ചലചിത്രോത്സവത്തിലും ഫാസിസ്റ്റ് നടപടിയോ?
Movie Day
ചലചിത്രോത്സവത്തിലും ഫാസിസ്റ്റ് നടപടിയോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2012, 2:42 pm

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയായ കൈരളി തിയേറ്റര്‍ കോംപ്ലക്‌സിനുള്ളില്‍  സര്‍വൈലിങ് ക്യാമറ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം.

തിയേറ്ററിനുള്ളില്‍ സര്‍വൈലിങ് ക്യാമറയിലൂടെ സിനിമ കാണുന്നവരേയടക്കം നിരീക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്.[]

ചലച്ചിത്രമേളയിലെ ഫാസിസ്റ്റ് നടപടികള്‍ അവസാനിപ്പിക്കുക, സര്‍വൈലിങ് ക്യാമറകള്‍ എടുത്തുമാറ്റുക, ഓപ്പണ്‍ ഫോറം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൈരളി തിയേറ്ററിന് മുന്നില്‍ പ്രതിഷേധം നടക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നത് വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളാണ്. അതിനെ മനസ്സിലാക്കലാണ് ഓപ്പണ്‍ ഫോറം. ഇത് ഇല്ലാതാക്കിയതിലൂടെ അത്തരത്തിലുള്ള സാസ്‌കാരികഭൂമികയാണ് ഇല്ലാതാക്കിയിരിക്കുന്നതെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി ശശി പ്രകടനം അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

തിയേറ്ററിനകത്തും പുറത്തും ക്യാമറ വെച്ച് സിനിമ കാണാന്‍ വരുന്നവരെ മുഴുവന്‍ ഭീകരവാദികളെ പോലെ നിരീക്ഷിക്കുന്ന ഫാസിസ്റ്റ് രീതി അവസാനിപ്പിക്കണം. ചലചിത്രോത്സവത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു തരത്തില്‍ അടിയന്തരാവസ്ഥ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ചലചിത്ര സംവിധായകനായ ബാബു രാജ്, കെ.പി ശശി, കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.