|

Fact Check: 'അന്ന് എനിക്ക് 21 വയസ് കഴിഞ്ഞിട്ടുണ്ട്'; 21 വയസ്സുകാരിയെ 25 വര്‍ഷം മുമ്പ് ലീഗ് പഞ്ചായത്ത് പ്രസിഡണ്ടാക്കിയെന്ന പ്രചരണം പൊളിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം മേയറായി 21 കാരിയായ ആര്യാ രാജേന്ദ്രന്‍ അധികാരത്തിലെത്തുന്നതിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ ഏറ്റവും പ്രധാനം മുസ്‌ലിം ലീഗിന്റെ വാദമായിരുന്നു.

1995 ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തില്‍ 21 കാരിയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രമാണ് ലീഗിനുള്ളതെന്നാണ് വാദം. ഖദീജ മൂത്തേടത്ത് ആയിരുന്നു ഈ വനിതാ പ്രസിഡണ്ട്

എന്നാല്‍ ലീഗ് വാദങ്ങളെ പൊളിക്കുന്ന ചില രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റാകുന്ന സമയത്ത് ഖദീജയുടെ പ്രായം 21 ആയിരുന്നില്ലെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നത്.

കാരണം 2010 ലെ തെരഞ്ഞെടുപ്പില്‍ ഖദീജ മൂന്നാം പ്രാവശ്യവും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സമയത്തെ തദ്ദേശ വകുപ്പിന്റെ രേഖകളില്‍ ഇവരുടെ പ്രായം 39 ആണ്. ഇതുപ്രകാരം 15 വര്‍ഷം മുമ്പ് നടന്ന 1995 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഖദീജയുടെ പ്രായം 24 ആണ്.

ഈ വാദത്തെ പിന്താങ്ങി ’21 വയസ്സുകാരി പഞ്ചായത്ത് പ്രസിഡണ്ട്’ എന്ന തലക്കെട്ടോടെ ഒരു പഴയ പത്രവാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അന്ന് തനിക്ക് 21 വയസല്ലായിരുന്നെന്ന് ഖദീജയും ഡൂള്‍ന്യൂസിനോട് സ്ഥിരീകരിച്ചു. 21 വയസ് കഴിഞ്ഞിരുന്നെന്നും വോട്ടര്‍പട്ടികയിലെ പിശക്  ആകാം കാരണമെന്നും ഖദീജ പറഞ്ഞു

ഖദീജ മൂത്തേടത്തിന്റെ പ്രതികരണം

‘അന്ന് 21 വയസ്സല്ല എനിക്ക് പ്രായം. 21 വയസ്സ് കഴിഞ്ഞിട്ടുണ്ട് അന്നെനിക്ക്. അന്നൊക്കെ വോട്ടര്‍ പട്ടിക പ്രകാരമാണല്ലോ റിപ്പോര്‍ട്ട് കൊടുക്കുക. നമ്മളൊന്നും കൊടുത്തിട്ടില്ല. ആ രേഖ പ്രകാരമാണ് ഈ വയസ്സ് വന്നിട്ടുളളത്. അതില്‍ ചെറിയൊരു വ്യത്യാസമുണ്ട്. 25 വര്‍ഷം മുമ്പത്തെ കഥയല്ലെ. ഇപ്പോള്‍ ആരൊക്കെയോ അതെടുത്ത് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നതാണ്. ഇനി അങ്ങനെ കൊടുക്കണ്ട’, ഖദീജ മൂത്തേടത്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.

ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.

നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

21-വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ പറഞ്ഞു. ബി.എസ്.സി മാത്ത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Age Controversy Of Khadeeja Muthedath