Fact Check; ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള കെ.എസ്.യു നേതാവിന്റെ ചിത്രം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
Fact Check
Fact Check; ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള കെ.എസ്.യു നേതാവിന്റെ ചിത്രം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2020, 2:35 pm

കോട്ടയം: കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിന്‍ മാത്യുവിനെ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സരിത്താക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം.

ഇന്നലെ വിവാഹിതനായ സച്ചിന്‍ മാത്യു വിവാഹ തലേന്ന് തന്റെ വീട്ടില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ ‘ഉമ്മന്‍ ചാണ്ടി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ്‌ക്കൊപ്പം’ എന്ന് പറഞ്ഞ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ സി.പി.ഐ.എം അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

ഇതിനെതിരെ സച്ചിന്‍ മാത്യു തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യന്റെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ തന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മന്‍ചാണ്ടി സാറിനെ പ്രതിയുമായി ചേര്‍ത്തുവെച്ച് അപമാനിക്കുവാന്‍ ആണെങ്കില്‍ അത് സമ്മതിച്ച് തരില്ലെന്ന് സച്ചിന്‍ മാത്യു പറയുന്നു.

”ഇന്നലെ (06.07.2020 തിങ്കളാഴ്ച) എന്റെ ഇടവകപ്പള്ളിയില്‍വച്ച് ഞാന്‍ വിവാഹിതനായി. ഇന്നലെ നാട്ടിലുണ്ടായിരിയ്ക്കില്ല എന്നതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ വിവാഹത്തലേന്ന് (05.07.2020) കുടുംബത്തോടൊപ്പം എന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി. അന്നേ ദിവസം എടുത്ത ഫോട്ടോകള്‍ ഞാന്‍ തന്നെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് അറിഞ്ഞത് സഖാക്കന്മാര്‍ എന്റെ പേര് സരിത്ത് എന്നാക്കി മാറ്റി എന്നത്. മുഖ്യന്റെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ എന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മന്‍ചാണ്ടി സാറിനെ പ്രതിയുമായി ചേര്‍ത്തുവെച്ച് അപമാനിക്കുവാന്‍ ആണെങ്കില്‍ അത് സമ്മതിച്ച് തരില്ല സഖാക്കളേ.

ഏതായാലും എന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ എന്റെ പ്രൊഫൈലില്‍ നിന്ന് ഫോട്ടോ പൊക്കിയ സഖാവിനും നന്ദി. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുവാന്‍ ഏത് വഴിയും സ്വീകരിക്കുന്നവരാണ് നിങ്ങളെന്നു വീണ്ടും തെളിയിച്ചതിന്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോട്ടയം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ നിങ്ങള്‍ ഇനിയും എന്റെ ഫോട്ടോ പ്രചരിപ്പിക്കേണ്ടി വരും. കാരണം ഇതുകൊണ്ടൊന്നും ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ഞാന്‍ തയ്യാറല്ല.

ഞാന്‍ കണ്ട് വളര്‍ന്നത്, പിന്തുടരുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ്. ഒരു മുന്നണി മുഴുവനായി ആ മനുഷ്യന്റെ ചോരയ്ക്കായി നിലവിളിച്ചിട്ടും തളരാത്ത എന്റെ നേതാവ്. അദ്ദേഹത്ത കണ്ട് വളര്‍ന്ന എന്നെ തളര്‍ത്താന്‍ ഇതൊന്നും പോരാതെവരും. നിങ്ങള്‍ നിങ്ങളുടെ നിലവാരം കാണിച്ചുകൊള്ളുക. ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകും. ഏതായാലും ഇതിനെ നിയമപരമായി നേരിടുവാനാണ് തീരുമാനം. ബാക്കി ഇനി കോടതി തീരുമാനിക്കട്ടെ’ എന്നാണ് സച്ചിന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ