പുതുച്ചേരി: ജാതി വിവേചനവും ലിംഗ പക്ഷപാതവും ആരോപിച്ച് പുതുച്ചേരിയിലെ ബി.ജെ.പി-എ.ഐ.എൻ.ആർ.സി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ഏക വനിതാ അംഗം എസ്. ചന്ദിര പ്രിയങ്ക. ഗൂഢാലോചനാ രാഷ്ട്രീയവും പണക്കൊഴുപ്പുമാണ് മന്ത്രിസഭയിൽ നടക്കുന്നതെന്നും അവർ ആരോപിച്ചു.
പ്രിയങ്കയുടെ രാജിയിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി എൻ. രംഗസ്വാമി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ചേമ്പറിലെത്തിയ മാധ്യമപ്രവർത്തകരോട് ‘നിങ്ങളെ ഞാൻ ക്ഷണിച്ചിട്ടില്ല’ എന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
40 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു 2021ൽ ഒരു വനിതാ മന്ത്രി പുതുച്ചേരിയിൽ ഉണ്ടാകുന്നത്. നെടുംകാടിൽ നിന്നുള്ള എം.എൽ.എയാണ് പ്രിയങ്ക. എ.ഐ.എൻ.ആർ.സി സീറ്റിലാണ് പ്രിയങ്ക നെടുംകാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഗതാഗതം, ഭവനം, തൊഴിൽ വകുപ്പുകളായിരുന്നു പ്രിയങ്ക കൈകാര്യം ചെയ്തിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ പ്രിയങ്കയുടെ രാജിക്കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കും ലഭിച്ചിരുന്നു.
മണ്ഡലത്തിലെ ജനകീയത കൊണ്ട് താൻ വിജയിച്ചെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയെ മറികടക്കാനും പണക്കൊഴുപ്പിന്റെ അധികാരത്തോട് പൊരുതാനും തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായി പ്രിയങ്ക കത്തിൽ പറയുന്നു.
നിയമസഭാ സാമാജികയായി മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും പ്രിയങ്ക അറിയിച്ചു. മന്ത്രിസഭയിലെ തന്റെ ഒഴിവിലേക്ക് വണ്ണിയാർ, ദളിത്, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള എം.എൽ.എമാരിലൊരാളെ നിയോഗിക്കണമെന്നും കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.
Content Highlight: Faced Casteism; Puducherry’s Lone Woman Minister Quits Cabinet of BJP alliance