| Tuesday, 22nd January 2019, 10:44 am

ബാബരി മസ്ജിദ് പൊളിച്ചുകളയാന്‍ ഇ.എം.എസ് ആവശ്യപ്പെട്ടോ? ചാനല്‍ചര്‍ച്ചയില്‍ സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ച അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയ്ക്കു മുമ്പില്‍ വസ്തുതകള്‍ നിരത്തി ഷാനി പ്രഭാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ചുകളയാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടുവെന്ന സംഘപരിവാര്‍ വ്യാജപ്രചരണം ഏറ്റുപിടിച്ച മുസ്‌ലിം ലീഗ് നേതാവ് അബ്ദു റഹ്മാന്‍ രണ്ടത്താണിയെ വസ്തുതകള്‍ നിരത്തി ഖണ്ഡിച്ച് ഷാനി പ്രഭാകരന്‍. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് പരിപാടിയ്ക്കിടെയായിരുന്നു സംഭവം.

“ബാബരി മസ്ജിദ് ആദ്യമായി പൊളിക്കണമെന്നു പറഞ്ഞത്, ലീഗല്ല, സഖാവ് ഇ.എം.എസ് ആണ്. സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ബാബരി മസ്ജിദ് പൊളിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നു പറഞ്ഞത്. ” എന്നായിരുന്നു അബ്ദു റഹ്മാന്‍ രണ്ടത്താണിയുടെ വാദം.

രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ ഒന്നാം പേജില്‍ വന്നവാര്‍ത്തയാണത്. താനത് തെളിയിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രതിനിധി എ.എ റഹീമിനോട് രണ്ടത്താണി ചോദിക്കുകയായിരുന്നു.

എന്നാല്‍ ഈ വാദം സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രചരണമാണെന്ന് അവതാരക ഷാനി വസ്തുതകള്‍ നിരത്തി സമര്‍ത്ഥിക്കുകയായിരുന്നു. “ഇ.എം.എസ് ബാബരി മസ്ജിദ് പൊളിച്ചുകളയണം എന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് താങ്കള്‍ നേരത്തെ പറഞ്ഞു. അതും സംഘപരിവാര്‍ ഗ്രൂപ്പുകളുടെ വാദവും അവരുടെ പ്രചാരണവുമാണെന്ന് വസ്തുതകള്‍ പറയുന്നു. താങ്കള്‍ക്ക് ഉറപ്പുണ്ടോ? ഇ.എം.എസ്. അങ്ങനെ പറഞ്ഞെന്ന്” ചോദിച്ച ഷാനി പരാമര്‍ശത്തിന് തെളിവുണ്ടെന്നു പറഞ്ഞത് എന്താണെന്നും ചോദിച്ചു.

“അതെ, ഒന്ന് ബാബരി മസ്ജിദ് തര്‍ക്ക ഭൂമി പൊളിക്കണമെന്ന് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് പറഞ്ഞുവെന്ന് അന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്തയടക്കം ഞാന്‍ കാണിക്കാം. ” എന്നായിരുന്നു രണ്ടത്താണിയുടെ മറുപടി.

എന്നാല്‍ ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പിറ്റേദിവസം ദേശാഭിമാനിയില്‍ ഇ.എം.എസിന്റെ തിരുത്ത് വന്നിരുന്നെന്നും പ്രസംഗത്തിന്റെ പൂര്‍ണരൂപവും പ്രസിദ്ധീകരിച്ചിരുന്നെന്നും ഷാനി ചൂണ്ടിക്കാട്ടുകയായിരുന്നു. “താങ്കള്‍ പറയുന്നത് 1987 ജനുവരി 14ന് മാതൃഭൂമി ഒന്നാം പേജില്‍ വന്ന വാര്‍ത്തയാണ്. ജനുവരി 15ന് ഇ.എം.എസിന്റെ തന്നെ തിരുത്ത് ദേശാഭിമാനിയില്‍ വന്നിട്ടുണ്ടായിരുന്നു. അങ്ങനെയല്ല പറഞ്ഞതെന്ന്. പ്രസംഗത്തിന്റെ പൂര്‍ണരൂപവും ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. അത് താങ്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോയതാണോ”

“ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലെയുള്ളൊരാളുടെ പ്രസംഗം അങ്ങനെ വന്നുകഴിഞ്ഞാല്‍ ദേശാഭിമാനി തിരുത്തുകയല്ല വേണ്ടത്. കാരണം ദേശാഭിമാനിക്ക് ആ സാഹചര്യത്തില്‍ തിരുത്താം. ദേശാഭിമാനി തിരുത്തുകയല്ല വേണ്ടത്. രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ മുഴുവന്‍ ആ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്തു.” എന്നുപറഞ്ഞാണ് രണ്ടത്താണി ഈ വാദത്തെ പ്രതിരോധിച്ചത്.

എന്നാല്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തുവെന്നത് വസ്തുതാവിരുദ്ധമായ വാദമാണെന്നും ഒരേയൊരു പത്രം മാത്രമാണ് അങ്ങനെ റിപ്പോര്‍ട്ടു ചെയ്തതെന്നും ഷാനി പറഞ്ഞു. തുടര്‍ന്ന് ദേശാഭിമാനിയിലെ ഇ.എം.എസിന്റെ പ്രസംഗം ഉദ്ധരിക്കുകയും ചെയ്തു.

” എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബരി മസ്ജിദ് പ്രശ്‌നവും രാമജന്മഭൂമി പ്രശ്‌നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നു. പള്ളിയും ക്ഷേത്രവും ആ സ്ഥലത്തു പ്രവര്‍ത്തിച്ചുകൂടേ. ഒരുഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം, അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി, എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം അല്ലെങ്കില്‍ അമ്പലം വേണം എന്നതാകും പിന്നീടുള്ള തര്‍ക്കം. പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് സേട്ടും ആര്‍.എസ്.എസും ശ്രമിക്കുന്നത്” എന്നായിരുന്നു പ്രസംഗഭാഗം.

എന്നാല്‍ പള്ളിപൊളിക്കണമെന്നു തന്നെയാണ് ആ വാദത്തിന്റെ ആന്തരിക അര്‍ത്ഥമെന്നും ആ പള്ളി അവിടെ നിലനിര്‍ത്തി മുസ്‌ലീങ്ങള്‍ക്കു വിട്ടുകൊടുക്കണം എന്ന നിലപാടായിരുന്നു ഇ.എം.എസ് സ്വീകരിക്കേണ്ടിയിരുന്നതെന്നും രണ്ടത്താണി അഭിപ്രായപ്പെട്ടു.

“ആ പള്ളി അവിടെ നിലനിര്‍ത്തുന്നതിനു പകരം അതിന്റെ അടിയില്‍ ഒരു ക്ഷേത്രവും മുകളില്‍ പള്ളിയില്‍ നിര്‍മ്മിക്കുക അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രവും അടിയില്‍ പള്ളിയും നിര്‍മ്മിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്, നിലവിലെ കെട്ടിടം പൊളിച്ചുമാറ്റണമെന്നു തന്നെയാണ്. കാരണം ആ കെട്ടിടം പൊളിച്ചുമാറ്റിയല്ലാതെ അതു സാധ്യമല്ല. അല്ലെങ്കില്‍ എങ്ങനെയാണ് നിര്‍മ്മിക്കുക. അത് പള്ളിയായി നിലനിര്‍ത്തിക്കൊണ്ട് മുസ് ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ഇ.എം.എസ് പറഞ്ഞിട്ടില്ല. ആ രീതിയല്ലായിരുന്നു ഇടതുപക്ഷം സ്വീകരിക്കേണ്ടത്. ”

വീഡിയോയില്‍ 25ാം മിനിറ്റുമുതല്‍ 40 മിനിറ്റുവരെയുള്ള ഭാഗം

Latest Stories

We use cookies to give you the best possible experience. Learn more