| Wednesday, 27th March 2019, 8:24 am

Fact Check തണ്ണിമത്തനില്‍ വിഷം കുത്തിവെക്കുന്നുണ്ടോ ? വാസ്തവം ഇതാണ്

സുരേഷ് സി പിള്ള

വേനല്‍ക്കാലമായതോടെ ദാഹമകറ്റാന്‍  ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തണ്ണിമത്തനില്‍ മായം കലര്‍ത്തുന്നുണ്ട് എന്ന് വാട്‌സ്ആപ്പുകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമെല്ലാം പലരും പ്രചരിപ്പിക്കുന്നുണ്ട്. ഈ ആരോപണത്തിന്റെ സത്യാസ്ഥയെ കുറിച്ച് ശാസ്ത്ര എഴുത്തുകാരനായ ഡോ. സുരേഷ് സി പിള്ള എഴുതിയ കുറിപ്പ് വായിക്കാം.

ഇന്ന് ഒരു സുഹൃത്ത് (ഇസ്മയില്‍ കാപ്പൂര്‍) ശ്രദ്ധയില്‍ പെടുത്തിയ മെസ്സേജ് ആണ് ഇത് “റോഡരുകിലെ കടകളില്‍ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഫ്രഷ് ആയിത്തന്നെ തണ്ണി മത്തന്‍ ഇരിക്കുന്നു. ഇവ മാരകമായ വിഷം അടിച്ചതാണ്…. ” ഇങ്ങനെ, തണ്ണിമത്തന്‍ കഴിച്ചാല്‍ വരാത്ത രോഗങ്ങളില്ല എന്നുള്ള രീതിയില്‍ മെസ്സേജുകള്‍ നിങ്ങളും വാട്ട്‌സാപ്പ് വഴി കണ്ടിട്ടുണ്ടാവുമല്ലോ?

ആദ്യം തണ്ണിമത്തന്‍ എന്താണ് എന്ന് നോക്കാം?

Citrullus lanatus എന്ന ശാസ്ത്രീയ നാമം ഉള്ള തണ്ണിമത്തന്‍ അഥവാ വാട്ടര്‍ മെലണ്‍ Cucurbitaceae എന്ന ഫാമിലിയില്‍ പെട്ടതാണ്. പള്‍പ്പില്‍ 90 ശതമാനത്തോളം വെള്ളവും, ആറു ശതമാനത്തോളം ഷുഗറും ഉണ്ട്. ഇത് കൂടാതെ ചെറിയ അളവില്‍ vitamins A, B6, C, magnesium, potassium എന്നിവയും അടങ്ങിയിട്ടുണ്ട്. Lycopene എന്ന pigment ആണ് ഇതിന് ചുവന്ന കളര്‍ കൊടുക്കുന്നത്. 3,6-nonadienal എന്ന കോമ്പൗണ്ട് ആണ് ഇതിന് വിശിഷ്ടമായ ഗന്ധം കൊടുക്കുന്നത്.

ഇതിന്റെ ഷെല്‍ഫ്-ലൈഫ് എത്ര ആണ്?

സാധാരണ വിളവെടുത്താല്‍ പത്തു ദിവസം വരെ കേടു കൂടാതെ ഇരിക്കും. ഫ്രിഡ്ജില്‍ വച്ചാല്‍ മൂന്ന് ആഴ്ച വരെ ഇരിക്കും.

അപ്പോള്‍ കെമിക്കല്‍ ഉപയോഗിച്ചു ഷെല്‍ഫ്-ലൈഫ് കൂട്ടാമോ?

ഇല്ല. അങ്ങിനെ പഴങ്ങളുടെ ഷെല്‍ഫ്-ലൈഫ് മാസങ്ങളോളം കൂട്ടാനുള്ള ഒരു കെമിക്കലും ശാസ്ത്ര ഡേറ്റാബേസില്‍ തിരഞ്ഞിട്ട് കണ്ടില്ല. അങ്ങിനെ ഒരു കെമിക്കല്‍ ഇല്ല എന്നു തന്നെ പറയാം. പ്രത്യേകിച്ചും ഒരു കെമിക്കല്‍ കുത്തി വച്ചും മാസങ്ങളോളം തണ്ണിമത്തന്‍ കേടു കൂടാതെ വയ്ക്കാന്‍ പറ്റില്ല. അത് കൂടതെ എന്തെകിലും മുറിവോ (കുത്തി വയ്ക്കുമ്പോള്‍ ഉണ്ടാവുന്ന), ചതവോ ഉണ്ടായാല്‍ പെട്ടെന്ന് ചീഞ്ഞു പോകാനും സാധ്യത ഉണ്ട്. അപ്പോള്‍ ഈ വാര്‍ത്തകള്‍ ഒക്കെ ഒരു ഹോക്‌സ് എന്ന് പറയാം (ഷെല്‍ഫ്-ലൈഫ് കൂട്ടും എന്ന് പറഞ്ഞു, ഏതെങ്കിലും തരത്തില്‍ ഉള്ള കെമിക്കലുകള്‍ വിറ്റ് ചെറുകിട വ്യാപാരികളെ ആരെങ്കിലും പറ്റിക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ കമന്റായി എഴുതുക).

ഇനി കളര്‍ കൂട്ടാനായി കെമിക്കല്‍ ചേര്‍ക്കുന്നുണ്ടോ?

തണ്ണിമത്തന്‍ വിളഞ്ഞാല്‍ അതിന്റെ അകം ചുവപ്പു കളറാണ്. Lycopene എന്ന pigment ആണ് ഇതിന് ചുവന്ന കളര്‍ കൊടുക്കുന്നത് എന്ന് മുകളില്‍ പറഞ്ഞല്ലോ? ഇനി വിളയാതെ പറിച്ചു പുറത്തു നിന്നും കുത്തി വച്ചു കളര്‍ മാറ്റാനുള്ള സാധ്യതയും കുറവാണ്, കാരണം കളര്‍ കയറ്റിയാല്‍ അത് homogeneous ആയി എല്ലായിടത്തും ഒരേ പോലെ വ്യാപിക്കില്ലല്ലോ? നിങ്ങള്‍ ഒരു വെള്ളരിക്ക എടുത്തിട്ട് അതില്‍ ചുവന്ന ഡൈ കുത്തി വച്ചു നോക്കാം. അത് എല്ലായിടത്തും ഒരേ പോലെ വ്യാപിക്കില്ല. ഇനി കളര്‍ ചേര്‍ത്തതെങ്കില്‍ മുറിക്കുമ്പോള്‍ homogeneous അല്ലെങ്കില്‍ അതില്‍ നിന്നും കളര്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാം. കൂടാതെ പുറത്തു നിന്നും കളര്‍ ചേര്‍ത്താല്‍ തണ്ണിമത്തന്റെ അകത്തെ തോടിന്റെ വെള്ള ഭാഗങ്ങളിലും കളര്‍ വ്യാപിക്കാം. ഇതില്‍ നിന്നൊക്കെ കളര്‍ ചേര്‍ത്തോ എന്ന് തിരിച്ചറിയാം.

പ്ലാസ്റ്റിക്ക് മുട്ട/ കാബേജ്, HIV കലര്‍ന്ന ഓറഞ്ച് ഇവയൊക്കെ പോലെ ഇതും ഒരു ഹോക്‌സ് ആകാനാണ് സാധ്യത.

എന്നിരുന്നാലും, ആരോഗ്യ വകുപ്പും, പ്രാദേശിക ഗവണ്‍മെന്റ് ലാബുകളും അടിയന്തിരമായി ലാബുകളില്‍ ടെസ്റ്റുകള്‍ നടത്തി പൊതു ജനങ്ങളെ ഇതിന്റെ നിജസ്ഥിതി കൃത്യമായി ബോധ്യപ്പെടുത്തണം.

കൂടുതല്‍ വായനയ്ക്ക്
PerkinsVeazie, P., Collins, J. K., Pair, S. D., & Roberts, W. (2001). Lycopene content differs among redfleshed watermelon cultivars. Journal of the Science of Food and Agriculture, 81(10), 983-987.

Sipahi, R. E., Castell-Perez, M. E., Moreira, R. G., Gomes, C., & Castillo, A. (2013). Improved multilayered antimicrobial alginate-based edible coating extends the shelf life of fresh-cut watermelon (Citrullus lanatus). LWT-Food Science and Technology, 51(1), 9-15.

Panghal, A., Yadav, D. N., Khatkar, B. S., Sharma, H., Kumar, V., & Chhikara, N. (2018). Post-harvest malpractices in fresh fruits and vegetables: food safety and health issues in India. Nutrition & Food Science, 48(4), 561-578.

സുരേഷ് സി പിള്ള

We use cookies to give you the best possible experience. Learn more