കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സ്വാതന്ത്യ ദിനത്തില്‍ വൈറലായ ഒരു ചിത്രമായിരുന്നു മാസ്‌ക് ധരിക്കുന്നത് സ്വാതന്ത്യത്തിന് എതിരാണെന്നും വാക്‌സിന്‍ അടക്കമുള്ളവയെക്കെതിരെയും പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള ഒരു കുടുംബത്തിന്റെ ചിത്രം.
തൊട്ട് പിന്നാലെ ഇത് മതത്തിന്റെ പേരിലാണ് ഇത്തരത്തില്‍ ഒരു നിലപാട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടന്നിരുന്നു. എന്താണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥയെന്ന് നോക്കാം.
യഥാര്‍ത്ഥത്തില്‍ മുഹമ്മദ് അഷറഫ് എന്ന വ്യക്തിയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ബദല്‍ ചികിത്സാ വാദത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരത്തില്‍ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്.
മാസ്‌കും സാമൂഹ്യ അകലവും ഒക്കെ എതിര്‍ത്ത് കൊണ്ട് അയാളും കുടുംബവും പ്ലക്കാര്‍ഡുകള്‍ പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണു എഫ് ബിയില്‍ ഇട്ടത്, ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്റെ പേരിലുള്ള ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മാസ്‌ക് ഉപേക്ഷിക്കാന്‍ ഇയാള്‍ ആഹ്വാനം ചെയ്തത്.
ഇഷ്ടമുള്ള ചികില്‍സ രീതി തെരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കുക എന്ന ബാനറില്‍ അഷറഫ് ഉള്‍പ്പെടെയുള്ള നിരവധി ആളുകളാണ് ഈ ക്യാമ്പയിന്‍ പങ്കെടുത്തത്. മാസ്‌കും സാമൂഹ്യ അകലവും ലോക്ക്ഡൗണും എല്ലാം പാരതന്ത്ര്യമാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
ഏതു മതവും എന്നപോലെ ഏതു ചികിത്സയും അംഗീകരിക്കാനും തിരഞ്ഞെടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഉണ്ടായിരിക്കെ ഏതെങ്കിലും ഒരു ചികിത്സയുടെ പ്രോട്ടോകോള്‍ മാത്രം പൗരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ശാപവും പൗരാവകാശ ലംഘനവുമാണ് എന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇത് മതത്തിന്റെ പേരില്‍ നടത്തുന്ന പ്രചാരണമാണെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.