച്ചെ രണ്ട് മണിക്ക് നടന്ന ആക്രമണം രാത്രിയില്‍ അച്ചടിച്ച പത്രത്തില്‍ വന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ 27 ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെടുന്നത്. 28ാം തീയ്യതിയിലെ ദേശാഭിമാനി പത്രത്തിലാണ് വാര്‍ത്ത വന്നത്. അതായത് സംഭവം നടന്ന് കുറഞ്ഞത് 20 മണിക്കൂറിന് ശേഷമാണ് വാര്‍ത്ത അച്ചടിച്ചത്.

ചിന്മയമിഷന്‍ നല്‍കിയ പരസ്യത്തിന്റെ പൂര്‍ണ്ണരൂപം

ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷന്‍ വിടാന്‍ തീരുമാനിച്ച വിവരം ഞാന്‍ നിങ്ങളെ ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും നാം ശുഭാംശസകള്‍ നേരുന്നതോടൊപ്പം ഈശ്വരന്റെയും പൂജ്യഗുരുദേവ് ചിന്മയാനന്ദസ്വാമികളുടേയും അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,

പ്രേമപൂര്‍വ്വം

ഒപ്പ്

സ്വാമി തേജോമയാനന്ദ

Doolnews Video

We use cookies to give you the best possible experience. Learn more