പേരാമ്പ്രയില്‍ പള്ളിയുടെ തൂണില്‍ കല്ലുകൊണ്ടത് ആക്രമണമായി ചിത്രീകരിക്കുന്നത് വാസ്തവവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ ; ആക്രമണം ബോധപൂര്‍വ്വമാണോയെന്ന് പറയാനാവില്ലെന്ന് പള്ളികമ്മിറ്റി
Kerala News
പേരാമ്പ്രയില്‍ പള്ളിയുടെ തൂണില്‍ കല്ലുകൊണ്ടത് ആക്രമണമായി ചിത്രീകരിക്കുന്നത് വാസ്തവവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ ; ആക്രമണം ബോധപൂര്‍വ്വമാണോയെന്ന് പറയാനാവില്ലെന്ന് പള്ളികമ്മിറ്റി
ജിന്‍സി ടി എം
Saturday, 5th January 2019, 12:44 pm

പേരാമ്പ്ര: വ്യാഴാഴ്ചത്തെ ഹര്‍ത്താലിനിടെ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ. പള്ളിയ്ക്കു സമീപത്തുള്ള റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യാദൃശ്ചികമായി പള്ളിയിലേക്ക് കല്ല് കൊണ്ടതാണ് പള്ളി തകര്‍ത്തുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പി.കെ അജീഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

സംഭവത്തെക്കുറിച്ച് അജീഷ് പറയുന്നത് : “ഡി.വൈ.എഫ്.ഐ പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്ന സമയത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം കടന്നു വന്നത്. പിണറായി വിജയനെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രകടനം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ഇടപെട്ട് വടകര റോഡ് ജംഗ്ഷനില്‍ നിന്ന് തിരിച്ച് വിടാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രകടനം കഴിഞ്ഞ് പോകുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് ഉണ്ടാവുന്നു. ആ സമയത്ത് അവിടെ രൂപപ്പെട്ട സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നിര്‍ഭാഗ്യകരമായ ഈ സംഘഷത്തിനിടയില്‍ ലീഗ് ഓഫിസിന് നേരെ കല്ലേറും ഉണ്ടായി. ആസൂത്രിതമായ സംഭവം അല്ല എന്ന കാര്യം അവിടെ ഉണ്ടായ ലീഗ് നേതാക്കള്‍ക്കും നല്ല ബോധ്യമുണ്ട്. ഇരുപക്ഷത്തേയും നേതൃത്വവും പോലീസും ഇടപെട്ട് പ്രകോപിതരായ എല്ലാ പ്രവര്‍ത്തകരേയും മാറ്റിയതുമാണ്. ഈ സന്ദര്‍ഭത്തിനിടയില്‍ ലീഗ് ഓഫീസിന് തൊട്ടടുത്തുള്ള പള്ളിയിലേക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓടിക്കയറിയിട്ടുണ്ട്. ആ സമയത്ത് സംസാരിച്ചപ്പോഴൊന്നും ലീഗ് നേതൃത്വം പള്ളി ആക്രമണ വിഷയം പറഞ്ഞിരുന്നുമില്ല. ഈ സംഭവങ്ങളുടെ തുടക്കമായി മാറിയ കല്ലേറ് ആരംഭിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിട്ടുണ്ട് ആരുടെ ഏറാണ് പള്ളിക്ക് കൊണ്ടത് എന്നും വ്യക്തമല്ല. എന്തായാലും ഡി.വൈ.എഫ്.ഐക്ക് പള്ളി ആക്രമണ ലക്ഷ്യം ഉണ്ടായിരുന്നില്ല.”

Also read:ജാതി പിശാചിന്റെ ആള്‍രൂപമാണ് തന്ത്രി; നാണമുണ്ടെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ജി. സുധാകരന്‍

കല്ലേറില്‍ പള്ളിയുടെ മുമ്പിലുള്ള തൂണിന് ചെറുതായി കേടുപറ്റുകയും മൂന്നുനാല് കല്ലുകള്‍ പള്ളിക്കകത്തേക്ക് വീഴുകയും ചെയ്‌തെന്നാണ് പള്ളി കമ്മിറ്റി പ്രസിഡന്റ് എം.കെ.സി കുട്ട്യാലി ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്. പള്ളിക്കു സമീപമുള്ള മുസ്‌ലിം ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായിരുന്നു. ഇതിനിടയില്‍ പള്ളിയ്ക്കുനേരെയും കല്ലുകള്‍ വീണെന്നാണ് അദ്ദേഹം പറയുന്നത്.

“ആക്രമണം ബോധപൂര്‍വ്വമായിരുന്നോവെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. അവരുടെ മനസില്‍ എന്തായിരുന്നെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ബോധപൂര്‍വ്വമായ ആക്രമണമായാണ് ഞങ്ങളതിനെ കാണുന്നത്. ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അവരുടെ ഭാഗത്തുനിന്നും ഇത്തരമൊരു ആക്രമണം ഉണ്ടാകാന്‍ പാടില്ലായിരുന്നു.” എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഭരണകക്ഷിയായ സി.പി.ഐ.എം ബോധപൂര്‍വ്വം നടത്തിയ ആക്രമണമാണിതെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും പേരാമ്പ്ര സ്വദേശിയുമായ സി.പി അസീസ് ആരോപിക്കുന്നത്.

“ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. രാവിലെ 11 മണിക്ക് സി.പി.ഐ.എം പ്രകടനം നടത്തി. വൈകുന്നേരം ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. അങ്ങനെ ആളുകള്‍ സംഘടിച്ചു. ആ ആളുകളാണ് സംഘടിതമായി വന്ന് ആദ്യം യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തെ അക്രമിച്ചത്. പിന്നീട് ലീഗ് ഓഫീസ് തകര്‍ത്തു. പള്ളി എറിഞ്ഞു നശിപ്പിച്ചു. ബോധപൂര്‍വ്വം തന്നെയാണത്. ” അസീസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ബി.ജെ.പിയെ നേരിടാനുള്ള കെല്‍പ്പ് അവര്‍ക്കില്ല. ആ അരിശം കോണ്‍ഗ്രസുകാരോടും ലീഗുകാരോടും പള്ളിയോടുമൊക്കെ അവര്‍ തീര്‍ത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദ് തകര്‍ത്തുവെന്ന തരത്തിലാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഈ സംഭവം പ്രചരിപ്പിക്കുന്നത്. “രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ബഹുജനങ്ങളെ നിരത്തി അക്രമികളെ തെരുവില്‍ നേരിടും” എന്നാണ് “പള്ളിക്ക് നേരെ ആക്രമണം നടത്തിയ ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റു ചെയ്യണ”മെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.