| Wednesday, 19th December 2018, 6:03 pm

സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള മറ്റൊരു അപവാദ കഥ കൂടി പൊളിയുന്നു; പരിശോധകര്‍ക്ക് പി.എച്ച്.ഡി പ്രബന്ധത്തെ കുറിച്ച് ഉന്നതാഭിപ്രായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍.പി.ഇളയിടത്തിനെതിരെ ഉയര്‍ന്നിട്ടുള്ള മറ്റൊരു അപവാദകഥ കൂടി പൊളിയുന്നു. സുനിലിന്റെ ഗവേഷണപ്രബന്ധം മോഷണമായതിനാല്‍ മൂന്ന് പരിശോധകരും ഒരുപോലെ തിരസ്‌കരിച്ചു എന്നും പിന്നീട് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് സുനില്‍ ഗവേഷണബിരുദം നേടിയത് എന്നുമായിരുന്നു അപവാദ പ്രചരണം.

എന്നാല്‍ പി.എച്ച്.ഡി പ്രബന്ധം പരിശോധന നടത്തിയ മൂന്ന് പണ്ഡിതരും സുനിലിന്റെ ഗവേഷണം മികച്ചതാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു. നേരത്തേ തന്നെ സുനിലിന്റെ മറ്റൊരു രചന ആശയചോരണമാണ് എന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രചരണം നടത്തുകയും സംഘപരിവാര്‍ വൃത്തങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് അപവാദ പ്രചരണം മാത്രമായിരുന്നുവെന്ന് തെളിഞ്ഞു.

ALSO READ: വനിതാ മതില്‍ സര്‍ക്കാരിന്റേതല്ല നവോത്ഥാന പ്രസ്ഥാനങ്ങളുടേതാണ്: പുന്നല ശ്രീകുമാര്‍

ശബരിമല പ്രശ്നങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ട് സുനില്‍ പി.ഇളയിടം നടത്തുന്ന പ്രഭാഷണ പരമ്പരയാണ് സംഘപരിവാര്‍ വൃത്തങ്ങളേയും സഹയാത്രികരേയും പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.


ഗവേഷണവിഷയം, മാര്‍ഗ്ഗദര്‍ശി, പരിശോധകര്‍, മൂല്യനിര്‍ണ്ണയം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ്ണമായി വസ്തുതാവിരുദ്ധമായ ഒരു അപവാദപ്രചരണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. “മലയാളത്തിലെ സാഹിത്യവിജ്ഞാനത്തിന്റെ പരിധിയെ വിപുലപ്പെടുത്തുന്ന പ്രബന്ധം” എന്നും, “സാഹിത്യരചനയെയും ചിത്രത്തെയും കേന്ദ്രമാക്കി നടത്തിയ, മലയാളസാഹിത്യത്തിനു മുതല്‍ക്കൂട്ടാകുന്നു പഠനം” എന്നും, “അഭിനന്ദനാര്‍ഹമായ നിലയില്‍ സാഹിത്യത്തെയും ചിത്രകലയെയും പഠനവിധേയമാക്കാന്‍ പോന്ന രീതിശാസ്ത്രം ഉപയോഗിച്ചു” എന്നും പ്രത്യേകമായി എടുത്തുപറഞ്ഞ് പരിശോധകര്‍ പിഎച്ച്.ഡി. ബിരുദം നല്കാന്‍ ശുപാര്‍ശചെയ്ത ഗവേഷണപഠനമാണ് പരിശോധകര്‍ തിരസ്‌കരിച്ചതായി ഒരു കൂട്ടമാളുകള്‍ പ്രചരിപ്പിക്കുന്നത്.

2003 ജനുവരിയിലാണ് സുനില്‍ പി. ഇളയിടം സംസ്‌കൃതസര്‍വ്വകലാശാലയില്‍ ഗവേഷണത്തിനായി ചേരുന്നത്. ഡോ. പി. പവിത്രന്‍ ആയിരുന്നു ഗവേഷണ മാര്‍ഗ്ഗദര്‍ശി. “ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം: നോവലിലും ചിത്രകലയിലും” (Political Unconscious of Modernism in Novel and Painting) എന്നതായിരുന്നു ഗവേഷണവിഷയം (UONo. 4005.Acd.A1.2003.SSUS.dated 24.06.2003). അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജയിംസണ്‍ അവതരിപ്പിച്ച “രാഷ്ട്രീയ അബോധം” എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി കേരളത്തിലെ ആധുനികതാപ്രസ്ഥാനത്തെ (modernism) വിശകലനവിധേയമാക്കുകയായിരുന്നു ഗവേഷണലക്ഷ്യം. മലയാളത്തിലെ ആധുനികതാവാദത്തിന്റെ മികച്ച മാതൃകകള്‍ എന്ന നിലയില്‍ ഒ.വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന നോവലും, കെ.സി.എസ്. പണിക്കരുടെ “മലബാര്‍ കര്‍ഷകന്റെ ജീവിതം” എന്ന ചിത്രവുമാണ് സവിശേഷ വിശകലനത്തിനായി തെരഞ്ഞെടുത്തിരുന്നത്.

ALSO READ: അഭിമുഖം- പുന്നല ശ്രീകുമാര്‍: കീഴാള സംഘടനകളും കീഴാള ബുദ്ധിജീവികളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം (ഭാഗം രണ്ട്)

2006 മാര്‍ച്ച് മാസത്തില്‍ സുനില്‍ പി. ഇളയിടം പ്രബന്ധം സമര്‍പ്പിച്ചു (UONo. 454/Acd A1/2006/SSUS dated 8/3/2006). തുടര്‍ന്ന് സര്‍വ്വകലാശാല പ്രബന്ധം മൂല്യനിര്‍ണ്ണയത്തിനായി അയക്കുകയും പരിശോധകരായ മൂന്നുപേരും പ്രബന്ധത്തിന് പിഎച്ച്.ഡി. നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സര്‍വ്വകലാശാല സുനില്‍ പി. ഇളയിടത്തിന് പിഎച്ച്.ഡി. നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു (UONo. A/Ph.D/Registrar/2003 dated 12.05.2008).

പ്രൊഫ. കെ.എന്‍. പണിക്കര്‍ സംസ്‌കൃതസര്‍വ്വകലാശാലാ വൈസ് ചാന്‍സലറായിരിക്കു കാലത്താണ് സുനില്‍ പി. ഇളയിടം ഗവേഷണത്തിനായി ചേര്‍ന്നത്. അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനുശേഷം ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വൈസ്ചാന്‍സലറായി ചുമതലയേറ്റു. ഇക്കാലത്ത് സംസ്‌കൃതസര്‍വ്വകലാശാലയിലെ അധ്യാപകസംഘടനയായ എ.എസ്.എസ്.യു.റ്റി വൈസ് ചാന്‍സലറുടെ ചില നടപടികള്‍ക്കെതിരെ സമരരംഗത്തായിരുന്നു. സര്‍വ്വകലാശാലയില്‍ എം.എ. ജ്യോതിഷം ആരംഭിക്കാനുളള ശ്രമത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും ശക്തമായി ചെറുക്കുകയും തുടര്‍ന്ന് ആ ശ്രമം സര്‍വ്വകലാശാലക്ക് ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തിരുന്നു. ഇക്കാലത്ത് സര്‍വ്വകലാശാലയില്‍ വലിയ തോതിലുളള സമരങ്ങള്‍ അരങ്ങേറുകയും പിണറായി വിജയന്‍ അടക്കമുളളവര്‍ സമരങ്ങളെ അഭിസംബോധന ചെയ്യാനായി എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. സുനില്‍ പി. ഇളയിടവും അദ്ദേഹത്തിന്റെ ഗവേഷണ മാര്‍ഗ്ഗദര്‍ശിയായ ഡോ. പി. പവിത്രനും അധ്യാപകസംഘടനയുടെ മുന്‍നിരപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഈ സമരങ്ങളുടെയെല്ലാം നേതൃത്വത്തിലുണ്ടായിരുന്നു. സമരങ്ങളുടെ പശ്ചാത്തലത്തില്‍ സുനില്‍ പി. ഇളയിടത്തെ കൊയിലാണ്ടിയിലേക്കും ഡോ. ടി.വി. മധുവിനെ പയ്യന്നൂര്‍ക്കും ഡോ. ഷാജി ജേക്കബ്ബിനെ തൃശ്ശൂരിലേക്കും സ്ഥലം മാറ്റുകയും ചെയ്തു.

ALSO READ: റാഫേല്‍ വിധി; കണ്ണടച്ചു വിശ്വസിക്കാന്‍ ആണെങ്കില്‍ എന്തിന് ജുഡീഷ്യല്‍ റിവ്യൂ

ഈ സമരങ്ങളുടെ ഇടയിലാണ് സുനില്‍. പി. ഇളയിടം പ്രബന്ധം പൂര്‍ത്തിയാക്കി മൂല്യനിര്‍ണ്ണയത്തിന് സമര്‍പ്പിച്ചത്. സര്‍വ്വകലാശാലാനിയമം അനുസരിച്ച് പ്രബന്ധം മൂല്യനിര്‍ണ്ണയത്തിനായി അയക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതിനായി പത്തു പേരുടെ പാനല്‍ ഡോ. പി. പവിത്രന്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പത്തു പേരുടെ പാനലില്‍നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാളം പ്രൊഫസര്‍ ഡോ. എം.എം. ബഷീറിനെ മാത്രമാണ് വൈസ്ചാന്‍സലര്‍ തെരഞ്ഞെടുത്തത്. തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ എന്ന അധികാരം ഉപയോഗിച്ച് കലാനിരൂപകനായ വിജയകുമാര്‍ മേനോന്‍, എം. ജി. ശശിഭൂഷണ്‍ എന്നിവരെയും അദ്ദേഹം പ്രബന്ധം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി.

പരിശോധനാസമിതിയുടെ ചെയര്‍മാന്‍ കൂടിയായ ഡോ. എം.എം. ബഷീര്‍ പ്രബന്ധത്തിന് പിഎച്ച്.ഡി. നല്‍കാന്‍ ശുപാര്‍ശ ചെയ്തു. “സാഹിത്യത്തെയും ചിത്രകലയെയും ബന്ധപ്പെടുത്തി ആധുനികതയെ പരിശോധിക്കുകയോ അതിന്റെ രാഷ്ട്രീയചായ്‌വുകളെ വിശകലനം ചെയ്യുകയോ ചെയ്യുന്ന പഠനങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് പ്രബന്ധവിഷയം പ്രസക്തവും കാലികപ്രാധാന്യം ഉളളതുമാണ്. പഠനം നിരന്തരമായ അന്വേഷണത്തിന്റെയും നിസ്തന്ദ്രമായ ചിന്തയുടെയും ഫലമാണ്. സംവിധാനക്രമതത്ത്വം യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. ഭാഷ കാര്യമാത്രപ്രസക്തവും ശൈലി തെളിഞ്ഞതുമാണ്” എന്ന് അദ്ദേഹം പരിശോധനാറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സാഹിത്യത്തെയും ചിത്രത്തെയും മുന്‍നിര്‍ത്തിയുളള ഇത്തരം സാംസ്‌കാരിക രാഷ്ട്രീയപഠനങ്ങള്‍ മലയാളസാഹിത്യനിരൂപണത്തിനു മുതല്‍ക്കൂട്ടാവും എന്നതിന് സംശയമില്ല” എന്നും” “സുനില്‍ പി. ഇളയിടത്തിന്റെ പ്രബന്ധം പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്” എന്നും പരിശോധനാസമിതി ചെയര്‍മാനായ ഡോ. എം.എം. ബഷീര്‍ തന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡോ. എം.എം ബഷീറിന്റെ പരിശോധനറിപ്പോര്‍ട്ട്‌

രണ്ടാമത്തെ പരിശോധകനായ വിജയകുമാര്‍ മേനോനും പ്രബന്ധത്തിന് പിഎച്ച്.ഡി. ബിരുദം നല്‍കാന്‍ ശുപാര്‍ശ ചെയ്തു. “മലയാളത്തില്‍ ചിത്രകലയും സാഹിത്യവും ഒരേതലത്തില്‍ നിര്‍ത്തി പഠനം നടത്തിയിട്ടുളള ഗ്രന്ഥങ്ങളും ഗവേഷണങ്ങളും ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും ഇവയുടെ ചരിത്ര/രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ ഒട്ടും പഠനവിധേയമായിട്ടില്ല. കെ.സി.എസ്. പണിക്കരുടെ ചിത്രത്തിന്റെ രൂപവിശ്ലേഷണം (formal analysis) ശ്രദ്ധേയമായ പഠനമാണ്. ആധുനിക കാലത്തെ ഈ രണ്ടു ശാഖയില്‍പെട്ട പ്രധാന കൃതികളെ പഠിക്കാന്‍ ഈവിധ രീതിശാസ്ത്രമുപയോഗിച്ചു എന്നത് പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. പ്രത്യേകിച്ചും ചിത്രകലയുടെ മേഖലയിലെ പഠനം എടുത്തുപറയാവുന്നതാണ്” എന്ന് ഈ ഗവേഷണത്തിന്റെ സവിശേഷതയായി വിജയകുമാര്‍ മേനോന്‍ തന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

വിജയകുമാറിന്റെ പരിശോധനാറിപ്പോര്‍ട്ട്‌

മൂന്നാമത്തെ പരിശോധകനായ ഡോ. എം.ജി. ശശിഭൂഷണ്‍ പ്രബന്ധത്തില്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. “Political Unconscious” എന്ന പ്രയോഗം രാഷ്ട്രീയബോധം എന്ന് പരിഭാഷപ്പെടുത്തിയതു ഉചിതമായില്ല” എന്നും “രാഷ്ട്രീയാവബോധരാഹിത്യം എന്നോ അരാഷ്ട്രീയം എന്നോ ആകേണ്ടിയിരുന്നു പരിഭാഷ” എന്നുമാണ് ഒന്നാമത്തെ തിരുത്തലായി നിര്‍ദ്ദേശിച്ചിരുന്നത്. അബോധം എന്ന പദത്തെ അതിന്റെ പ്രത്യക്ഷാര്‍ത്ഥത്തില്‍ മാത്രം എടുത്ത് അതിനെ “ബോധമില്ലായ്മ”യായി പരിഗണിച്ചുകൊണ്ട് Political Unconscious-നെ വിശദീകരിക്കുകയാണ് പരിശോധകന്‍ ചെയ്തത്. എന്നാല്‍ ഫ്രോയ്ഡോ, ഫ്രോയ്ഡിന്റെ സങ്കല്പനത്തെ ചരിത്രവിശകലനപരമായി വികസിപ്പിച്ച ഫ്രെഡറിക് ജയിംസണോ “അബോധം” (Unconscious) എന്നതിനെ ബോധമില്ലായ്മയോ, അവബോധരാഹിത്യമോ ആയിട്ടല്ല പരിഗണിക്കുന്നത്. ബോധമണ്ഡലത്തെ നിര്‍ണ്ണയിക്കുന്ന കൂടുതല്‍ വിപുലവും അഗാധവുമായ മറ്റൊരു ഘടനയാണ് അവര്‍ക്ക് അബോധം. അല്ലാതെ സാമാന്യാര്‍ത്ഥത്തിലുളള ബോധക്കേടല്ല. അതുപോലെ Political Unconscious എന്നത് ജയിംസണെ സംബന്ധിച്ച് “അരാഷ്ട്രീയ”മോ “രാഷ്ട്രീയ അവബോധരാഹിത്യ”മോ അല്ല. മറിച്ച് കലാ/സാഹിത്യപാഠങ്ങളില്‍ പ്രത്യക്ഷതലത്തിനപ്പുറം, ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ചരിത്രബന്ധങ്ങളാണ്. രാഷ്ട്രീയത്തിന്റെ ഈ അഗാധമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഫ്രെഡറിക് ജയിംസണ്‍ “രാഷ്ട്രീയ അബോധം” എന്ന സങ്കല്പനം ഉപയോഗിക്കുന്നത്. “പാഠത്തില്‍ നിലീനമായിരിക്കുന്ന ചരിത്രമാണ് രാഷ്ട്രീയ അബോധം” എന്ന് സുനില്‍ പി. ഇളയിടം തന്റെ പ്രബന്ധത്തില്‍ വളരെ വ്യക്തമായി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് Political Unconscious-നെ “അരാഷ്ട്രീയം”, “രാഷ്ട്രീയ അവബോധരാഹിത്യം” എന്നൊക്കെ തിരുത്താന്‍ പരിശോധകന്‍ നിര്‍ദ്ദേശിച്ചത്. ഫ്രെഡറിക് ജയിംസണ്‍ അവതരിപ്പിച്ച ആശയത്തിന് നേര്‍ വിപരീതമായ ഒരു തിരുത്തല്‍ നിര്‍ദ്ദേശമായിരുന്നു അതെന്ന് സുനില്‍ പി.ഇളയിടവും അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശിയായ പി.പവിത്രനും വിശദീകരിക്കുന്നു.

ALSO READ: രാഷ്ട്രീയഭിന്നതകള്‍ക്കുമപ്പുറം ഭരണഘടനാ ധാര്‍മികത “കിത്താബി”നും അര്‍ഹമാണ്

മറ്റൊരു വിമര്‍ശനം ഉന്നയിക്കപ്പെട്ടത് “മലബാര്‍ കര്‍ഷകന്റെ ജീവിതം” എന്ന ചിത്രത്തില്‍ സവര്‍ണ്ണതയുടെ മൂല്യങ്ങളും ബ്രാഹ്മണ്യത്തിന്റെ ആശയലോകവും ഉണ്ടെന്ന നിരീക്ഷണത്തിനെതിരെയാണ്. കേരളത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ ഒരു ധാരയില്‍ സവര്‍ണ്ണതയുടെ ആശയലോകം പ്രബലമാണെന്ന സുനിലിന്റെ നിഗമനം തിരുത്തപ്പെടേണ്ടതാണെന്ന് പരിശോധകന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. അതോടൊപ്പം ഭാഷാപരമായ ക്ലിഷ്ടത, ഒരു നോവലിനെയും ഒരു ചിത്രത്തെയും മുന്‍നിര്‍ത്തി ഈ വിഷയം പഠനവിധേയമാക്കുന്നതിലെ പരിമിതി തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍, സര്‍വ്വകലാശാലാചട്ടങ്ങള്‍ അനുസരിച്ച്, പ്രബന്ധം നാലാമതൊരാള്‍ക്ക് മൂല്യനിര്‍ണ്ണയത്തിനായി നല്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചു. കേരളസര്‍വ്വകലാശാലയിലെ മലയാളവിഭാഗം അധ്യക്ഷന്‍ കൂടിയായിരുന്ന പ്രൊഫ. ഡി. ബഞ്ചമിന്‍ ആണ് നാലാമതായി പ്രബന്ധം പരിശോധിച്ചത്. പ്രബന്ധത്തിന് പിഎച്ച്.ഡി. ബിരുദം നല്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു. “മലയാളവിമര്‍ശനത്തിലോ ഗവേഷണമേഖലയിലോ ഈ വിഷയത്തെക്കുറിച്ച് ഇത്രത്തോളം ഗൗരവപൂര്‍ണ്ണമായ, ചിട്ടയായ അന്വേഷണം ഇതിനു മുന്‍പ് നടന്നിട്ടുണ്ട് എന്നു പറഞ്ഞുകൂടാ. തികച്ചും പര്യാപ്തവും ശാസ്ത്രീയവുമായ രീതിശാസ്ത്രമാണ് സ്വീകരിച്ചിട്ടുളളത്. പ്രബന്ധത്തിന്റെ ഒരുഭാഗത്തും രീതിശാസ്ത്രത്തിന് ഭംഗം വന്നതായി കണ്ടെത്തിയില്ല. കുറച്ചേറെ അമൂര്‍ത്തവും സൂക്ഷ്മവുമായ വിഷയമാണെങ്കിലും, ഒട്ടേറെ സാങ്കേതികസംജ്ഞകള്‍ പ്രയുക്തമായിട്ടുണ്ടെങ്കിലും ഭാഷാപ്രയോഗത്തില്‍ വേണ്ട കണിശത്വം പാലിച്ചിട്ടുണ്ട്” എന്ന് പ്രൊഫ. ഡി. ബഞ്ചമിന്‍ പരിശോധനാറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രൊഫ. ഡി. ബഞ്ചമിന്റെ പരിശോധനാറിപ്പോര്‍ട്ട്

ഒരു നോവലിനെയും ചിത്രത്തെയും ആശ്രയിച്ച് ഈ പഠനം നടത്തിയിരിക്കുന്നത് പ്രബന്ധകാരന്‍ സ്വീകരിച്ച രീതിശാസ്ത്രത്തിന്റെ സവിശേഷത കൊണ്ടാണെന്ന് തന്റെ റിപ്പോര്‍ട്ടില്‍ പ്രൊഫ. ഡി. ബഞ്ചമിന്‍ വിശദീകരിക്കുന്നു. “അനേകം നോവലുകളും ചിത്രങ്ങളും തലോടിപ്പോകുന്ന സമീപനം ഇവിടെ ഫലപ്രദമാവില്ല എന്നും ഭാഷയെയും പ്രതീകങ്ങളെയും സംസ്‌കാരചിഹ്നങ്ങളെയും സമഗ്രമായി അപഗ്രഥിക്കുന്ന സമീപനം അത്തരമൊരു നിയന്ത്രണം ആവശ്യപ്പെടുന്നു എന്നതാണ് സത്യം” എന്നും പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. “പ്രബന്ധത്തിലെ അടിക്കുറിപ്പുകള്‍ പ്രബന്ധകാരന്റെ അന്വേഷണത്തിന്റെ വൈപുല്യവും ആഴവും സാക്ഷ്യപ്പെടുത്തുന്നതാണ്” എന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.

പ്രൊഫ. ഡി. ബഞ്ചമിന്റെ പരിശോധനാറിപ്പോര്‍ട്ട്

ഈ “ഗവേഷണപ്രബന്ധം സുനില്‍ പി. ഇളയിടത്തിന്റെ സാഹിതീയവും സൈദ്ധാന്തികവുമായ ജ്ഞാനത്തിന്റെ ചക്രവാളവും ഒപ്പം മലയാളത്തിന്റെ സാഹിത്യവിജ്ഞാനത്തിന്റെ പരിധിയും വളരെ വിപുലപ്പെടുത്തിയിട്ടുണ്ട്” എന്നും പ്രൊഫ. ഡി. ബഞ്ചമിന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

പ്രൊഫ. ഡി. ബഞ്ചമിന്റെ പരിശോധനാറിപ്പോര്‍ട്ട്

കേരളത്തിലെ പ്രമുഖരായ രണ്ട് സര്‍വ്വകലാശാലാ പ്രൊഫസര്‍മാരും തലമുതിര്‍ന്ന ഒരു കലാനിരൂപകനും പിഎച്ച്.ഡി. നല്‍കാന്‍ ഒരുപോലെ ശുപാര്‍ശ ചെയ്ത ഗവേഷണപ്രബന്ധമാണ് സുനില്‍ പി. ഇളയിടത്തിന്റേത്. അതിനെക്കുറിച്ചാണ് മൂന്ന് പരിശോധകരും തിരസ്‌കരിച്ചു എന്ന അപവാദപ്രചരണം നടക്കുന്നത്. അവര്‍ പ്രചരിപ്പിക്കുന്നതു പോലെ സുനിലിന്റെ പ്രബന്ധം ചിത്രകലാപഠനമല്ല. ആധുനികതാപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ് സുനിലിന്റെ അന്വേഷണവിഷയം. 260-ലധികം പുറങ്ങളുളള പ്രബന്ധത്തിന്റെ നാലാം അധ്യായത്തിലെ 59 പുറങ്ങളിലാണ് (150209) കെ.സി.എസ്സിന്റെ ചിത്രം വിശകലനവിധേയമാക്കിയിട്ടുളളത്. അതില്‍തന്നെ അവസാനത്തെ മുപ്പതോളം പേജുകള്‍ “മലബാര്‍കര്‍ഷകന്റെ ജീവിതം” എന്ന ചിത്രത്തിന്റെ രൂപവിശ്ലേഷണമാണ് ഉളളത്. ആ ചിത്രത്തെക്കുറിച്ച്, ജയിംസണ്‍ മുന്നോട്ടു വച്ച രീതിശാസ്ത്രത്തെ മുന്‍നിര്‍ത്തിയുളള ആദ്യ വിശകലനമാണ് ആ ഭാഗം.

രൂപവിശ്ലേഷണത്തിനു മുന്‍പുളള ഇരുപതിലധികം പേജുകളിലായി ഇന്ത്യന്‍ ചിത്രകലാചരിത്രത്തില്‍ കെ.സി.എസ്. പണിക്കര്‍ക്കുളള സ്ഥാനം പൊതുവായി ചര്‍ച്ചചെയ്തിരിക്കുന്നു. പാര്‍ഥാമിറ്റര്‍, തപ്തി ഗുഹാ താക്കുര്‍ത്ത, ക്രിസ്റ്റഫര്‍ പിന്നി, എ. രാമചന്ദ്രന്‍, കേസരി ബാലകൃഷ്ണപിളള, ഇ.എം.ജെ. വെണ്ണിയൂര്‍, അശോക്മിത്ര, അജയകുമാര്‍, കൃഷ്ണചൈതന്യ, സത്യജിത്ത് ചൗധരി, ഹ്യൂബെര്‍ട്ട് ഡാമിഷ്, ജോണ്‍ ഷില്‍വേഴ്സ്, ആര്‍നോള്‍ഡ് ഓസ്ബോ, ഫ്രെഡറിക് ജയിംസണ്‍, യശോധര ഡാല്‍മിയ, പ്രാണ്‍ നാഥ് മാഗോ, ആര്‍. നന്ദകുമാര്‍, മാര്‍ത്താ കാര്‍ലെ, വിജയകുമാര്‍ മേനോന്‍, കെ.സി.എസ്. പണിക്കര്‍, എം.വി. ദേവന്‍ എന്നീ കലാനിരൂപകരെയും സുമിത് സര്‍ക്കാര്‍, സതീഷ്ചന്ദ്ര തുടങ്ങിയ ചരിത്രകാരന്‍മാരെയും നാലാം അധ്യായത്തിലെ ആദ്യഭാഗത്തെ ഇരുപത്തിനാല് പുറങ്ങളിലെ ചര്‍ച്ചകള്‍ക്ക് ആശ്രയിച്ചിട്ടുണ്ട്. അതെല്ലാം അതാതിടങ്ങളില്‍തന്നെ എല്ലാ വിശദാംശങ്ങളോടെയും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ ഭാഗത്തെ ചര്‍ച്ചകള്‍ക്ക് വിജയകുമാര്‍ മേനോനെ ആശ്രയിച്ച അഞ്ച് ഇടങ്ങളില്‍ അക്കാര്യം എല്ലാ വിശദാംശങ്ങളോടെയും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം പ്രബന്ധത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാത്രമേ മേല്‍പ്പറഞ്ഞ ആദ്യഭാഗത്തെ 23 പേജുകള്‍ വരുന്നുളളൂ. അവിടെ താന്‍ ആശ്രയിച്ച കലാവിമര്‍ശകരെയും ചരിത്രകാരന്മാരെയും കുറിച്ചുളള കൃത്യമായ റഫറന്‍സുകള്‍ സുനില്‍ പി. ഇളയിടം പ്രബന്ധത്തില്‍ നല്‍കിയിട്ടുണ്ട് (സര്‍വ്വകലാശാലാ ലൈബ്രറിയില്‍ പ്രബന്ധം ലഭ്യമാണ്).

ഈ വസ്തുതകള്‍ പൊതു സമൂഹത്തില്‍ നിലനില്‍ക്കുമ്പോഴാണ് സുനിലിന്റെ ഗവേഷണപ്രബന്ധം മൂന്ന് പരിശോധകരും തിരസ്‌കരിച്ചു എന്നും മറ്റുമുളള അപവാദങ്ങള്‍ ഒരു കൂട്ടമാളുകള്‍ പ്രചരിപ്പിക്കുന്നത്. സുനില്‍ പി. ഇളയിടത്തിന്റെ പ്രബന്ധം വിലയിരുത്തി പിഎച്ച്. ഡി.ക്ക് ശുപാര്‍ശ ചെയ്തവര്‍ ആരും തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ അല്ല എന്നതും അക്കാദമിക് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അന്നത്തെ വൈസ്ചാന്‍സലര്‍ സുനിലിനെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തയാളും രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളയാളുമാണ്. സുനില്‍ പി.ഇളയിടത്തിനെതിരെയുള്ള വധഭീഷണിയും ഓഫീസ് ആക്രമണവും അടക്കമുളള ആക്രമണപരമ്പരകളുടെ തുടര്‍ച്ചയാണ് ഈ അപവാദപ്രചരണവുമെന്നാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more