| Thursday, 14th March 2019, 3:44 pm

വി.ടി ബല്‍റാം അറിഞ്ഞോ ? ടോം വടക്കന്‍ ബി.ജെ.പിയിലെത്തി !

അലി ഹൈദര്‍

ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയെതിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നു എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവായിരുന്ന ടോം വടക്കന്‍ തന്നെ ഇപ്പോള്‍ ബി.ജെ.പിയിലേക്ക് “ചോര്‍ന്നിരിക്കുകയാണ്.” ടോം വടക്കന്‍ മാത്രമല്ല കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്ന് രാജിവെച്ച ഏഴ് തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന കാളിദാസ് കോലംബ്ക്കറും ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവരൊന്നും ഏതെങ്കിലും മണ്ഡലം സെക്രട്ടറിയോ പ്രസിഡന്റോ അല്ല. ഭരണം വിദൂര സ്വപനമായിരുന്ന നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് അധികാരം പിടിക്കാന്‍ വഴിയൊരുക്കി കൊടുക്കും വിധം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്മാരണ് കോണ്‍ഗ്രസ് പാളയം വിട്ടു പോയതും പോയിക്കൊണ്ടിരിക്കുന്നതും.

കഴിഞ്ഞ ദിവസം ബംഗാളില്‍ വ്യത്യസ്ത പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എയും ഒരു എം.പിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്രബാര്‍, ബംഗാളിലെ പ്രമുഖ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ ഖഗേന്‍ മര്‍മു, മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അനുപം ഹസാരെ എന്നിവരാണ് ബി.ജെ.പി പ്രവേശം നേടിയത്.

എന്നാല്‍ ഇതില്‍ സി.പി.ഐ.എം എം.എല്‍.എയുടെ കൂടുമാറ്റത്തെ കുറിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത് “കോണ്‍ഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇന്ത്യാരാജ്യത്ത് സംഘ് പരിവാറിനെ തെരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിച്ച് മതേതര ഭരണം പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ആര്‍.എസ്.എസുമായി ചേര്‍ത്ത് വച്ച് ഹാഷ്ടാഗ് അടിച്ചിരുന്നവര്‍ക്ക് നെടുംതലക്കേറ്റ കനത്ത പ്രഹരമാണ് ഖഗെന്‍ മുര്‍മുവിന്റെ കാലുമാറ്റം” എന്നാണ്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുമാത്രം എടുത്താല്‍ മതിയാകും ബല്‍റാം പറഞ്ഞ ആ “മണ്ഡലം സെക്രട്ടറിമാരുടെ” കൊഴിഞ്ഞു പോക്കിന്റെ ഗൗരവം എത്രയുണ്ടെന്ന് വ്യക്തമാകാന്‍. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ കോണ്‍ഗ്രസ് സമിതി അഹമ്മദാബാദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കോണ്‍ഗ്രസ് കൂടാരം വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. മാര്‍ച്ച് എട്ടിനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ജവഹര്‍ ചാവ്ഡ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന അഹിര്‍ കമ്മ്യൂണിറ്റിയിലെ പ്രധാന നേതാവുകൂടിയായ ചാവ്ഡ അടുത്ത ദിവസം തന്നെ ബി.ജെ.പി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ജുനാഗദ് ജില്ലയിലെ മനവറില്‍ നിന്ന് നാലു തവണയാണ് ഇദ്ദേഹം എം.എല്‍.എ ആയി തെരഞ്ഞെടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സുപ്രധാന വര്‍ക്കിങ് കമ്മിറ്റി മീറ്റിംഗ് മാര്‍ച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കാനിരിക്കേയാണ് വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങിന്റെ വേദിയുടെ മുഖ്യ ചുമതല കൂടി ഉണ്ടായിരുന്ന ജവഹര്‍ ചാവ്ഡ പാര്‍ട്ടി വിട്ടത്.

ജവഹര്‍ ചാവ്ഡ

ജവഹര്‍ ചാവ്ഡയ്ക്ക് പിന്നാലെ ഗുജാറാത്തില്‍ നിന്നു തന്നെ കോണ്‍ഗ്രസ് കൂടാരം വിട്ടത് പര്‍സോത്തം സബാരിയയാണ്. ഹല്‍വാദ്-ധ്രംഗധ്രയില്‍ നിന്നുള്ള സബാരിയ 2007 ലാണ് നിയമസഭയില്‍ എത്തിയത്.

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയടനെയാണ് ജാംനഗര്‍ (റൂറല്‍) എം.എല്‍.എ വല്ലഭ് ധാരാവിയ
പാര്‍ട്ടി അംഗത്വം രാജിവെച്ച് ബി.ജെ.പിയില്‍ ചേക്കേറിയത്. ഏഴുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച മൂന്നാമത്തെ എം.എല്‍.എയായിരുന്നു ധാരാവിയ.

പാര്‍ട്ടിയിലെ കലഹവും ഭിന്നിപ്പ് രാഷ്ട്രീയവും ആരോപിച്ചാണ് കഴിഞ്ഞ മാസം കോണ്‍ഗ്രസിന്റെ ഉഞ്ജി എം.എല്‍.എ ആശാബെന്‍ പട്ടേല്‍ എം.എല്‍.എ സ്ഥാനം രാജിവച്ച ശേഷം പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ജൂലൈയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുന്‍വര്‍ജി ബവാലിയ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോലി വിഭാഗത്തിന്റെ നേതാവു കൂടിയായ ബവാലിയ രാജ്കോട്ടില്‍ നിന്ന് പാര്‍ലമെന്റിലേക്കും ആറ് തവണ ജസദനില്‍ നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുത്തിരുന്നു. ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ ബവാലിയ ഇപ്പോള്‍ ക്യാബിനറ്റ് മന്ത്രിയാണ്.

വല്ലഭ് ധാരാവിയ

വി.ടി ബല്‍റാം പറഞ്ഞത് പോലെ പോയവാരാരും ഏതെങ്കിലും മണ്ഡലം സെക്രട്ടറി ആയിരുന്നില്ല. നാലും അഞ്ചും തവണ കൈപ്പത്തി ചിന്ഹത്തില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലും പാര്‍ലമെന്റിലും അംഗമായിരുന്ന പ്രധാന ചുമതലയുള്ള സംസ്ഥാന നേതാക്കളായിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയത് നൂറോളം കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. എം.എല്‍.എമാരുടെ ഈ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചടക്കാന്‍ വരെ സഹായകരമായിട്ടുണ്ട്.

60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഒമ്പത് എം.എല്‍.എമാരില്‍ ഏഴുപേര്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലും ചേര്‍ന്നു. ഇവരെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കൂറുമാറിയ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്ക് എത്തിക്കുകയും ചെയ്തു.

ത്രിപുരയില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയായ രത്തന്‍ലാല്‍ നാഥാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി. മുന്‍ ത്രിപുര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രഞ്ജന്‍ ബര്‍മന്‍ മകന്‍ സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് എത്തിച്ചത്. ഈ കൂട്ടത്തോടെയുള്ള കൂറുമാറ്റം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ വ്യക്തമാണ്. 2013 ലെ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തോളം വോട്ട് നേടിയ കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു ശതമാനത്തില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്.

ഹിമന്ത ബിശ്വ ശര്‍മ്മ

ആസാമില്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ 2016ല്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അദ്ദേഹമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പിന്നീട് ആസാം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് എം.പിമാരും എം.എല്‍.എമാരുമടക്കം നിരവധിപേര്‍ ബി.ജെ.പിയിലേക്ക് പോകുന്നതാണ് കണ്ടത്. ബി.ജെ.പി അധികാരത്തിലെത്തിയതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്കെത്തി.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം അധികാരത്തിലെത്തുന്നതിന് ബി.ജെ.പിയെ സഹായിച്ചു. മുന്‍ മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകന്‍ വിശ്വജിത് റാണെ, ആറു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയായ സുഭാഷ് ഷിറോദ്കര്‍ എന്നിവരുള്‍പ്പെടെയാണ് കൂറുമാറിയത്.

വിശ്വജിത് റാണെ

അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 45 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ മുന്‍ -മുഖ്യമന്ത്രി നബാം തുകി ഒഴികെയുള്ള എല്ലാവരും കോണ്‍ഗ്രസ് മുഖ്യമന്ത്രി പേമ കണ്ഡുവിന്റെ നേതൃത്വത്തില്‍ ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. ബി.ജെ.പി സഖ്യത്തിലുള്ള പാര്‍ട്ടിയായിരുന്നു ഇത്. പിന്നീട് കൂറുമാറിയ 34 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അങ്ങനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു പേമ കണ്ഡു ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി.

മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കാലുമാറിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. എണ്ണമെടുത്താല്‍ ഇനിയും ഒത്തിരി എം.എല്‍.എമാരെ കിട്ടും.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more