ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്ത ആ വാര്‍ത്തയും വ്യാജം; പാക് പൈലറ്റിനെ തല്ലിക്കൊന്നെന്നത് വ്യാജ വാര്‍ത്ത
Fact Check
ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്ത ആ വാര്‍ത്തയും വ്യാജം; പാക് പൈലറ്റിനെ തല്ലിക്കൊന്നെന്നത് വ്യാജ വാര്‍ത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 2:35 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് പാക് അധീന കാശ്മീരില്‍ ഇറങ്ങിയ പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത വ്യാജം.

വിമാനത്തില്‍ നിന്ന് ഇജക്ററ് ചെയ്ത് രക്ഷപ്പെട്ട് പാകിസ്ഥാന്‍ മണ്ണിലെത്തിയ പാക് വൈമാനികനെ സ്വന്തം നാട്ടുകാര്‍ ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് തല്ലിക്കൊന്നുവെന്നായിരുന്നു മാധ്യമങ്ങളുടെ വാര്‍ത്ത. നമ്പര്‍ 19 സ്‌ക്വാഡ്രണിലെ പൈലറ്റായ ഷഹ്സാസ് എന്ന വ്യക്തിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നതും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത വാര്‍ത്ത മാധ്യമങ്ങള്‍ വസ്തുതയെന്നോണം അവതരിപ്പിച്ചത്.

ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെയായിരുന്നു ഏറ്റെടുത്തത്. ദ ന്യ ഇന്ത്യന്‍ എക്‌സ്പ്രസും ന്യൂസ് 18 നും ഫസ്റ്റ്‌പോസ്റ്റും യു.എന്‍.ഐയും ടൈംസ് നൗവും ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയായിരുന്നു ആ വാര്‍ത്ത നല്‍കിയത്. ഇതിന്റെ ചുവട് പിടിച്ച് മലയാളത്തില്‍ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും എന്നുവേണ്ട ഒട്ടുമിട്ട പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു.


ഹാക്ക് ചെയ്ത വെബ്‌സൈറ്റ് തിരിച്ചുകിട്ടിയില്ല; ബി.ജെ.പിക്ക് സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്


ഫെബ്രുവരി 28 ന് ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമര്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പൈലറ്റിന് സംഭവിച്ച കാര്യങ്ങള്‍ വസ്തുതയെന്നോണം എഴുതിരുന്നത്. പൈലറ്റിന്റെ ബന്ധുക്കളില്‍ നിന്നും വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്‌റ്റെന്നായിരുന്നു ഖാലിദ് ഉമര്‍ അവകാശപ്പെട്ടത്.

ഷഹ്സാസ് പാകിസ്ഥാന്‍ എയര്‍ഫോഴ്സിലെ എഫ് 16 ഫൈറ്റര്‍ ജറ്റിലെ പൈലറ്റാണെന്നും അഭിനന്ദിനെ പോലെ ഒരു പൈലറ്റിന്റെ മകനാണ് ഷഹ്സാസെന്നും ഖാലിദ് പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.

ഇന്ത്യന്‍ പൈലറ്റായ അഭിനന്ദ്, ഷഹ്സാസിന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയായിരുന്നൈന്നും വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട ഷഹ്സാസ് പാക് അധീന കശ്മീരില്‍ എത്തുകയും എന്നാല്‍ അദ്ദേഹത്തെ പാകിസ്ഥാനികള്‍ ഇന്ത്യന്‍ പൈലറ്റെന്നു കരുതി തല്ലിക്കൊന്നെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞുവെച്ചത്.

കൊല്ലപ്പെട്ട പൈലറ്റ് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മൂന്നു മക്കളില്‍ ഒരാളാണെന്നും കൊല്ലപ്പെട്ട ആളുടെ കുടുംബവും മരണം ശരിവച്ചുവെന്നുമായിരുന്നു ഖാലിദ് ഉമര്‍ അവകാശപ്പെട്ടത്.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചില സംശയങ്ങള്‍ തോന്നിയതിന് പിന്നാലെ ന്യൂസ് ലോണ്‍ട്രിയിലെ പ്രദീപ് ഗോയല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് ഉമറിനെ ഫോണില്‍ ബന്ധപ്പെട്ടു.

തനിക്ക് ഈ വിവരം ഒരാളില്‍ നിന്നല്ലെന്നും വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. എഫ് 16 വിമാനം ഉപയോഗിച്ചുവെന്ന കാര്യം പോലും നിഷേധിക്കുന്ന പാകിസ്ഥാന്‍ ഈ വിവരം അംഗീകരിക്കാനിടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് വ്യക്തമാകുന്നത്. അദ്ദേഹം പോസ്റ്റില്‍ പറഞ്ഞ എയര്‍ മാര്‍ഷല്‍ വസീമിന് മൂന്ന് മക്കളില്ല. രണ്ടുപേരാണ് ഉള്ളത്. അവര്‍ വ്യോമസേനയില്‍ സേവനം അനുഷ്ഠിക്കുന്നവരും അല്ല.

ഇക്കാര്യം പാകിസ്താനിലെ പത്രപ്രവര്‍ത്തകരും ശരിവയ്ക്കുന്നുണ്ട്. ഇത് വ്യാജവാര്‍ത്തയാണെന്നും പാക്കിസ്ഥാനിലെ വിവിധ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യോമസേന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും ഈ വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ചു. ഇതൊരു വ്യാജവാര്‍ത്തയാണെന്ന കാര്യം എയര്‍ മാര്‍ഷല്‍ വസീമിന്റെ കുടുംബസുഹൃത്തും വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ ഭാര്യയെ ടാഗ് ചെയത് ഇതുസംബന്ധിച്ച് ഒരു പോസ്റ്റും ഷെയര്‍ ചെയ്തിരുന്നു.