ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പു പ്രചരണ പോസ്റ്ററുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ മുഖം അച്ചടിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യം ഭരിക്കുന്നത് ഒരു വനിതാ പ്രധാനമന്ത്രിയായിട്ടുകൂടി, പോസ്റ്ററുകളില്‍ സ്ത്രീകളുടെ ചിത്രം പതിക്കാന്‍ മടിക്കുന്നത്ര യാഥാസ്ഥിതികമാണോ പാക് സമൂഹമെന്നാണ് സ്ത്രീപക്ഷ വാദികള്‍ ഉയര്‍ത്തുന്ന ചോദ്യം.
മെംബര്‍ നാഷനല്‍ അസംബ്ലിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളില്‍ പി.പി. 149ാം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥി മേമുന ഹമീദിന്റെ മുഖമില്ലാത്തതാണ് പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രെഹം ഖാന്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചതോടെയാണ് വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായത്. “എം.എന്‍.എയില്‍ നിന്നും പാര്‍ലമെന്റ് സീറ്റിലേക്കു മത്സരിക്കുന്ന മേമുന ഖാന്റെ മുഖവും പോസ്റ്ററുകളില്‍ കാണാനില്ല. സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും യോജിച്ച പ്രതിനിധികള്‍ തന്നെ ഇവരെല്ലാം” എന്നായിരുന്നു രെഹം ഖാന്റെ ട്വിറ്റര്‍ കുറിപ്പ്.
നേരത്തെയും ഇത്തരം പ്രശ്‌നങ്ങള്‍ പാകിസ്ഥാനിലെ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്ഥാന്‍ തെഹ്‌രീഖ് ഇ ഇന്‍സാഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായ സയേദ സഹ്‌റ ബാസിത് ബൊഖാരിയുടെ പേരിനൊപ്പം സ്വന്തം ചിത്രത്തിനു പകരം ഭര്‍ത്താവിന്റെ ചിത്രം പതിച്ചതും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
സ്ഥാനാര്‍ത്ഥി സയേദ് വിഭാഗത്തില്‍പ്പെട്ടയാളാണെന്നും സയേദ സ്ത്രീകള്‍ സ്വന്തം ചിത്രങ്ങള്‍ പരസ്യപ്പെടുത്താറില്ലെന്നുമായിരുന്നു ബൊഖാരിയുടെ ക്യാംപയിന്‍ മാനേജരുടെ വിശദീകരണം.
ജൂലായ് 25നു നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പതിനെട്ടുവയസ്സിനു മുകളിലുള്ള 10 മില്യനോളം സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട 97 മില്യണ്‍ വോട്ടര്‍മാരില്‍ 43 മില്യണ്‍ മാത്രമാണ് സ്ത്രീകള്‍. നാഷണല്‍ ഡാറ്റാബേസ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വോട്ടു രേഖപ്പെടുത്താന്‍ ആവശ്യമായ കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ രാജ്യത്തെ സ്ത്രീ സമൂഹത്തില്‍ ഭൂരിഭാഗത്തിനുമില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.