| Saturday, 1st October 2022, 4:05 pm

പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു, എ.കെ. ആന്റണി അടക്കമുള്ള നേതാക്കള്‍ പിന്തുണച്ചില്ല: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ അവഗണന നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്റെ കാഴ്ച്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേര്‍ത്ത് പാര്‍ട്ടിക്ക് വിധേയനാകാനാകില്ലെന്നും ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.

ആന്റണി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. ഇതിനെ ഞാന്‍ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കള്‍ എന്നോടൊപ്പമുണ്ട്.

പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം വേണം. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ദല്‍ഹിയില്‍ നിന്നാണ്. സോണിയ ഗാന്ധിയുടെ ഒപ്പില്ലെങ്കില്‍ ഒരു ജില്ലാ അധ്യക്ഷനെ നമുക്ക് മാറ്റാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്റെ റോള്‍ എന്താണെന്നും ശശി തരൂര്‍ ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കുറച്ചുകൂടി ശക്തിയും അധികാരവും നല്‍കണമെന്ന് തരൂര്‍ ചൂണ്ടിക്കാണിച്ചു.

താന്‍ യഥാര്‍ത്ഥ നെഹ്റു ലോയലിസ്റ്റാണ്. വളരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ലോയല്‍റ്റിയുടെ പ്രശ്നം എവിടെയാണ് വരുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം പിന്തുണ ഖാര്‍ഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. യുവനിരയാണ് തരൂരിനെ പിന്തുണച്ച് കൂടുതല്‍ രംഗത്തുള്ളത്. ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരന്‍ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കളെ പോലെ ഖാര്‍ഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച കെ.എ. ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയിരുന്നത്. സൂക്ഷമ പരിശോധനയില്‍ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ.എ. ത്രിപാഠി എന്നിവരാണ് പത്രിക സമര്‍പ്പിചിരിക്കുന്നത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും തരൂര്‍ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ ത്രിപാഠിയുടെ പത്രിക തള്ളുകയായിരുന്നു.

ഒപ്പിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഖാര്‍ഗെയും തരൂരും മാത്രമേ മത്സരരംഗത്തുള്ളുവെന്നും നാല് പത്രികകള്‍ തള്ളിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Facing neglect in the congress party; A.K. Antony ignored says Shashi Tharoor

We use cookies to give you the best possible experience. Learn more