| Monday, 13th July 2020, 1:34 pm

'പി നള്‍ രക്തഗ്രൂപ്പുള്ള കുട്ടിയ്ക്ക് രക്തം ലഭിച്ചു, സര്‍ജറിയും കഴിഞ്ഞു': സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി നള്‍ എന്ന അപൂര്‍വ്വ രക്തഗ്രൂപ്പ് രക്തം തേടി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം പോസ്റ്റുകള്‍ വന്നത് ആരും മറന്നിട്ടുണ്ടാവില്ല. അനുഷ്‌ക എന്ന അഞ്ചുവയസ്സുകാരിയാണ് ഈ അപൂര്‍വ്വ രക്തഗ്രൂപ്പിന് ഉടമ. കുട്ടിയുടെ ചികിത്സയ്ക്കായാണ് സോഷ്യല്‍ മീഡിയയില്‍ ഈ രക്തഗ്രൂപ്പിനായി പ്രചരണം നടന്നത്.

എന്നാല്‍ ഇതിന് പിന്നാലെ പി നള്‍ രക്തം ലഭിച്ചെന്നും കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞുവെന്ന വാര്‍ത്തയും സമൂഹമാധ്യമങ്ങല്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ അനുഷ്‌കയ്ക്ക് രക്തം വേണ്ടി വന്നില്ലെന്നും കുട്ടി അതിജീവിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലും പ്രചരിച്ചു.

എന്നാല്‍ പി നള്‍ രക്തം ലഭിച്ചയായുള്ള പ്രചരണം വ്യാജമാണെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പി നള്‍ രക്തം ആവശ്യമാണെന്നുമാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ഒരു ഓപ്പറേഷന്‍ നടന്നിരുന്നു. അത് പ്ലാസ്റ്റിക് സര്‍ജറിയായിരുന്നു. എന്നാല്‍ തലയോട്ടിയില്‍ നടത്തേണ്ട പ്രധാന സര്‍ജറിക്കായി രക്തം ആവശ്യമാണെന്നും ഈ രക്തം ലഭിച്ചിട്ടില്ലെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കുട്ടിയ്ക്ക് രക്തം ലഭിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മലപ്പുറം സ്വദേശിയായ സന്തോഷ് നായരുടെ മകള്‍ അഞ്ചുവയസ്സുകാരി അനുഷ്‌കയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇരുപത്തഞ്ചോളം ദിവസം കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന കുട്ടിയെ അമൃത ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ പരിശോധനയിലാണ് കുട്ടിക്ക് പി നള്‍ രക്തം ആവശ്യമായി വന്നത്. അത്യപൂര്‍വ്വമായ ഈ രക്തഗ്രൂപ്പ് ഇന്ത്യയില്‍ രണ്ട് പേരിലും ലോകത്ത് മൊത്തം 43 പേരിലും മാത്രമേയുള്ളുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more