| Wednesday, 9th January 2019, 3:54 pm

ആലപ്പാട് കരിമണല്‍ ഖനനം: സമരം നീതികരിക്കപ്പെടുന്നത് തന്നെ: ചില വസ്തുതകള്‍

ഹരീഷ് വാസുദേവന്‍

1.ഒരു നാട് പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കടല്‍മണല്‍ ഖനനമാണ് നടക്കുന്നത്. സമരം കുറേ വര്‍ഷങ്ങളായി. ഈയിടെ ചെറുപ്പക്കാര്‍ ഏറ്റെടുത്തു. അതോടെ സോഷ്യല്‍ മീഡിയ ഊര്‍ജ്ജസ്വലമായി.

2. നിയമവിരുദ്ധ ഖനനം നടത്തുന്നത് സ്ഥാപനം പൊതുമേഖലയില്‍ ആണെങ്കിലും സ്വകാര്യ മേഖലയില്‍ ആണെങ്കിലും മനുഷ്യര്‍ക്കും പരിസ്ഥിതിക്കുമുള്ള ആഘാതം ഒന്നാണ്.

3. നിയമവിരുദ്ധ ഖനനത്തിന്റെ സാമ്പത്തികനേട്ടം നേരിട്ട് കിട്ടുന്നവരില്‍ ആലുവയിലെ സ്വകാര്യ കമ്പനിയുമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ കമ്പനിക്കൊപ്പം നിന്ന് കൂറ് കാണിച്ചിട്ടുണ്ട്. അണികള്‍ക്ക് അവരെ ന്യായീകരിക്കേണ്ടി വരും, സ്വാഭാവികം.

4. തീരദേശ പരിപാലന നിയമവും പരിസ്ഥിതി ക്ലിയറന്‍സും നഗ്‌നമായി ലംഘിച്ചാണ് പട്ടാപ്പകല്‍ ഖനനം നടക്കുന്നത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ എല്ലാം മൗനത്തിലാണ്. ആ ഒറ്റക്കാരണത്താല്‍ നിയമപരമായിത്തന്നെ ഈ ഖനനം ആലപ്പാട് നിര്‍ത്തേണ്ടതാണ്.

5. പരിസ്ഥിതികവും മനുഷ്യത്വപരവുമായ കാരണങ്ങളാല്‍ പൊതുമേഖലയില്‍ പോലും ഇവിടെ ഖനനം പാടില്ല എന്ന് പറഞ്ഞാല്‍, സ്വകാര്യ മേഖലയില്‍ നാളെ ഒരുകാരണവശാലും ഖനനം പാടില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഒരു മേഖലയിലും ഖനനം പറ്റില്ല. ആലപ്പാട് പോലല്ല മറ്റു സ്ഥലങ്ങളില്‍. കരയ്ക്ക് വീതിയുള്ള മറ്റു എത്രയോ സ്ഥലങ്ങളില്‍ കരിമണല്‍ ഉണ്ട്. നിരോധനം ആവശ്യപ്പെടുന്നത് ആലപ്പാട് മാത്രമാണ്.

6. കഴിഞ്ഞ ഒന്നര വര്‍ഷമായി എനിക്കീ വിഷയവും സമരവും നേരിട്ടറിയാം. എല്ലാ സര്‍ക്കാര്‍ രേഖകളും കിട്ടിയിട്ടേ, എല്ലാം പഠിച്ചിട്ടേ ഒരു തീരുമാനത്തില്‍ എത്താവൂ എന്നു ശഠിച്ചത് കൊണ്ടാണ് നിയമനടപടി അടക്കം പ്രത്യക്ഷ നടപടികള്‍ ഇത്രയും വൈകിച്ചത്. നീക്കം ഒരു പൊതുമേഖലാ സ്ഥാപനത്തിന് എതിരെ ആയതിനാലും, എല്ലാ പാര്‍ട്ടികളും മിക്ക മാധ്യമങ്ങളും ഇതില്‍ മറുവശത്ത് ആയതിനാലും 100% സത്യം മാത്രം പറഞ്ഞായിരിക്കണം സമരവും നിയമനടപടിയും എന്നു നിര്‍ബന്ധമുള്ളത് കൊണ്ട് അവസാന രേഖകളും സംഘടിപ്പിക്കുന്നത് വരെ മൗനം പാലിച്ചു.

7. ഒരു മുന്‍വിധികളും ഇല്ലാതെ, വെറും വസ്തുതകളിന്മേല്‍ മാത്രം ഈ സമരത്തെ സമീപിച്ചാല്‍, ഒരു നാട് ഇന്ത്യയുടെ മാപ്പില്‍ നിന്ന് ഇല്ലാതാകുന്നത് എത്ര ഗൗരവമുള്ള പ്രശ്‌നമാണ് എന്നു മനസിലാക്കി ഏത് മനുഷ്യരും ഈ സമരത്തെ പിന്തുണയ്ക്കും.

8. ഗ്രൂപ്പ് പോരില്‍ പരസ്പരം തമ്മില്‍ തല്ലുന്ന, പൊതുവേദിയില്‍ കണ്ടാല്‍ പരസ്പരം ചിരിക്കാത്ത കാലത്തുപോലും വി.എസ്സും പിണറായിയും, രമേശ് ചെന്നിത്തലയും കരിമണല്‍ വ്യവസായി കര്‍ത്തായ്ക്ക് വേണ്ടി ഒരുമിച്ചു പൊതുവേദിയില്‍ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അവഗണിക്കാന്‍ ആകാത്ത കോടികള്‍ മറിയുന്നതാണ് ഈ രംഗം. അവിടെയാണ് കക്ഷിരാഷ്ട്രീയം മറന്ന് ഒരുകൂട്ടം നാട്ടുകാര്‍ ഗതികെട്ടു നിരാഹാര സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റൂ. ഖനനമോ വികസനമോ എന്ത് നടക്കണമെങ്കിലും ഭൂപടത്തില്‍ നാട് ബാക്കി വെയ്ക്കണം. എല്ലാം കടലെടുക്കുന്ന ഖനനം സര്‍വ്വനാശമാണ്. ഇതല്ല വികസനം.

അവനവന്‍ ജനിച്ച നാട് ഭൂമുഖത്ത് നിന്നും ഭൂപടത്തില്‍ നിന്നും ഇല്ലാതാകണം, നിങ്ങളുടെ വോട്ടുവാങ്ങി നയിക്കുന്നവര്‍ എല്ലാം നാട് നശിപ്പിക്കുന്നതിനു കൂട്ടു നില്‍ക്കണം, അപ്പോഴേ ആലപ്പാടുകാരുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാകൂ.

ഹരീഷ് വാസുദേവന്‍

Latest Stories

We use cookies to give you the best possible experience. Learn more