ശബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. ‘തൃശൂര്‍ മുതല്‍ ഗുരുവായൂര്‍ വരെ 30 കിലോമീറ്റര്‍ ബസ് ചാര്‍ജ് 25 രൂപ; നിലക്കല്‍ മുതല്‍ പമ്പ വരെ 18 കിലോമീറ്റര്‍ ബസ് ചാര്‍ജ് 100 രൂപ’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്.
പ്രചാരകര്‍
തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബര്‍ ടീമാണ് ഈ പ്രചരണം നടത്തുന്നത്. ഹൈന്ദവരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും ഈ പകല്‍ക്കൊള്ള നടത്തിയിട്ടെങ്കിലും കെ.എസ്.ആര്‍.ടി.സി രക്ഷപ്പെട്ട് കണ്ടാല്‍ മതിയായിരുന്നെന്നും പരിഹാസ രൂപേണ പലരും കമന്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
അന്വേഷണം, വാസ്തവം
ഈ പ്രചരണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രചരണത്തിന് പിന്നില്‍ ഒരു വസ്തുതയുമില്ലെന്നും കെ.എസ്.ആര്‍.ടി.സി. എ.ഡി.ഒ(എക്‌സിക്യൂട്ടിവ് ഡയറക്ടേര്‍സ് ഓഫ് ഓപറേഷന്‍സ്) പ്രദീപ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഫെസ്റ്റിവല്‍ സീസണുകളില്‍ പ്രത്യേകമായ സര്‍വീസുകളിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അധികമായി 30 ശതമാനം നിരക്ക് വര്‍ധിക്കുമെന്നും അത് പ്രകാരമുള്ള വര്‍ധനമാത്രമാണ് ശബരിമലയിലെ സര്‍വീസിലുള്ളതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
തൃശൂര്‍ മുതല്‍ ഗുരുവായൂര്‍ വരെ 30 കിലോമീറ്റര്‍ ബസ് ചാര്‍ജ് 25 രൂപ എന്ന നിരക്ക് തെറ്റാണെന്നും നിലക്കല്‍- പമ്പ ഏരിയയില്‍ യഥാര്‍ത്ഥത്തില്‍ 54 രൂപയാണ് ഈടാക്കേണ്ടതെന്നും എന്നാല്‍ 50 രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും തെറ്റായ ഒരു പോസ്റ്ററാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഏതൊരു സര്‍വീസിനും ഫെയര്‍ ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഫെയര്‍ പ്രൊവിഷന്‍ ഉത്തരവ് പ്രകാരമാണ്. കെ.എസ്.ആര്‍.ടി.സി മാത്രമല്ല സംസ്ഥാനത്തെ സ്വകാര്യ ബസും അതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് തീരുമാനിക്കുന്നത്. പമ്പ- നിലക്കല്‍ റൂട്ട് ആണെങ്കിലും ഗുരുവായൂര്‍- തൃശൂര്‍ റൂട്ട് ആണെങ്കിലും നിരക്കില്‍ യാതൊരു വ്യത്യാസവും വരുന്നില്ല.
എന്നാല്‍ ഫെസ്റ്റിവല്‍ സീസണുകളില്‍ പ്രത്യേകമായ സര്‍വീസുകളിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അധികമായി 30 ശതമാനം നിരക്ക് വര്‍ധിപ്പിക്കാനാകും. കാരണം ഈ സമയത്ത് ഒരു സൈഡിലേക്ക് മാത്രമേ ആളുകള്‍ ഉണ്ടാകുകയുള്ളു. റിട്ടേണ്‍ വരിക കാലിയായിട്ടാകും.
മലനിരകളുള്ള ഏരിയ(ghat area)യിലും ഇത്തരത്തില്‍ 25 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും(മലനിരകളുള്ള പോഷനില്‍ മാത്രമാകും ഈ വര്‍ധന). വയനാട്, പത്തനംതിട്ട, ഇടുക്കി, ശബരിമല തുടങ്ങിയവയാണ് കേരളത്തില്‍ ഈ വിഭാഗത്തിലുള്ളത്.
ഇത് സ്വകാര്യ ബസുകള്‍ക്കും ബാധകമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ നോട്ടിഫിക്കേഷനില്‍ കൃത്യമായി പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സിയും നിരക്ക് ഈടാക്കുന്നത്.
ശബരിമല മണ്ഡലപൂജ കാലത്ത് കെ.എസ്.ആര്‍.ടി.സി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിന് മാത്രമല്ല ഈ വര്‍ധനവ്. ഭീമാ പള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെ.എസ്.ആര്‍ടി.സി നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങിയാണ് സര്‍വീസ് നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.