ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ വ്യാജ പ്രചരണവുമായി ബി.ജെ.പി നേതൃത്വം. കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിക്കിടെ സിദ്ധരാമയ്യ ചെരുപ്പൂരി ശ്രീരാമചിത്രത്തിന്റെ മുഖത്ത് അടിക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു ബി.ജെ.പിക്കാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
ഹിന്ദുക്കളെ അപമാനിക്കാനും ക്രിസ്ത്യാനികളേയും മുസ്‌ലീങ്ങളേയും സന്തോഷിപ്പിക്കാനും വേണ്ടിയാണ് സിദ്ധരാമയ്യയുടെ ഈ നടപടി എന്ന് പറഞ്ഞായിരുന്നു ബി.ജെ.പി പ്രവര്‍ത്തകനായ ദേവേന്ദ്രന്‍ ചൗഹാന്‍ എന്നയാള്‍ പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്തത്. നമോ ഫാന്‍സ് എന്ന അക്കൗണ്ടില്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ സോഷ്യല്‍മീഡിയ പേജിലും ഈ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. രശ്മി ബിപിന്‍ എന്നയാളായിരുന്നു ഇത് ബി.ജെ.പി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. 1500ലേറെ തവണയാണ് ബി.ജെ.പി സോഷ്യല്‍മീഡിയ പേജ് ഈ വാര്‍ത്ത റീഷെയര്‍ ചെയ്തത്.
ശ്രീരാമന്റെ ചിത്രം കൈയില്‍ പിടിച്ച കുറേ ആളുകള്‍ക്ക് നടുവില്‍ സിദ്ധരാമയ്യ നില്‍ക്കുന്നതും ചെരുപ്പെടുത്ത് രാമന്റെ ചിത്രത്തെ അടിക്കുന്നതുമായിരുന്നു ചിത്രത്തില്‍. സമീപത്തായി ഒരു പൊലീസുകാരന്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. തമിഴ്‌നാടാണെന്ന് വ്യക്തമാകുന്ന ചില ബാനറുകളും മറ്റും ഇതിന് സമീപത്തായി കാണാം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോയില്‍ കാണുന്നത് സിദ്ധരാമയ്യയയല്ല. അതൊരു കോണ്‍ഗ്രസ് റാലിയുമല്ല. പെരിയാര്‍ സംഘടനകള്‍ തമിഴ്‌നാട്ടില്‍ നടത്തിയ റാലിയാണ് അത്. ചിത്രം വെച്ച് ഗൂഗിളില്‍ വാര്‍ത്ത തിരയുമ്പോള്‍ “”തമിഴ്‌നാട്ടില്‍ പെരിയാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശ്രീരാമനെതിരെ പ്രതിഷേധം”” എന്ന തലക്കെട്ടില്‍ ഇതേ ചിത്രം കാണാം.
തമിഴ്‌നാട്ടിലെ മയിലാടുതുരൈയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ചിത്രമാണ് ഇത്. പുതുക്കോട്ടെയിലെ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തിന് പിന്നാലെയായിരുന്നു ഈപ്രതിഷേധ പരിപാടി. 2018 മാര്‍ച്ച് 21 ന് രമേഷ് സേതുവെന്നയാള്‍ ഇതിന്റെ വീഡിയോ ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇതേചിത്രം വെച്ച് കേരളത്തിലെ ചിലര്‍ ശ്രീരാമനെ അപമാനിക്കുന്നു എന്ന തലക്കെട്ടിലും ബി.ജെ.പി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.